Kerala
ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം: ഞായറാഴ്ചയും പ്രവര്‍ത്തിച്ച് സര്‍ക്കാര്‍ ഓഫീസുകള്‍; അഭിനന്ദനവുമായി മുഖ്യമന്ത്രി
സെക്രട്ടറിയേറ്റ്, വിവിധ നഗരസഭാ കാര്യാലയങ്ങള്‍, പ്രധാന വകുപ്പ് ആസ്ഥാനങ്ങള്‍ സ്ഥിതി ചെയ്യുന്ന വികാസ് ഭവന്‍, പബ്ലിക് ഓഫീസ് കോംപ്ലക്‌സുകള്‍, മറ്റ് ഡയറക്ടറേറ്റുകള്‍,കളക്ടറേറ്റുകള്‍, ജില്ലാ ഓഫീസുകള്‍, റവന്യു ഓഫീസുകള്‍, പഞ്ചായത്ത് ഓഫീസുകള്‍ തുടങ്ങിയ വിവിധ സ്ഥാപനങ്ങളിലെല്ലാം തന്നെ അവധി ദിനമായ ഇന്ന് ജീവനക്കാരും ഉന്നതോദ്യോഗസ്ഥരുമെത്തിയിരുന്നു.

തിരുവനന്തപുരം | സര്‍ക്കാറിന്റെ ഊര്‍ജിത ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന് പിന്തുണയര്‍പ്പിച്ച് സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ഞായറാഴ്ച ജീവനക്കാര്‍ ജോലിക്കെത്തി. ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മാസത്തില്‍ ഒരു അവധി ദിവസം പ്രവൃത്തി ദിനമാക്കി മാറ്റി ഓഫീസിലെത്തി സഹകരിക്കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന ശിരസാവഹിച്ചാണ് അവധി ദിനമായ ഇന്ന് ഉദ്യോഗസ്ഥര്‍ ജോലിക്കെത്തിയത്. അവധി ദിനം പ്രവൃത്തിദിനമാക്കിയ ജീവനക്കാരെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
സെക്രട്ടറിയേറ്റ്, വിവിധ നഗരസഭാ കാര്യാലയങ്ങള്‍, പ്രധാന വകുപ്പ് ആസ്ഥാനങ്ങള്‍ സ്ഥിതി ചെയ്യുന്ന വികാസ് ഭവന്‍, പബ്ലിക് ഓഫീസ് കോംപ്ലക്‌സുകള്‍, മറ്റ് ഡയറക്ടറേറ്റുകള്‍,കളക്ടറേറ്റുകള്‍, ജില്ലാ ഓഫീസുകള്‍, റവന്യു ഓഫീസുകള്‍, പഞ്ചായത്ത് ഓഫീസുകള്‍ തുടങ്ങിയ വിവിധ സ്ഥാപനങ്ങളിലെല്ലാം തന്നെ അവധി ദിനമായ ഇന്ന് ജീവനക്കാരും ഉന്നതോദ്യോഗസ്ഥരുമെത്തിയിരുന്നു. ഞായറാഴ്ചയായിരുന്നതിനാല്‍ യാത്രാസൗകര്യം കുറവായിരുന്നിട്ടും സാധാരണ പ്രവര്‍ത്തി ദിവസം പോലെ ജീവനക്കാര്‍ ഓഫീസുകളില്‍ രാവിലെ തന്നെ എത്തിച്ചേര്‍ന്നു.
ജനങ്ങളുമായും ജീവനക്കാരുമായും ബന്ധപ്പെട്ട് കുടിശ്ശികയായി കിടന്ന ഫയലുകള്‍ ഇന്ന് തീര്‍പ്പാക്കാന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ഈ വലിയ ഉദ്യമം ഏറ്റെടുത്തു വിജയിപ്പിക്കാന്‍ അവധി ദിവസമായ ഇന്നത്തെ ഞായറാഴ്ച മുന്നിട്ടിറങ്ങിയ മുഴുവന്‍ ജീവനക്കാര്‍ക്കും ഉന്നതോദ്യോഗസ്ഥര്‍ക്കും അദ്ദേഹം അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.
സര്‍ക്കാര്‍ ഓഫീസുകളില്‍ പരിഹരിക്കപ്പെടാതെ കിടക്കുന്ന ഫയലുകള്‍ അടിയന്തിരമായി തീര്‍പ്പാക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി 2022 ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 30 വരെ ഫയല്‍ കുടിശ്ശിക തീര്‍പ്പാക്കല്‍ തീവ്രയജ്ഞം നടന്നുവരികയാണ്. കേരളമൊട്ടാകെയുള്ള വിവിധ സര്‍ക്കാര്‍ ജീവനക്കാര്‍ ഇതിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ്.