Connect with us

Editorial

ട്രെയിനിലെ ഭക്ഷണം; റെയില്‍വേ വീണ്ടും പ്രതിരോധത്തില്‍

ട്രെയിനുകളിലെ അടിസ്ഥാന സൗകര്യങ്ങളില്‍ വന്‍പുരോഗതി വന്നെങ്കിലും ഭക്ഷണത്തിന്റെ കാര്യത്തില്‍ മാറ്റം ഉണ്ടാകുന്നില്ല. മെനു മാറിയതു കൊണ്ട് മാത്രമായില്ല, ഗുണനിലവാരം മെച്ചപ്പെടേണ്ടതുണ്ട്.

Published

|

Last Updated

ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ട്രെയിനുകളില്‍ ഭക്ഷണം വിതരണം ചെയ്യുന്നതെന്ന പരാതി നേരത്തേയുണ്ട്. അതിനെ സാധൂകരിക്കുന്നതാണ് യാത്രക്കാര്‍ ആഹാരം കഴിച്ച് ഉപേക്ഷിച്ച പ്ലാസ്റ്റിക് കണ്ടെയ്നറുകള്‍ കാറ്ററിംഗ് ജീവനക്കാര്‍ കഴുകിയെടുക്കുന്ന വീഡിയോ ദൃശ്യം. അമൃത് ഭാരത് എക്സ്പ്രസ്സിലെ വാഷ്ബേസിനില്‍ വെച്ച് കാറ്ററിംഗ് വെണ്ടര്‍മാര്‍ പാത്രങ്ങള്‍ കഴുകുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ റെയില്‍വേ പ്രതിക്കൂട്ടിലായിരിക്കുകയാണ്. ട്രെയിനിലെ ഒരു യാത്രക്കാരനാണ് രംഗം മൊബൈലില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. പഴകിയ ഭക്ഷണം വിതരണം ചെയ്യുന്നു എന്നതുള്‍പ്പെടെ ട്രെയിനിലെ ഭക്ഷണത്തിനെതിരെ പരാതി വ്യാപകമായ സാഹചര്യത്തില്‍ ഈ വീഡിയോ യാത്രക്കാരില്‍ കടുത്ത ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഭക്ഷണത്തിന്റെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതില്‍ റെയില്‍വേ പുലര്‍ത്തുന്ന അനാസ്ഥയിലേക്കാണ് സംഭവം വിരല്‍ ചൂണ്ടുന്നതെന്ന് പാസ്സഞ്ചര്‍ അസ്സോസിയേഷനുകള്‍ ആരോപിക്കുന്നു.

അതേസമയം, വൃത്തിയോടെയും ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുമാണ് ട്രെയിനില്‍ ഭക്ഷണം വിതരണം ചെയ്യുന്നതെന്നും ആക്രി കച്ചവടക്കാര്‍ക്ക് വില്‍ക്കാനാണ് അമൃത് ഭാരത് എക്സ്പ്രസ്സിലെ കാറ്ററിംഗ് വെണ്ടര്‍മാര്‍, ഉപയോഗിച്ച പാത്രങ്ങള്‍ കഴുകി വൃത്തിയാക്കിയതെന്നുമാണ് ഐ ആര്‍ സി ടി സി (ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍) യുടെ വിശദീകരണം. വീഡിയോ ദൃശ്യം ഒറ്റപ്പെട്ട സംഭവമാണ്. ഉത്തരവാദപ്പെട്ടവരുടെ അനുമതി ഇല്ലാതെയാണ് കാറ്ററിംഗ് ജീവനക്കാരുടെ പ്രവൃത്തി. ഇതേക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് ഐ ആര്‍ സി ടി സി വൃത്തങ്ങള്‍ അറിയിച്ചു.

ഇതിന്റെ സത്യാവസ്ഥ എന്തായാലും ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണങ്ങളുടെ ഗുണനിലവാരത്തെ സംബന്ധിച്ച പരാതികള്‍ വര്‍ധിച്ചു വരികയാണ്. 2023 ഏപ്രിലിനും 2024 ഫെബ്രുവരിക്കുമിടയില്‍ മോശം ഭക്ഷണത്തിന്റെ പേരില്‍ 6,948 പരാതികള്‍ ലഭിച്ചതായി വിവരാവകാശ പ്രകാരം നല്‍കിയ മറുപടിയില്‍ ഐ ആര്‍ സി ടി സി വ്യക്തമാക്കുകയുണ്ടായി. അതേസമയം മുന്‍ വര്‍ഷം 1,192 പരാതികളാണ് ലഭിച്ചിരുന്നത്. ഒരു വര്‍ഷത്തിനകം അഞ്ചിരട്ടി വര്‍ധനവാണ് പരാതികളിലുണ്ടായത്. സ്റ്റേഷനുകള്‍ക്ക് പുറത്തുവെച്ച് ഭക്ഷണം പാകം ചെയ്ത് ട്രെയിനുകളില്‍ എത്തിക്കുന്ന രീതിയാണ് കരാറെടുത്ത മിക്ക കമ്പനികളും സ്ഥാപനങ്ങളും സ്വീകരിച്ചു വരുന്നത്. പാകം ചെയ്ത് ഏറെ സമയം കഴിഞ്ഞാണ് ഭക്ഷണം യാത്രക്കാരുടെ കൈകളില്‍ എത്തുന്നത്. ഭക്ഷണത്തിന്റെ ഗുണനിലവാരം കുറയാന്‍ ഇതിടയാക്കുന്നു. ഭക്ഷണങ്ങള്‍ മൂടിവെക്കാതെയും കൈയുറ ധരിക്കാതെയുമാണ് വിതരണം ചെയ്യുന്നതെന്ന പരാതിയുണ്ട്. ഒരുതവണ ട്രെയിനുകളില്‍ നിന്ന് ഭക്ഷണം വാങ്ങിയവര്‍ അടുത്ത തവണ ഇതൊഴിവാക്കി ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. ട്രെയിനുകളിലെ അടിസ്ഥാന സൗകര്യങ്ങളില്‍ വന്‍പുരോഗതി വന്നെങ്കിലും ഭക്ഷണത്തിന്റെ കാര്യത്തില്‍ മാറ്റം ഉണ്ടാകുന്നില്ല. മെനു മാറിയതു കൊണ്ട് മാത്രമായില്ല, ഗുണനിലവാരം മെച്ചപ്പെടേണ്ടതുണ്ട്.

കഴിഞ്ഞ മേയില്‍ ദക്ഷിണ റെയില്‍വേ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ കേരളത്തില്‍ നിന്നുള്ള എം പിമാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. വന്ദേഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകളില്‍ നിലവാരമില്ലാത്ത ആഹാര സാധനങ്ങള്‍ വിതരണം ചെയ്ത കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് എം പിമാര്‍ ആവശ്യപ്പെടുകയുണ്ടായി. മോശം ഭക്ഷണം വിതരണം ചെയ്തതിന് കരാര്‍ കമ്പനിക്ക് പിഴ ചുമത്തിയ കാര്യം റെയില്‍വേ അധികൃതര്‍ ചൂണ്ടിക്കാണിച്ചെങ്കിലും കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു എം പിമാര്‍. ട്രെയിനുകളിലേക്ക് ഭക്ഷണം തയ്യാറാക്കുന്ന കൊച്ചി കടവന്ത്രയിലെ കാറ്ററിംഗ് സ്ഥാപനത്തില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്ത സാഹചര്യത്തിലാണ് എം പിമാര്‍ ട്രെയിനിലെ ഭക്ഷണത്തിന്റെ നിലവാരക്കുറവിനെതിരെ പ്രതികരിച്ചത്.

നേരത്തേ ഐ ആര്‍ സി ടി സി നേരിട്ടായിരുന്നു ട്രെയിനുകളില്‍ ഭക്ഷണ വിതരണം നടത്തിയിരുന്നത്. അന്ന് ഭക്ഷണത്തിന്റെ നിലവാരക്കുറവിനെ സംബന്ധിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഡല്‍ഹി ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയത്. അതോടെ പരാതി വര്‍ധിക്കുകയാണുണ്ടായത്. കമ്പനിക്ക് പല ശാഖകളുമുള്ളതിനാല്‍, ഒരു ശാഖക്കെതിരെ നടപടി വന്നാലും അധികൃതരുടെ ഒത്താശയോടെ ഇതേ കമ്പനിയുടെ മറ്റൊരു ശാഖ രംഗത്ത് വരും. പരിശോധനക്ക് ചുമതലപ്പെട്ട റെയില്‍വേ ഉദ്യോഗസ്ഥരുടെ പരിശോധന നാമമാത്രമായി പരിമിതപ്പെടുകയും ചെയ്തു.

റെയില്‍വേയുടെ ഗുണമേന്മ ട്രെയിനിന്റെ വേഗതയിലും സൗകര്യത്തിലും മാത്രമല്ല, യാത്രക്കാര്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണമേന്മയിലും രുചിയിലും കൂടിയാണ്. അവിടെയും വെളിപ്പെടേണ്ടതുണ്ട് പൊതുസേവനത്തിന്റെ സത്യസന്ധതയും ഉത്തരവാദിത്വവും. യാത്രയുടെ ചെലവ് വര്‍ധിക്കുമ്പോള്‍ അതിനനുസൃതമായി സേവനത്തിന്റെ നിലവാരവും ഉയരേണ്ടതുണ്ട്. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പിക്കാനും ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പാലിച്ചാണ് തയ്യാറാക്കുന്നതെന്ന് ഉറപ്പ് വരുത്തുന്നതിനും പരിശോധന കര്‍ശനമാക്കുക, ഓണ്‍ലൈന്‍ പരാതി സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുക തുടങ്ങിയവയാണ് പരിഹാരം. കൃത്യവിലോപം ബോധ്യപ്പെട്ട കമ്പനികള്‍ക്ക് പിഴ വിധിക്കുകയാണ് നിലവിലുള്ള പരമാവധി ശിക്ഷ. ഇത്തരം കമ്പനികളെ ഒഴിവാക്കി മറ്റു സ്ഥാപനങ്ങള്‍ക്ക് കരാര്‍ നല്‍കേണ്ടതാണ്. കേരളത്തില്‍ ഭക്ഷണ വിതരണത്തിന് കുടുംബശ്രീ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. വന്‍കിട കമ്പനിക്കാരുടെ സ്വാധീനത്താലായിരിക്കണം അവര്‍ പുറന്തള്ളപ്പെട്ടത്.

 

Latest