Connect with us

International

നേപ്പാളില്‍ കർഫ്യൂ പ്രഖ്യാപിച്ച് സൈന്യം; ജനങ്ങൾ വീടുകളില്‍ തന്നെ കഴിയണമെന്ന് നിര്‍ദേശം

നേപ്പാളിലുള്ള ഇന്ത്യന്‍ പൗരന്മാർ നിലവിലുള്ള സ്ഥലത്തുതന്നെ തുടരണമെന്ന് വിദേശകാര്യ മന്ത്രാലയം

Published

|

Last Updated

കാഠ്മണ്ഡു | യുവ പ്രക്ഷോഭം ശക്തമായ നേപ്പാളില്‍ കലാപം നിയന്ത്രിക്കാൻ രാജ്യവ്യാപക കര്‍ഫ്യൂ പ്രഖ്യാപിച്ച് സൈന്യം. പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുക്കുന്നത്‌ വരെ സമാധാനം ഉറപ്പാക്കാനാണ് രാജ്യത്തിൻ്റെ നിയന്ത്രണമേറ്റെടുത്ത സൈന്യം കർഫ്യൂ  പ്രഖ്യാപിച്ചത്. ജനങ്ങളോടു വീടുകളില്‍ത്തന്നെ തുടരാൻ സൈന്യം നിര്‍ദേശം നിർദേശം നൽകി.

നിലവില്‍ നേപ്പാളിൽ നിരോധനാജ്ഞയാണ്. ഇത് ഇന്ന് വൈകുന്നേരം അഞ്ച് മണി വരെ തുടരും. ശേഷം കര്‍ഫ്യൂ നിലവില്‍വരും. നാളെ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ. സംഘര്‍ഷം വ്യാപകമായ സാഹചര്യത്തില്‍ സൈനികര്‍ കാഠ്മണ്ഡുവിന്റെ തെരുവുകളില്‍ നിലയുറപ്പിച്ചു.

സൈന്യത്തിൻ്റെ മുന്നറിയിപ്പിന് പിന്നാലെ നേപ്പാളുമായി അതിര്‍ത്തിപങ്കിടുന്ന ഏഴ് ജില്ലകളില്‍ സുരക്ഷ ശക്തമാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പോലീസിന് നിര്‍ദേശം നല്‍കി. ബല്‍റാംപുര്‍, ശ്രവസ്തി, മഹാരാജ്ഗഞ്ജ്, പിലിഭിത്ത്, സിദ്ധാര്‍ഥനഗര്‍, ബഹ്റൈച്ച്, ലഖിംപുര്‍ഖേരി ജില്ലകളില്‍ 24 മണിക്കൂര്‍ നിരീക്ഷിക്കാനും കര്‍ശന പട്രോളിംഗിനുമാണ് സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കിയത്. എന്നാൽ ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തി അടച്ചിട്ടില്ല. നേപ്പാളിലുള്ള ഇന്ത്യന്‍ പൗരന്മാരോട് നിലവിലുള്ള സ്ഥലത്തുതന്നെ തുടരാന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

അടിയന്തര സാഹചര്യമുണ്ടായാൽ നേപ്പാളിലെ +977 – 980 860 2881, +977 – 981 032 6134 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Latest