Health
ഹിമാചലില്‍ എച്ച് 3 എന്‍ 2 ന്റെ ആദ്യ കേസ് കണ്ടെത്തി
കടുത്ത ചുമ, ജലദോഷം, പനി എന്നിവയുടെ ചികിത്സയ്ക്കായി ശനിയാഴ്ച തണ്ട മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്ന 10 ആഴ്ച പ്രായമുള്ള പെണ്‍കുഞ്ഞിനാണ് രോഗബാധ സ്ഥിരീകരിച്ചത്

ഷിംല| ഹിമാചല്‍ പ്രദേശിലെ കാന്‍ഗ്രയില്‍ ഡെറ സബ് ഡിവിഷനില്‍ നിന്നുള്ള രണ്ടര മാസം പ്രായമായ പെണ്‍കുഞ്ഞിന് എച്ച് 3 എന്‍ 2 സ്ഥിരീകരിച്ചു. പെണ്‍കുഞ്ഞ് താണ്ട മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഹിമാചല്‍ പ്രദേശിലെ കാന്‍ഗ്ര ജില്ലയില്‍ എച്ച് 3 എന്‍ 2 വൈറസിന്റെ ആദ്യ കേസാണിത് .
കടുത്ത ചുമ, ജലദോഷം, പനി എന്നിവയുടെ ചികിത്സയ്ക്കായി ശനിയാഴ്ച തണ്ട മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്ന 10 ആഴ്ച പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് സംശയത്തെ തുടര്‍ന്ന് പരിശോധനക്ക് വിധേയയാക്കിയത്.
ഇന്‍ഫ്‌ലുവന്‍സ എ ബി സി ഡി എന്നീ നാല് വ്യത്യസ്ത തരങ്ങള്‍ മൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ അണുബാധയാണ് സീസണല്‍ ഇന്‍ഫ്‌ലുവന്‍സ. ഇതിൽ ഇന്‍ഫ്‌ലുവന്‍സ എ ആണ് മനുഷ്യര്‍ക്ക് രോഗമുണ്ടാക്കുന്ന രോഗകാരി. ആഗോളതലത്തില്‍, വര്‍ഷത്തിലെ ചില മാസങ്ങളില്‍ ഇന്‍ഫ്‌ലുവന്‍സ കേസുകള്‍ വര്‍ദ്ധിക്കുന്നതായി കാണപ്പെടുന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, സീസണല്‍ ഇന്‍ഫ്‌ലുവന്‍സ മൂലമുണ്ടാകുന്ന കേസുകള്‍ മാര്‍ച്ച് അവസാനം മുതല്‍ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.മിക്ക കേസുകളിലും, ചുമ, ജലദോഷം, ശരീരവേദന, പനി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് രോഗം വരുന്നത്. അണുബാധ ഭേദമാക്കാന്‍ ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്ന മരുന്നായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഒസെല്‍റ്റാമിവിര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. .