Connect with us

National

ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ആകാശത്ത് സഞ്ചരിക്കുന്ന തീഗോളം; ആശങ്കയിൽ ജനങ്ങൾ

നഗരത്തിലെ വെളിച്ചത്തെ മറികടക്കും വിധം തിളക്കമുള്ളതായിരുന്നു ഈ പ്രകാശമെന്ന് കണ്ടവർ പറയുന്നു.

Published

|

Last Updated

ന്യൂഡൽഹി | ശനിയാഴ്ച പുലർച്ചെ ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ആകാശത്ത് സഞ്ചരിക്കുന്ന തീഗോളം കണ്ടത് ജനങ്ങളിൽ ആശങ്കക്കിടയാക്കി. ഏതാനും നിമിഷങ്ങൾ മാത്രം നീണ്ടുനിന്ന ഈ കാഴ്ച, പലരും അവരുടെ മൊബൈൽ ഫോണുകളിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. നഗരത്തിലെ വെളിച്ചത്തെ മറികടക്കും വിധം തിളക്കമുള്ളതായിരുന്നു ഈ പ്രകാശമെന്ന് കണ്ടവർ പറയുന്നു. അതുകൊണ്ടുതന്നെ ഇത് ഉൽക്കാവർഷമാണോ, ബഹിരാകാശ അവശിഷ്ടങ്ങളാണോ അതോ മറ്റെന്തെങ്കിലും ആണോ എന്ന ചർച്ചകൾ സജീവമായി.

ഇതൊരു ‘ബോലൈഡ്’ (bolide) ആകാനാണ് സാധ്യതയെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശക്തമായ ഘർഷണം കാരണം ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ച് കഷണങ്ങളായി ചിതറിത്തെറിക്കുന്ന ഒരുതരം ഉൽക്കയാണ് ബോലൈഡ്. സെപ്റ്റംബർ മാസത്തിൽ ചെറിയ ഉൽക്കാവർഷങ്ങൾ സാധാരണമാണെങ്കിലും, ഇത്തരത്തിലുള്ള ഒറ്റപ്പെട്ട തീഗോളങ്ങൾ മുൻകൂട്ടി പ്രവചിക്കാൻ കഴിയില്ലെന്ന് അമേരിക്കൻ മീറ്റിയോർ സൊസൈറ്റി അറിയിച്ചു.

ഡൽഹി, നോയിഡ, ഗസിയാബാദ്, ഗുഡ്ഗാവ്, അലിഗഡ് തുടങ്ങി നിരവധി നഗരങ്ങളിൽ ഇത് ദൃശ്യമായിരുന്നു. താൽക്കാലികമായി മാത്രം കണ്ട ഈ കാഴ്ച പലർക്കും മറക്കാനാവാത്ത അനുഭവമായി. “ഇത് ഏതാനും നിമിഷങ്ങൾ മാത്രമേ നീണ്ടുനിന്നുള്ളൂ. ഇങ്ങനെയൊന്ന് ഞാൻ മുൻപ് കണ്ടിട്ടില്ല” – ഒരു ദൃക്സാക്ഷി പറഞ്ഞു.

ശനിയാഴ്ചത്തെ ഈ തീഗോളത്തിന്റെ ഉറവിടം ഇപ്പോഴും വ്യക്തമല്ല. ഇത്തരം സംഭവങ്ങൾ, അത് ഉൽക്കകളോ ബഹിരാകാശ അവശിഷ്ടങ്ങളോ ആകട്ടെ, അസാധാരണമല്ലെന്ന് ജ്യോതിശാസ്ത്രജ്ഞർ പറയുന്നു. എന്നിരുന്നാലും, ഒരു വലിയ നഗരത്തിന് മുകളിൽ ഇത് പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നത് ആകാംഷയും അത്ഭുതവും സൃഷ്ടിക്കും. അലിഗഢിലും സമാനമായ തീഗോളം കണ്ടതായി റിപ്പോർട്ടുകളുണ്ട്.

---- facebook comment plugin here -----

Latest