Connect with us

fashion gold model in kannur

ഫാഷൻ ഗോൾഡ് മോഡൽ ജ്വല്ലറി തട്ടിപ്പ് കണ്ണൂരിലും; രണ്ട് കോടിയോളം തട്ടിയെടുത്ത ലീഗ് നേതാവിനെതിരെ പരാതി

തട്ടിപ്പിനിരയായത് അന്പതോളം പേർ

Published

|

Last Updated

കണ്ണൂർ | ഫാഷൻ ഗോൾഡ് തട്ടിപ്പ് മോഡൽ ജ്വല്ലറി തട്ടിപ്പ് കണ്ണൂരിലും. തട്ടിപ്പ് നടത്തിയ മുസ്്ലിം ലീഗ് നേതാവിനെതിരെ നിക്ഷേപകർ പരാതി നൽകി. കണ്ണൂർ ടൗൺ പോലീസ് പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങി. സ്വർണവും പണവും നിക്ഷേപിച്ച അമ്പതോളം പേരാണ് തട്ടിപ്പിനിരയായത്. ലീഗ് പുഴാതി മേഖലാ പ്രസിഡന്റ് അത്താഴക്കുന്നിലെ കെ പി നൗഷാദിനെതിരെയാണ് കേസെടുത്തത്. രണ്ട് കോടിയോളം രൂപയുമായി ഇയാൾ മുങ്ങിയെന്നാണ് പരാതി.

കണ്ണൂർ ഫോർട്ട് റോഡിലെ സി കെ ഗോൾഡിൽ ജീവനക്കാരനായിരുന്നു ഇയാൾ. ഈ ബന്ധം ഉപയോഗപ്പെടുത്തിയാണ് നിക്ഷേപകരെ വലയിലാക്കിയത്. സി കെ ഗോൾഡ് ജനറൽ മാനേജറെന്ന പേരിലാണ് ഇയാൾ നിരവധി പേരിൽ നിന്ന് സ്വർണവും പണവും നിക്ഷേപമായി വാങ്ങിയത് കൂടുതൽ പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചത്.

കണ്ണൂരിലും പരിസര പ്രദേശങ്ങളിലുമുള്ളവരാണ് തട്ടിപ്പിനിരയായത്. ഒരുലക്ഷം മുതൽ 20 ലക്ഷം വരെ രൂപ നിക്ഷേപിച്ചവരുണ്ട്. ഒരു ലക്ഷത്തിന് പ്രതിമാസം 3,000 മുതൽ 6,000 രൂപ വരെ വാഗ്ദാനം ചെയ്തിരുന്നു. ഒന്നും രണ്ടും ലക്ഷം നിക്ഷേപിച്ചവരിൽ കൂടുതലും വീട്ടമ്മമാരാണെന്നാണ് സൂചന. ഒരു പവൻ മുതൽ 35 പവൻ വരെ നിക്ഷേപിച്ചവരുമുണ്ട്.

പഴയ സ്വർണം നൽകുന്നവർക്ക് 11 മാസത്തിനു ശേഷം പണിക്കൂലിയില്ലാതെ സമാനമായ അളവ് സ്വർണം നൽകുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. സ്വന്തം ആവശ്യത്തിന് സ്വർണം വാങ്ങിയ വകയിൽ ഇയാൾ സി കെ ഗോൾഡിൽ 15 ലക്ഷത്തോളം രൂപ അടക്കാനുണ്ട്. സി കെ ഗോൾഡ് ഉടമകളാണ് ഇത്തരത്തിൽ 30 ലക്ഷം രൂപ തട്ടിയതായി പോലീസിൽ പരാതിപ്പെട്ടത്.

പരാതിയുയർന്നതിനെത്തുടർന്ന് എട്ട് മാസംമുമ്പ് നൗഷാദിനെ മാർക്കറ്റിംഗ് വിഭാഗത്തിൽ നിന്ന് ഒഴിവാക്കിയിരുന്നതായി സി കെ ഗോൾഡ് ഉടമകൾ പറഞ്ഞു.

Latest