Connect with us

National

ബഹളത്തെ തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും ഉച്ചയ്ക്ക് 2 മണി വരെ പിരിഞ്ഞു

അദാനി സ്റ്റോക്ക് വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ (ജെപിസി) അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ മുദ്രാവാക്യം വിളിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| ലോക്സഭയിലും രാജ്യസഭയിലും നടപടികള്‍ ആരംഭിച്ച് മിനിറ്റുകള്‍ക്കകം അദാനി സ്റ്റോക്ക് വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ (ജെപിസി) അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് ഇരുസഭകളും ഉച്ചയ്ക്ക് 2 വരെ നിര്‍ത്തിവച്ചു.

ലോക്സഭയില്‍ ഹിന്‍ഡന്‍ബര്‍ഗ്-അദാനി തര്‍ക്കത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ പോഡിയത്തിന് സമീപം എത്തി. ബ്രിട്ടനില്‍ നടത്തിയ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യവും ബിജെപി അംഗങ്ങള്‍ ഉന്നയിച്ചു.

എന്നാല്‍ ബിജെപി നേതാക്കളുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ രാഹുല്‍ ഗാന്ധിയെ അനുവദിക്കണമെന്ന മുദ്രാവാക്യം വിളിച്ചതിന് പിന്നാലെ പ്രതിപക്ഷ അംഗങ്ങളുടെ ഓഡിയോ മ്യൂട്ട് ചെയ്‌തെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സഭാ നടപടികളുടെ 20 മിനിറ്റോളം ഓഡിയോ ഉണ്ടായിരുന്നില്ലെന്നാണ് ഇവരുടെ വാദം. പക്ഷേ സാങ്കേതിക തകരാര്‍ മൂലമാണ് ഓഡിയോ മ്യൂട്ട് ചെയ്തതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

രാജ്യസഭയിലും വലിയ ബഹളത്തെ തുടര്‍ന്ന സഭ ഈ ദിവസം പിരിഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളിലും അദാനി വിഷയത്തിലും ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ പരസ്പരം പാര്‍ലമെന്റിന് പുറത്ത് ആക്രോശം തുടര്‍ന്നു.

 

 

 

 

Latest