Kerala
പെറ്റി കേസുകളില്‍ ഈടാക്കിയ പിഴത്തുകയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തു; വനിതാ പോലീസ് ഓഫീസര്‍ അറസ്റ്റില്‍
ഗതാഗത നിയമലംഘനത്തിന് പിഴത്തുകയായി മൂവാറ്റുപുഴ പോലീസ് പിരിച്ചെടുത്ത തുകയില്‍നിന്ന് ബേങ്ക് രേഖകളില്‍ കൃത്രിമം കാണിച്ച് 20.8 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കണ്ടെത്തല്‍

കൊച്ചി | ട്രാഫിക് പെറ്റി കേസുകളില്‍ ഈടാക്കിയ പിഴത്തുകയില്‍ ക്രമക്കേട് നടത്തിയതിന് സസ്‌പെന്‍ഷനിലായ വനിതാ സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍ ശാന്തി കൃഷ്ണനെ അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കിടങ്ങൂരിലെ ബന്ധുവീട്ടില്‍നിന്ന് തിങ്കളാഴ്ച രാത്രി വൈകിയാണ് ഇവര്‍ അറസ്റ്റിലാകുന്നത്.
ശാന്തി കൃഷ്ണനെ കോട്ടയം വിജിലന്‍സ് കോടതി സെപ്റ്റംബര്‍ എട്ടു വരെ റിമാന്‍ഡ് ചെയ്തു.
കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും പ്രതി എത്താത്തതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. വഞ്ചന, വ്യാജ രേഖയുണ്ടാക്കി പണം തട്ടല്‍, സര്‍ക്കാര്‍ രേഖകള്‍ തിരുത്തല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു നിരക്കാത്ത പ്രവൃത്തികള്‍ ചെയ്യല്‍, അഴിമതി നിരോധന നിയമം തുടങ്ങി വിവിധ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥ നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസാകയാല്‍ വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
2018 ജനുവരി ഒന്നുമുതല്‍ 2022 ഡിസംബര്‍ 31 വരെ ഗതാഗത നിയമലംഘനത്തിന് പിഴത്തുകയായി മൂവാറ്റുപുഴ പോലീസ് പിരിച്ചെടുത്ത തുകയില്‍നിന്ന് ബേങ്ക് രേഖകളില്‍ കൃത്രിമം കാണിച്ച് 20.8 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കണ്ടെത്തല്‍. ബേങ്കിലടയ്‌ക്കേണ്ട തുക അടയ്ക്കാതെ ട്രഷറി രസീതുകളും (ടിആര്‍ രസീത്), വൗച്ചറുകളും തിരുത്തിയും മായ്ച്ചുമാണ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.