Connect with us

local body election 2025

അങ്ങാടിപ്പുറത്ത് കൊണ്ടും കൊടുത്തും മുന്നണികളുടെ അഞ്ച് വർഷം

യു ഡി എഫിനാണ് ഇവിടെ ഭരണം

Published

|

Last Updated

​അങ്ങാടിപ്പുറം | കഴിഞ്ഞ മൂന്ന് തവണ മുന്നണികൾ മാറിമാറി അധികാരത്തിലേറിയതാണ് അങ്ങാടിപ്പുറം പഞ്ചായത്തിന്റെ പാരമ്പര്യം. ജനസംഖ്യയിൽ ഏറെ മുമ്പിൽ നിൽക്കുന്ന ഗ്രാമപഞ്ചായത്ത്. ക്ഷേത്രങ്ങളും പ്രശസ്തമായ തിരുമാന്ധാംകുന്ന് പൂരവും സവിശേഷതകളാണ്. യു ഡി എഫിനാണ് ഇവിടെ ഭരണം. 2015 മുതൽ 2020 വരെ എൽ ഡി എഫും 2010 മുതൽ 2015 വരെ യു ഡി എഫും ഭരിച്ചു. 2010 മുതൽ പഞ്ചായത്തുകൾ വിഭജിക്കാൻ ഒരുക്കം നടന്നെങ്കിലും കഴിഞ്ഞില്ല.

കെ സഈദ അധ്യക്ഷയായ ഭരണസമിതി കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ നടപ്പാക്കിയ നേട്ടങ്ങളാണ് യു ഡി എഫ് ചൂണ്ടിക്കാട്ടുന്നത്. ഏറെക്കാലമായി ജനങ്ങൾ ആഗ്രഹിച്ചിരുന്ന ബഡ്‌സ് സ്കൂൾ യാഥാർഥ്യമാക്കിയതും നഗരത്തിലെ ഗതാഗതക്കുരുക്കിന് ശമനം വരുത്തി വലിയവീട്ടിൽപടി ബൈപാസ് നിർമിച്ചതും പഞ്ചായത്തിന്റെ നേട്ടമാണ്. മാലിന്യ പ്രശ്‌നം കീറാമുട്ടിയായ ഇവിടെ

അവസാന ഒരു വർഷം പരാതികളില്ലാത്ത വിധം പരിഹാരമുണ്ടാക്കി.
​ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സർക്കാർ സ്ഥലം മാറ്റുകയും പഞ്ചായത്ത് ഓഫീസ് പ്രവർത്തനം പ്രതിസന്ധിയിലാകുകയും ചെയ്തത് പലപ്പോഴും വാർത്തകളിൽ ഇടം നേടി. ഡി പി സി അംഗീകാരം ലഭിച്ച കോടികളുടെ പദ്ധതികൾ നഷ്ടപ്പെട്ടതും ഇതിന്റെ ഭാഗമാണ്. അസി. എൻജിനീയറുടെ കസേര ഒഴിഞ്ഞ് കിടന്നതും ക്ലറിക്കൽ ജീവനക്കാരെ നിയമിക്കാത്തതും ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കി. ഇതുകാരണം കെട്ടിട നിർമാണ പെർമിറ്റിനടക്കം വ്യക്തിഗത ആവശ്യങ്ങൾക്ക് ജനങ്ങൾ പലവട്ടം പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങി. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി സർക്കാർ പകരം നിയമിക്കാതെ ജനങ്ങളോട് പകപോക്കുകയാണെന്നായിരുന്നു ഇതിന് യു ഡി എഫ് വിശദീകരണം.

അതേസമയം ഉദ്യോഗസ്ഥർ എന്തു കൊണ്ട് ഇവിടെ നിൽക്കാൻ കൂട്ടാക്കുന്നില്ലെന്ന ചോദ്യമാണ് സി പി എം ഉയർത്തിയത്. അതിനിടയിൽ വാർഷിക വിഹിതം ചെലവഴിച്ച് ബില്ല് നൽകാൻ സാവകാശം ലഭിക്കാതെ ഫണ്ട് നഷ്ടമായ സംഭവങ്ങളും ഉണ്ടായി.

എടുത്തുപറയാവുന്ന നേട്ടങ്ങളില്ലാതെയാണ് അങ്ങാടിപ്പുറത്ത് ഭരണസമിതി അഞ്ചുവർഷം പൂർത്തിയാക്കുന്നതെന്നാണ് എൽ ഡി എഫ് പ്രചാരണം. ഭരണസമിതിയുടെ പിടിപ്പുകേടാണ് കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു. ഇടതുപക്ഷം പലവട്ടം പഞ്ചായത്ത് ഓഫീസ് മാർച്ചു സമരപരിപാടികളും നടത്തി. ഇവക്കെല്ലാം കാരണം സംസ്ഥാന സർക്കാറാണെന്ന് ചൂണ്ടിക്കാട്ടി യു ഡി എഫും സമര രംഗത്തായിരുന്നു.

​കൊണ്ടും കൊടുത്തും കഴിഞ്ഞുപോയ അഞ്ചുവർഷത്തെ പഞ്ചായത്ത് ഭരണമാണ് തിരഞ്ഞെടുപ്പിൽ വിലയിരുത്തുന്നത്. ഭരണസമിതിയുടെ അവസാന കാലത്ത് സി പിഎമ്മിന്റെ ഒമ്പതിൽ രണ്ട് അംഗങ്ങൾ പാർട്ടിയിൽ നിന്ന് രാജിവെച്ചതും അതിന് ഉയർത്തിയ കാരണങ്ങളും യു ഡി എഫ് പ്രചാരണ വിഷയമാക്കുന്നുണ്ട്.​ പ്രസിഡന്റ് പദം ജനറലാണ്. ബഹളമയമില്ലാത്ത പ്രചാരണശേഷം ആര് ഭരണം നേടുമെന്നത് കാത്തിരുന്നു കാണണം. 24 വാർഡുകളിൽ എട്ടിടത്താണ് കോൺഗ്രസ്സ് മത്സരിക്കുന്നത്. 14 വാർഡിൽ മുസ്്ലിം ലീഗ്, രണ്ടു വാർഡിൽ യു ഡി എഫ് പിന്തുണയിൽ വെൽഫെയർ പാർട്ടി എന്നിങ്ങനെയാണ് യു ഡി എഫ് മത്സരം. സി പി എം സ്വതന്ത്രരായി ആറുപേരും 18 പേർ പാർട്ടി ചിഹ്നത്തിലും ജനവിധി തേടുന്നു. 17 വാർഡുകളിൽ ബി ജെ പിയും മൂന്നിടത്ത് എസ് ഡി പിഐയും മത്സരത്തിനുണ്ട്.

​നിലവിലെ കക്ഷിനില: ആകെ സീറ്റ് – 23, സി പി എം – ഒമ്പത്, മുസ്‌ലിം ലീഗ് – 11, കോൺഗ്രസ്സ് – ഒന്ന്, വെൽഫെയർ പാർട്ടി – ഒന്ന്, ​ബി ജെ പി – ഒന്ന്.

Latest