Connect with us

Articles

മുസ്ലിം ലീഗല്ലെന്ന ഒറ്റക്കാരണത്താല്‍!

'മുസ്ലിം ന്യൂനപക്ഷത്തിന്റെ അഭിമാനകരമായ അസ്തിത്വം' കേരളത്തിലെ മുസ്ലിം ലീഗ് സംരക്ഷിക്കുന്നത് എങ്ങനെ എന്ന ചോദ്യത്തിനുള്ള ഉത്തരമായി മാറുന്നുണ്ട് കല്ലാംകുഴിയിലെ കുഞ്ഞുവും ഹംസയും. കല്ലാംകുഴിയിലെ മുസ്ലിം ലീഗ് ക്രിമിനലുകള്‍ നടത്തിയ കൊലയോളം ഭയാനകമായ ഒരു സംഭവം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലില്ല! സമാധാനവും സഹിഷ്ണുതയും മുസ്ലിം ലീഗിന് സമ്മേളന പ്രമേയങ്ങള്‍ മാത്രമാണ്.

Published

|

Last Updated

ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിനാല്‍ 1948 മാര്‍ച്ച് 10ന് മദിരാശിയില്‍ സ്ഥാപിതമായ രാഷ്ട്രീയ പാര്‍ട്ടിയാണ്. മദിരാശി ഇപ്പോള്‍ തമിഴ്നാട്ടിലാണ്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ മണ്ണാണ് തമിഴകം. അവിടെ ഇപ്പോഴും ജീവനോടെയുണ്ട് മുസ്ലിം ലീഗ്. ഇസ്മാഈല്‍ സാഹിബിന്റെ ജ്വലിക്കുന്ന ഓര്‍മകളാണ് ആ പാര്‍ട്ടിയെ തമിഴ്‌നാട്ടില്‍ ജീവനോടെ നിലനിര്‍ത്തുന്ന ഘടകം. തിരഞ്ഞെടുപ്പ് വിജയമോ അധികാരമോ ആയിരുന്നില്ല അദ്ദേഹത്തിന്റെ രാഷ്ട്രീയ മൂലധനം, മറിച്ച് സംശുദ്ധ ജീവിതവും സാമുദായിക പ്രതിബദ്ധതയും ആയിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ തന്റെ സമുദായം വെയിലത്ത് നിര്‍ത്തപ്പെടുന്ന സാഹചര്യം ഉണ്ടാകരുത് എന്ന അദ്ദേഹത്തിന്റെ ഉത്ക്കടമായ ആഗ്രഹത്തിന്റെ സന്തതിയാണ് ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ്. മുസ്ലിംകളുടെ അഭിമാനകരമായ അസ്തിത്വം ഉയര്‍ത്തിപ്പിടിക്കാനാണ് പാര്‍ട്ടി രൂപവത്കരിച്ചതെന്ന് ഇസ്മാഈല്‍ സാഹിബ് പലവുരു പറഞ്ഞിട്ടുണ്ട്. ആ ന്യൂനപക്ഷ രാഷ്ട്രീയ സംഘാടനത്തെ സംശയത്തോടെ കണ്ട, അതാവശ്യമില്ലെന്നു നിലപാടെടുത്തവരില്‍ മുമ്പന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു. സാഹിബിനെ പിന്തിരിപ്പിക്കാന്‍ അന്നത്തെ ഗവര്‍ണര്‍ ജനറല്‍ മൗണ്ട് ബാറ്റണെ തന്നെ കളത്തിലിറക്കിയിരുന്നു. മദിരാശിയിലെ ഗവര്‍ണര്‍ മന്ദിരത്തിലായിരുന്നു മൗണ്ട് ബാറ്റണുമായുള്ള സാഹിബിന്റെ കൂടിക്കാഴ്ച. നെഹ്‌റുവിന്റെ താത്പര്യം അറിയിച്ച ഗവര്‍ണര്‍ ജനറലിനോട് ഇസ്മാഈല്‍ സാഹിബിന്റെ മറുപടി ഇങ്ങനെ: ‘ഒരു ജനാധിപത്യ ഭരണസംവിധാനത്തില്‍ ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ പ്രസ്ഥാനം, അവര്‍ ആഗ്രഹിക്കാത്ത കാലത്തോളം, വേണ്ടെന്നുവെക്കാന്‍ എനിക്കെന്ത് അധികാരം? മുസ്ലിം ന്യൂനപക്ഷം സംഘടിക്കുന്നതും സംഘടിക്കാതിരിക്കുന്നതും അവരുടെ ഇച്ഛയാണല്ലോ. അത് വേണ്ടെന്നു പറയാന്‍ പ്രഭോ, എനിക്കൊരു അധികാരവുമില്ല’ (ഉദ്ധരണി ഇ അഹമ്മദിന്റെ ഞാനറിയുന്ന നേതാക്കള്‍ എന്ന പുസ്തകത്തില്‍ നിന്ന്).

മുസ്ലിം സമുദായത്തിന്റെ അഭിമാനകരമായ അസ്തിത്വം സംരക്ഷിക്കാന്‍ രൂപപ്പെട്ട ഒരു പാര്‍ട്ടിയുടെ ഇന്നത്തെ നടത്തിപ്പധികാരത്തിനു ചുമതലപ്പെട്ടവര്‍ ആവര്‍ത്തിച്ചു വായിക്കേണ്ട ചിലതുണ്ട് ഇസ്മാഈല്‍ സാഹിബിന്റെ ആ മറുപടിയില്‍. ഒന്നാമതായി, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ജനാധിപത്യ സംവിധാനത്തിലാണ്. ജനാധിപത്യം വിയോജനങ്ങളുടെ ശബ്ദമാണ്. നിങ്ങളോട് വിയോജിപ്പുള്ളവരെ കേള്‍ക്കുക, ആ വിയോജിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുക എന്നത് ജനാധിപത്യത്തിലെ പ്രാഥമിക മര്യാദയാണ്. രണ്ടാമതായി, നിങ്ങളുടേത് ഒരു മുസ്ലിം രാഷ്ട്രീയ സംഘാടനമാണ്. മുസ്ലിം എന്നത് വലിയൊരു ഉത്തരവാദിത്വത്തെ കുറിക്കുന്ന സമുദായപ്പേരാണ്. മുസ്ലിമിന്റെ പദോത്പത്തി ഇസ്ലാമില്‍ നിന്നാണ്. സമാധാനമെന്ന് അര്‍ഥപ്പെടുത്താവുന്ന (വേറെയും അര്‍ഥകല്‍പ്പനകള്‍ ആ വാക്കിനുണ്ട്) വാക്കാണ് ഇസ്ലാം. അങ്ങനെയെങ്കില്‍ മുസ്ലിമിനെ സമാധാനകാംക്ഷി എന്നോ സമാധാനവാദി എന്നോ ഭാഷാന്തരപ്പെടുത്താവുന്നതാണ്. സമാധാനം നിഘണ്ടുവിലെ ഒരു വാക്ക് മാത്രമല്ല, മനുഷ്യ ജീവിതത്തെ വെളിച്ചത്തിലേക്ക് വഴിനടത്തുന്ന സംസ്‌കാരവും കൂടിയാണ്.

ഇത്രയും വായിച്ചുകഴിയുമ്പോള്‍ മുസ്ലിം ലീഗിനുള്ള സ്റ്റഡി ക്ലാസ്സായി ഇതിനെ മനസ്സിലാക്കരുത്. അങ്ങനെ ക്ലാസ്സെടുത്ത് ഇപ്പോഴത്തെ ലീഗിനെ നന്നാക്കിക്കളയാം എന്ന വ്യര്‍ഥവിചാരവും ഇല്ല. മുഹമ്മദ് ഇസ്മാഈല്‍ സാഹിബിനെ പോലൊരു സാത്വികന്‍ ഹൃദയ വിശുദ്ധിയോടെ പണിതുവെച്ച വീട്ടിലാണ് ഇപ്പോള്‍ പി എം എ സലാമിനെ പോലുള്ളവര്‍ കുടിപാര്‍ക്കുന്നത് എന്നോര്‍മിപ്പിക്കുക മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ. ഈ ലേഖനമെഴുതാനിരിക്കുമ്പോള്‍ ജിദ്ദയില്‍ നിന്ന് പി എം എ സലാം മാധ്യമങ്ങളോട് സംസാരിച്ചതിന്റെ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ജിദ്ദയിലെ പ്രസ്താവന ആരിലും നടുക്കമോ ഞെട്ടലോ ഉണ്ടാക്കാത്തത് ആ പാര്‍ട്ടിക്കും ആ പദവിയിലിരിക്കുന്നയാള്‍ക്കും അത്ര പരിഗണനയേ സമുദായം നല്‍കുന്നുള്ളൂ എന്നതുകൊണ്ടാകണം. അല്ലായിരുന്നുവെങ്കില്‍ ജനാധിപത്യവാദികള്‍ക്ക് നടുക്കം ഉണ്ടാക്കാവുന്ന ചിലത്, നിശ്ചയമായും അതിലുണ്ട്. പാര്‍ട്ടി മുസ്ലിം ലീഗ് ആയതുകൊണ്ടും പറഞ്ഞത് പി എം എ സലാം ആയതുകൊണ്ടുമാകാം പലരും ആ വഴിക്ക് ശ്രദ്ധിക്കാതിരുന്നത്.

കല്ലാംകുഴിയില്‍ 2013 നവംബര്‍ 20ന് ഒരു കുടുംബത്തിലെ സുന്നി പ്രവര്‍ത്തകരായ രണ്ട് പേരെ, അതും സഹോദരങ്ങളെ പ്രദേശത്തെ മുസ്ലിം ലീഗ് ക്രിമിനലുകള്‍ അതിക്രൂരമായി കൊന്നതിനെ ന്യായീകരിച്ചു കൊണ്ടാണ് പി എം എ സലാം ജിദ്ദയില്‍ സംസാരിച്ചത്. നൂറുദ്ദീനും കുഞ്ഞുഹംസയും കൊല്ലപ്പെട്ടത് സംഘട്ടനത്തിലാണ്, അത് ആസൂത്രിതമല്ല എന്നാണ് അദ്ദേഹം പറയുന്നത്. മുഖത്ത് ഭാവഭേദമില്ലാതെ നുണ പറയാനുള്ള ഈ സിദ്ധി സലാമിന് എവിടെ നിന്നാണാവോ കിട്ടിയത്? ഒരു പ്രശ്നം പരിഹരിക്കാന്‍ വരണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞുഹംസയെ ഫോണില്‍ വിളിച്ചുവരുത്തിയത് മുസ്ലിം ലീഗ് പ്രാദേശിക നേതാവായിരുന്ന അബ്ദുല്ലക്കോയ തങ്ങളായിരുന്നു എന്നത് സലാമിനറിയാമോ? കാത്തുനിന്ന അക്രമികളുടെ മുന്നിലേക്ക് എറിഞ്ഞുകൊടുക്കാനായിരുന്നില്ലേ, കാല് വയ്യാതെ വീട്ടില്‍ വിശ്രമത്തിലായിരുന്ന കുഞ്ഞുഹംസയെ വിളിച്ചുവരുത്തിയത്? നൂറുദ്ദീനെയും ഹംസയെയും ഒരുമിച്ചുകിട്ടാന്‍ വേണ്ടി അക്രമികള്‍ സര്‍വ സന്നാഹങ്ങളുമായി കാത്തിരിക്കുകയായിരുന്നു എന്ന വസ്തുത മറച്ചുവെക്കാന്‍ സലാമിന്റെ ‘സംഘട്ടന സിദ്ധാന്തം’ മതിയാകില്ല. മുപ്പതോളം ക്രിമിനലുകള്‍ ആയുധവുമായി പതിയിരിക്കുന്നു, നിരായുധരായ മൂന്ന് പേരെ വെട്ടി വെട്ടി അരിശം തീര്‍ക്കുന്നു. കൂട്ടത്തിലൊരാള്‍ വെട്ടേറ്റതിനെ തുടര്‍ന്ന് അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയത് കൊണ്ട് രക്ഷപ്പെട്ടു. മറ്റു രണ്ട് പേരെ കൈയില്‍ കരുതിയ എല്ലാ ആയുധങ്ങളും ഉപയോഗിച്ച് ക്രൂരമായി കൊല്ലുന്നു. ഇതാണ് ആ ദിവസം അവിടെ സംഭവിച്ചത്. ‘ഇരകള്‍’ ഓടി രക്ഷപ്പെടാതിരിക്കാന്‍ ആദ്യം കാലുകള്‍ വെട്ടിയെടുത്തു. പിന്നീട് തുടരെത്തുടരെ വെട്ടായിരുന്നു. കുഞ്ഞുഹംസയുടെ ശരീരത്തില്‍ 36 വെട്ടുകള്‍, നൂറുദ്ദീന്റെ ശരീരത്തില്‍ 27 വെട്ടുകള്‍. പ്രിയപ്പെട്ടവര്‍ക്ക് അവസാനമായി ഒരു നോക്കുകാണാന്‍ ആ മുഖമെങ്കിലും വികൃതമാക്കാതെ ബാക്കിവെക്കാനുള്ള അലിവുണ്ടായില്ല അക്രമികള്‍ക്ക്. ‘മുസ്ലിം ന്യൂനപക്ഷത്തിന്റെ അഭിമാനകരമായ അസ്തിത്വം’ കേരളത്തിലെ മുസ്ലിം ലീഗ് സംരക്ഷിക്കുന്നത് എങ്ങനെ എന്ന ചോദ്യത്തിനുള്ള ഉത്തരമായി മാറുന്നുണ്ട് കല്ലാംകുഴിയിലെ കുഞ്ഞുവും ഹംസയും. കാലുകള്‍ വെട്ടിമാറ്റിയും കണ്ണുകള്‍ ചൂഴ്ന്നെടുത്തും കല്ല് കൊണ്ട് ഇടിച്ചിടിച്ച് മുഖം വികൃതമാക്കിയും ഒടുവില്‍ മൃതപ്രായരായ മനുഷ്യരുടെ വായിലേക്ക് മൂത്രമൊഴിച്ചും കല്ലാംകുഴിയിലെ മുസ്ലിം ലീഗ് ക്രിമിനലുകള്‍ നടത്തിയ കൊലയോളം ഭയാനകമായ ഒരു സംഭവം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലില്ല! എന്നിട്ടും അടങ്ങിയോ ഇവരുടെ ക്രോധം? ഏതെങ്കിലും നിലക്ക് ഇവര്‍ രക്ഷപ്പെട്ടുകൂടാ എന്ന നിര്‍ബന്ധബുദ്ധിയോടെ, ആരെയും അടുപ്പിക്കാതെ, വെട്ടിയിട്ട രണ്ട് മനുഷ്യര്‍ക്ക് ചുറ്റിലും നിന്ന് മരണമുറപ്പിക്കുന്ന ക്രൗര്യം എന്തുതരം രാഷ്ട്രീയ പ്രവര്‍ത്തനമാണ്? നിരായുധരായ രണ്ട് പേരെ ‘കെണിവെച്ചുപിടിച്ച്’ വെട്ടിക്കൊല്ലുന്നതില്‍ എവിടെയാണ് മിസ്റ്റര്‍ സംഘട്ടന സാധ്യത?

അനന്തരം പ്രതികള്‍ക്ക് എന്ത് സംഭവിച്ചു? അവരിലൊരാളെയും മുസ്ലിം ലീഗ് നേതൃത്വം തള്ളിപ്പറഞ്ഞില്ല. രണ്ട് മനുഷ്യരുടെ ജീവനെടുത്തതില്‍ തെല്ലും പശ്ചാത്താപമില്ലാതെ അവര്‍ വീണ്ടും ലീഗുകാരായി ജീവിച്ചു. മണ്ണാര്‍ക്കാട് എം എല്‍ എ അഡ്വ. ശംസുദ്ദീന്റെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് പ്രതികളെ സംരക്ഷിക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങി. അതിനായി പണമൊഴുക്കി, അധികാരം ദുര്‍വിനിയോഗിച്ചു. മുസ്ലിം ലീഗ് പ്രതികള്‍ക്കുവേണ്ടി കേസ് നടത്തി. പി എം എ സലാം ജിദ്ദയില്‍ അത് പറഞ്ഞിട്ടുണ്ട്. കൊലയാളികളെയും അത് ആസൂത്രണം ചെയ്തവരെയും ലീഗ് സ്വന്തം ചിറകിനുള്ളില്‍ ഒളിപ്പിച്ചു. കണ്ണൂര്‍ കൊലകളുടെ പേരില്‍ സി പി എമ്മിനെ സമാധാനം പഠിപ്പിക്കാന്‍ ഇറങ്ങുന്ന ഒരൊറ്റ ലീഗ് നേതാവും കല്ലാംകുഴിയിലെ ചോരയില്‍ തങ്ങള്‍ക്ക് പങ്കില്ല എന്ന് പറഞ്ഞില്ല. പകരം അവരെന്തു ചെയ്തു? തങ്ങള്‍ കൊന്നുതള്ളിയവരെ കുറിച്ച് വീണ്ടും വീണ്ടും അപവാദം പറഞ്ഞുനടന്നു.

ഒരു വഴിക്ക് പ്രതികളെ രക്ഷിക്കാനിറങ്ങിയവര്‍ തന്നെ ഹംസയും നൂറുദ്ദീനും കൊല്ലപ്പെട്ടത് കുടുംബവഴക്കിലാണ് എന്ന് പ്രചരിപ്പിച്ച് പാര്‍ട്ടിക്ക് ബന്ധമില്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു. പ്രതികള്‍ ശിക്ഷിക്കപ്പെട്ട ശേഷവും അതേ നുണ ആവര്‍ത്തിക്കുന്നുണ്ട് ലീഗ് കേന്ദ്രങ്ങള്‍. നിങ്ങള്‍ പാലക്കാട് ജില്ലാ ജുഡീഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതിയുടെ ആ വിധിപ്രസ്താവം ഒന്നെടുത്തുവായിക്കൂ എന്നേ അവരോട് പറയാനുള്ളൂ. എന്തുകൊണ്ട് ശത്രുത, എന്തിന് കൊന്നു എന്നൊക്കെ അതിലുണ്ട്, വ്യക്തമായിത്തന്നെ. അതില്‍ കുടുംബവഴക്ക് സിദ്ധാന്തമൊന്നും കട്ടിക്കണ്ണട വെച്ച് പരതിയാലും കാണാനാകില്ല!

കല്ലാംകുഴിയില്‍ രാഷ്ട്രീയ മേല്‍ക്കൈ മുസ്ലിം ലീഗിനാണ്. കുഞ്ഞുഹംസയും നൂറുദ്ദീനും സുന്നി പ്രവര്‍ത്തകരായിരുന്നു. അവര്‍ മുസ്ലിം ലീഗിന്റെ രാഷ്ട്രീയ മേല്‍ക്കോയ്മ അംഗീകരിച്ചിരുന്നില്ല എന്ന് മാത്രമല്ല, നൂറുദ്ദീന്‍ രാഷ്ട്രീയമായി ഇടതു ചായ്്വ് പുലര്‍ത്തുകയും ചെയ്തു. ‘പാര്‍ട്ടി ഗ്രാമ’ത്തില്‍ തങ്ങള്‍ക്ക് വഴിപ്പെടാത്ത ഒരു വടവൃക്ഷവും വളരേണ്ട എന്ന തീര്‍പ്പില്‍ നിന്നാണ് കുഞ്ഞുവിനെയും ഹംസയെയും കൊല്ലാനുള്ള ആസൂത്രണത്തിലേക്ക് മുസ്ലിം ലീഗ് പ്രവേശിക്കുന്നത്. പൊതുപള്ളിക്കുള്ളില്‍ നടന്ന ലീഗനുകൂല സംഘടനയുടെ പിരിവിനെതിരെ കുഞ്ഞുഹംസ പ്രതികരിച്ചു എന്നത് ആ ആസൂത്രണത്തെ വേഗപ്പെടുത്തി. നാട്ടിലെ ലീഗല്ലാത്തവര്‍ക്കെല്ലാം സ്വീകാര്യരും പൊതുകാര്യ പ്രസക്തരും സര്‍വോപരി നല്ല മനുഷ്യ സ്നേഹികളുമായിരുന്നു കൊല്ലപ്പെട്ട ഹംസയും നൂറുദ്ദീനും. അവരെ ഇല്ലാതാക്കുന്നതിലൂടെ പാര്‍ട്ടിയുടെ പ്രാദേശിക മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ കഴിയുമെന്ന് ലീഗ് ക്രിമിനലുകള്‍ കണക്ക് കൂട്ടി. അതിനുവേണ്ടി പദ്ധതി തയ്യാറാക്കി. ആളും ആയുധവുമൊരുക്കി. 2013 നവംബര്‍ 20ന് അണികള്‍ ഒത്തുചേര്‍ന്ന് പാര്‍ട്ടിക്കോടതിയുടെ ശിക്ഷ നടപ്പാക്കി. ആ കേസില്‍ ഇപ്പോള്‍ 25 മുസ്ലിം ലീഗുകാര്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. ഇരട്ട ജീവപര്യന്തമാണ് ശിക്ഷ. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പാര്‍ട്ടിക്ക് വേണ്ടി പി എം എ സലാം അറിയിച്ചിട്ടുണ്ട്. നിങ്ങള്‍ ആരെ വേണേലും കൊന്നോളൂ, കൂടെ പാര്‍ട്ടിയുണ്ടാകും എന്നാണ് ആ അറിയിപ്പിന്റെ പൊരുള്‍.

ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടത് കൊലയില്‍ നേരിട്ട് പങ്കെടുത്ത 25 പേരാണ്. മണ്ണാര്‍ക്കാട് എം എല്‍ എ അഡ്വ. എന്‍ ശംസുദ്ദീനെ പ്രതിചേര്‍ത്തു കൊണ്ട് ഈ സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കാന്‍ കൂടി സര്‍ക്കാര്‍ തയ്യാറാകണം. 2016നു മുമ്പും പള്ളത്ത് കുടുംബത്തിലെ സഹോദരങ്ങള്‍ക്കു നേരേ വധശ്രമം ഉണ്ടായിട്ടുണ്ട്. ആ സംഭവത്തിലെ ഗൂഢാലോചനക്കാരും പിടിക്കപ്പെട്ടിട്ടില്ല. രണ്ട് സംഭവത്തിലെയും ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിലൂടെ മാത്രമേ മുസ്ലിം ലീഗിന്റെ ചോരക്കൊതിക്ക് അവസാനമാകൂ.

കല്ലാംകുഴിയിലേത് മുസ്ലിം ലീഗിന്റെ ആദ്യത്തെ കൊലയല്ല. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന സുന്നി പ്രസ്ഥാനത്തിന്റെ ഭാഗമായതിന്റെ പേരില്‍ മുസ്ലിം ലീഗ് കൊന്നുകളഞ്ഞ സുന്നി പ്രവര്‍ത്തകര്‍ വേറെയുമുണ്ട്. ആ സംഭവങ്ങളിലൊന്നും പ്രതികളെ തള്ളിപ്പറയുന്ന നിലപാടായിരുന്നില്ല പാര്‍ട്ടിയുടേത്. സമാധാനവും സഹിഷ്ണുതയും മുസ്ലിം ലീഗിന് സമ്മേളന പ്രമേയങ്ങള്‍ മാത്രമാണ്.

സമുദായം=മുസ്ലിം ലീഗ് എന്ന തിട്ടൂരത്തിനു കീഴെ ഒപ്പിടാന്‍ തയ്യാറാകാത്തതിന് സുന്നി പ്രസ്ഥാന നേതാക്കളെയും പ്രവര്‍ത്തകരെയും കായികമായി നേരിടുകയും കൈയറപ്പില്ലാതെ കൊലപ്പെടുത്തുകയും ചെയ്ത ഹിംസയുടെ പൂര്‍വകാലം മായ്ച്ചുകളയാനെങ്കിലും കല്ലാംകുഴിയില്‍ നീതിബോധത്തോടെ മുസ്ലിം ലീഗ് നിലപാടെടുക്കുമെന്ന പ്രതീക്ഷയെക്കൂടിയാണ് പി എം എ സലാം ഒരൊറ്റ വാര്‍ത്താസമ്മേളനത്തിലൂടെ ഇല്ലാതാക്കിയത്. എങ്കിലും കല്ലാംകുഴിയിലെ കൊലയാളികള്‍ ആരാണ് എന്ന്, അവരെ സംരക്ഷിച്ചത് ആരാണ് എന്ന് തുറന്നുപറഞ്ഞ സംസ്ഥാന ജനറല്‍ സെക്രട്ടറിയെ നീതിബോധമുള്ള മനുഷ്യര്‍ക്ക് മാനിക്കാതിരിക്കാനാകില്ല!

 

Latest