Connect with us

National

അനധികൃത ഇരുമ്പയിര് കടത്ത്; കർണാടകയിലെ കോൺഗ്രസ് എംഎൽഎയെ അറസ്റ്റ് ചെയ്ത്ത ഇ ഡി

ചോദ്യം ചെയ്യലിനായി ഹാജരാകാത്തതിനെ തുടർന്നാണ് അറസ്റ്റ്.

Published

|

Last Updated

ബെംഗളൂരു | അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസിൽ കർണാടകയിലെ കാർവാർ എംഎൽഎയും കോൺഗ്രസ് നേതാവുമായ സതീഷ് സെയ്‌ലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനായി ഹാജരാകാത്തതിനെ തുടർന്നാണ് അറസ്റ്റ്.

കേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 13, 14 തീയതികളിൽ ഇ ഡി സെയ്‌ലിന്റെ കാർവാറിലെയും ബെംഗളൂരുവിലെയും വസതികളിൽ റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡിൽ 13 കോടി രൂപയും സ്വർണാഭരണങ്ങളും പിടിച്ചെടുത്തതായി റിപ്പോർട്ടുകളുണ്ട്. ആവർത്തിച്ചുള്ള നോട്ടീസുകൾക്ക് ശേഷവും ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് ഇ ഡി വൃത്തങ്ങൾ അറിയിച്ചു.

അറസ്റ്റിന് ശേഷം സെയ്‌ലിനെ ശാന്തിനഗറിലെ ഇ ഡി ഓഫീസിലേക്ക് കൊണ്ടുപോയി. തുടർന്ന് വൈദ്യപരിശോധനയ്ക്കായി ബൗറിംഗ് ആശുപത്രിയിലേക്കും മാറ്റി. ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയിൽ അദ്ദേഹത്തെ ഹാജരാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നേരത്തെ, 2024 ഒക്ടോബർ 24-ന് ഉത്തർ കന്നഡയിലെ ബെലകേരി തുറമുഖത്ത് നിന്ന് 200 കോടി രൂപയുടെ ഇരുമ്പയിര് മോഷ്ടിക്കുകയും അനധികൃതമായി കടത്തുകയും ചെയ്ത കേസിൽ സെയ്‌ലിന് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാൽ, 2024 നവംബറിൽ ഹൈക്കോടതി ശിക്ഷ റദ്ദാക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തു.

2010-ൽ ബെല്ലാരിയിൽ അനധികൃത ഖനനം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ബെലകേരി തുറമുഖത്ത് നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഇരുമ്പയിര് പിടിച്ചെടുത്തിരുന്നു. സെയ്‌ലിന്റെ ഉടമസ്ഥതയിലുള്ള ശ്രീ മല്ലികാർജുന ഷിപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ് ഈ പിടിച്ചെടുത്ത ഇരുമ്പയിര് വിവിധ ഏജൻസികളിൽ നിന്ന് വാങ്ങുകയും പിന്നീട് തുറമുഖത്തിന്റെ ചുമതലയുള്ള മഹേഷ് ബിലിയയുടെ സഹായത്തോടെ അനധികൃതമായി ചൈനയിലേക്ക് കടത്തുകയും ചെയ്തെന്നാണ് സിബിഐയുടെ കണ്ടെത്തൽ.

Latest