കെയ്‌റോ ഡയറി
മഖ്‌റഅഃകളുടെ വിശേഷങ്ങൾ
മസ്ജിദ് ഹുസൈനോട് ചേർന്ന് പ്രമുഖരുടെ വിജ്ഞാന സദസ്സുകളും സജീവമാണ്.
ദർറാസയിൽ താമസിക്കാനവസരം ലഭിച്ചത് വലിയ സൗഭാഗ്യമായി തോന്നുകയാണ്. ഇത് ജാമിഉൽ അസ്ഹറിനോട് ചേർന്ന സ്ഥലമാണ് എന്നതിന് പുറമെ ദിവസവും തിരുനബി (സ) യുടെ പേരമകനായ ഇമാം ഹുസൈൻ (റ) തങ്ങളെ സിയാറത്ത് ചെയ്യാനുള്ള അവസരം കൂടിയാണ് കൈവന്നിരിക്കുന്നത്. എ ഡി 680 ഒക്ടോബർ 10 (ഹിജ്‌റ 61 മുഹർറം 10) ഇറാഖിലെ കർബലയിൽ, ഉമവി ഭരണാധിപനായിരുന്ന യസീദിന്റെ, കൂഫ സൈന്യാധിപനായിരുന്ന ഉബൈദുല്ല ബിൻ സിയാദിന്റെ നേതൃത്വത്തിൽ നടത്തിയ കൂട്ടക്കുരുതിയിലാണ് ഹുസൈൻ(റ) ശഹീദായത്. ഇസ്്ലാമിക ചരിത്രത്തിലെ കറുത്ത അദ്ധ്യായമായിരുന്നു അത്. കർബലയിലെ പോരാട്ടത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും ജ്വലിക്കുന്ന ഓർമകളുടെ പ്രതീകമായി തലയുയർത്തി നിൽക്കുകയാണ് കൈറോയിലെ മസ്ജിദ് ഹുസൈൻ. ഫാത്വിമി ഭരണകാലത്ത് നിർമിക്കപ്പെട്ട ഈ പള്ളിയിലാണ് ഇമാം ഹുസൈൻ (റ)ന്റെ റഅ്‌സു ശരീഫ് (തിരുശിരസ്സ്) മറവ് ചെയ്തിരിക്കുന്നതെന്നാണ് ചരിത്രം.
സുബ്ഹി നിസ്‌കാരത്തോടെ ആരംഭിക്കുന്ന സിയാറത്തിനായി, ദിനംപ്രതി അനേകായിരം വിശ്വാസികളാണ് ആ പുണ്യസന്നിധിയിലെത്തുന്നത്. ഹുസൈൻ തങ്ങളോടുള്ള ആദരവും സ്നേഹവും കാരണം, പള്ളിയുടെ പരിസരമാകെ വ്യത്യസ്ത സമയങ്ങളിലായി സാഹകൾ (ഭക്ഷണ വിതരണ കേന്ദ്രങ്ങൾ) സജീവമാകും. സുബ്ഹി നിസ്‌കാരശേഷം പള്ളിയുടെ പുറത്തുനിന്ന് വിതരണം ചെയ്യുന്ന ഐഷും (ഈജിപ്തിലെ പ്രത്യേകതരം റൊട്ടി) ഫലാഫലും, ഫൂലും കഴിച്ചാണ് ഞങ്ങളുടെ ഓരോ ദിവസവും ആരംഭിക്കുന്നത്. ഇപ്പോൾ, തിരുശിരസ്സ് ഈജിപ്തിലേക്ക് കൊണ്ടുവന്നതിന്റെ വാർഷികാഘോഷം നടക്കുകയാണിവിടെ. മൂന്ന് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പരിപാടിയുടെ സമാപന രാത്രി “ലൈലത്തുൽ കബീറ’ എന്നാണറിയപ്പെടുന്നത്.
തെരുവീഥിയിൽ നല്ല ജനത്തിരക്കാണ്. നമ്മുടെ നാട്ടിൽ വലിയ ഉറൂസുകൾ നടക്കുന്ന പ്രതീതി. എവിടെയും വിജ്ഞാന സദസ്സുകൾ, വ്യത്യസ്ത സൂഫി ട്രൂപ്പുകൾ അവതരിപ്പിക്കുന്ന നശീദകളുടെ ശ്രവണ മനോഹരമായ ശബ്ദവീചികൾ, ചരിത്രാവിഷ്‌കാരത്തിന്റെയും പ്രകീർത്തന ഗീതങ്ങളുടെയും ജൽസകൾ, വിവിധയിനം വിഭവങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്ന സാഹകൾ, തെരുവുകച്ചവടക്കാരുടെ ശബ്ദാരവങ്ങൾ, ഇതെല്ലാം ആസ്വദിക്കാനെത്തിയ ആബാലവൃദ്ധം ജനങ്ങൾ, എല്ലാം വിസ്മയം നിറഞ്ഞ കാഴ്ചകളാണ് സമ്മാനിക്കുന്നത്.
മസ്ജിദ് ഹുസൈനോട് ചേർന്ന് പ്രമുഖരുടെ വിജ്ഞാന സദസ്സുകളും സജീവമാണ്. സയ്യിദ് ഹബീബ് അലി ജിഫ്രി, ഈജിപ്തിലെ ശാഫിഈ പണ്ഡിതരിൽ പ്രമുഖനായ ശൈഖ് അബ്ദുൽ അസീസ് അശ്ശഹാവി തുടങ്ങി നിരവധി ശൈഖുമാരുടെ ജൽസകൾ ഇവിടെയുണ്ട്. അവരുടെ ശിഷ്യന്മാരായി ഒട്ടേറെ പഠിതാക്കളും അവരോടൊപ്പമുണ്ട്.
കൂടാതെ, വിശുദ്ധ ഖുർആനിന്റെ വ്യത്യസ്ത പാരായണങ്ങൾ പഠിക്കാനും മനഃപാഠമാക്കിയത് ആവർത്തിച്ചുറപ്പിക്കാനുമുള്ള കേന്ദ്രങ്ങളായ “മഖ്‌റഅഃ’കളും ഇവിടെ ധാരാളമായി കാണാം. അറബ് ലോകത്തെ ഉന്നത സ്ഥാനീയരായ മഹത്തുക്കളിൽ നിന്നും നേരിട്ട് സനദുകൾ സ്വീകരിച്ച ശൈഖുമാരാണ് ഇത്തരം പഠന കേന്ദ്രങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഈ പണ്ഡിതരുടെ ശിഷ്യത്വം സ്വീകരിക്കാനാണ് നാട്ടിൽ നിന്നും ഹാഫിളീങ്ങൾ പ്രധാനമായും ഈജിപ്തിലേക്കെത്തുന്നത്. എന്റെ യാത്രാലക്ഷ്യവും അതുതന്നെയായിരുന്നു. ഈജിപ്തിൽ ഇതിനുള്ള അവസരങ്ങൾ വളരെ വ്യാപകമാണ്. പഠന കേന്ദ്രങ്ങൾക്ക് ശൈഖുമാരുടെ പേര് കൂട്ടി മഖ്‌റഅഃ എന്ന് പ്രയോഗിക്കലാണ് പതിവ്. മസ്ജിദ് ഹുസൈനിന്റെ തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ നാലാം നിലയിലാണ് ശൈഖ് നബീലിന്റെ മഖ്‌റഅഃ. ഞാനവിടെയാണ് പഠിക്കുന്നത്. റൂമിൽനിന്ന് ഏകദേശം ഒന്നര കിലോമീറ്റർ ദൂരമുണ്ടാകും.
രാവിലെ ഒമ്പതര മുതൽ ളുഹ്ർ വരെയാണ് ക്ലാസ്സ്. ഒരു റൂമിന്റെ ഉള്ളിൽ മൂന്ന് ചെറിയ മുറികൾ. രണ്ടെണ്ണം ക്ലാസ്സ് റൂമുകളും ഒന്ന് ഓഫീസുമാണ്. നമ്മുടെ നാട്ടിലെ ചില റസ്റ്റോറന്റുകളിൽ കണ്ടുപരിചയിച്ച മജ്‌ലിസ് പോലെ ചുമരിനോട് ചേർന്ന് തറയിലുള്ള സോഫ, ഇരിക്കാൻ സംവിധാനിച്ചിട്ടുണ്ട്. ക്ലാസ്സിലേക്ക് കയറിയാൽ വലതു ഭാഗത്ത് ശൈഖ് നബീൽ ഇരിക്കുന്നുണ്ടാകും. കാഴ്ചയിൽ അറുപതിലധികം വയസ്സ് പ്രായം തോന്നും. എല്ലാവരെയും പുഞ്ചിരിയോടെ സ്വീകരിക്കുന്ന, പത്ത് വ്യത്യസ്ത പാരായണങ്ങളിൽ (അശറ ഖിറാഅത്) ആഴത്തിലുള്ള അറിവും പ്രഗത്ഭരിൽ നിന്ന് ഒട്ടേറെ സനദുകൾ സ്വീകരിച്ചതുമായ പണ്ഡിതൻ.! ശൈഖിന്റെ അടുത്ത് ചെന്ന് സലാം പറഞ്ഞ ശേഷം അവിടെ ഇരുന്ന് ഓതാൻ ആരംഭിക്കും. ഒരു ക്ലാസ്സിൽ തന്നെ വ്യത്യസ്ത ഖിറാഅതുകൾ പഠിക്കുന്നവരുണ്ട്. പുതിയതായി വന്നയാൾ ആദ്യം ഹഫ്‌സും ശുഉബും (ആസിം (റ) വിന്റെ ഖിറാഅത്തിലുള്ള രണ്ട് റാവിമാരാണ് ഹഫ്‌സ്, ശുഉബ്) ആണ് ഓതേണ്ടത്. ഒറ്റ ഇരുത്തത്തിൽ ഒരു റുബുഅ് (രണ്ടര പേജ്) അല്ലെങ്കിൽ രണ്ട് റുബുഅ് മാത്രമേ ഓതാൻ സാധിക്കൂ. അങ്ങനെ പലതവണയായി ഓതാം. ഒരു ദിവസം ശരാശരി ഒന്നര ജുസ്അ് വരെ ഓതാനാകും.
ശൈഖിന്റെ അടുക്കൽ എല്ലാ ദിവസവും റുബുആണ് ഓതേണ്ടത്. ബാക്കി നമ്മുടെ താത്പര്യമനുസരിച്ച് ശൈഖ് നിർദേശിക്കുന്ന ശിഷ്യന്മാരുടെയടുത്ത് ഓതിക്കൊടുക്കാം. പല രാജ്യക്കാരടങ്ങുന്ന നീണ്ട ശിഷ്യ പരമ്പര തന്നെ ശൈഖ് നബീലിനുണ്ട്. പ്രത്യേകിച്ചും ഇന്തോനേഷ്യയിലെ സുഹൃത്തുക്കളാണ് ഏറെയും ക്ലാസ്സിലുള്ളത്. അശറ ഖിറാഅത്ത് പൂർത്തീകരിച്ചവരാണ് മിക്കവരും.
സംസാരത്തിന് ഭാഷ ഒരു തടസ്സമാണെങ്കിലും നമ്മൾ ഓതുന്ന ഭാഗത്തുള്ള സംശയങ്ങളും മറ്റുമെല്ലാം അറബി ഭാഷയിൽ കൃത്യമായി പറഞ്ഞ് തരുന്നതിലും മനസ്സിലാക്കിത്തരുന്നതിലും അവർക്ക് നല്ല കഴിവുണ്ട്. ഇന്തോനേഷ്യൻ വിദ്യാർഥികളിൽ വലിയൊരു പക്ഷം ഖുർആൻ പഠനത്തിൽ മിടുക്കരാണ്. പല രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഓൺലൈൻ വഴിയും ശൈഖിന്റെയടുത്ത് നിന്നും ഖുർആൻ പഠിക്കുന്നുണ്ട്. കേവലം പാരായണം മാത്രമല്ല; പാരായണ നിയമങ്ങളുടെ വലിയ കിതാബുകൾ ഓതിപ്പഠിക്കുന്നവരും അവർക്കിടയിലുണ്ട്.
ശൈഖ് ഫൗസി, ശൈഖ് അഹ്മദ്, ശൈഖ് മഗ്രിബ് എന്നിങ്ങനെയുള്ള മഖ്‌റഅഃകളിലാണ് കൂടുതൽ മലയാളി വിദ്യാർഥികളും പഠിച്ചു കൊണ്ടിരിക്കുന്നത്.
അസ്ഹറിന്റെ ഓഫ് ക്യാമ്പസായി പ്രവർത്തിക്കുന്ന മർകസുത്തത്വ്്വീറിലും ആഴ്ചയിൽ മൂന്ന് ദിവസം ഖുർആൻ പഠിക്കാനും ആവർത്തിക്കാനും അവസരമുണ്ട്. ഖുർആൻ മനഃപാഠമാക്കുന്നത് നിർബന്ധം പോലെയാണ് ദുക്തൂർമാർക്ക്. അത്രമേൽ അവർ ഖുർആൻ മനഃപാഠമാക്കുന്നതിനെ പ്രോത്സാഹിപ്പിക്കാറുണ്ട്. “കുല്ലുൻ മജ്ജാനൻ’ അഥവാ എല്ലാം സൗജന്യമാണ് നിങ്ങൾ ടെൻഷനില്ലാതെ പഠിക്കൂ.! എന്നൊക്കെ പറഞ്ഞുകൊണ്ടാണ് ദുക്തൂർമാർ നമ്മെ പ്രചോദിപ്പിക്കാറുള്ളത്.

