Gulf
ഗസ്സ വെടിനിർത്തലിൽ മധ്യസ്ഥത തുടരും; വെല്ലുവിളി കാര്യമാക്കാതെ ഖത്വർ
ഇസ്റാഈലിനെതിരെ പ്രതികാരത്തിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും

ദോഹ | വെടിനിർത്തൽ ചർച്ചക്കെത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്വർ തലസ്ഥാനമായ ദോഹയിൽ ഇസ്റാഈൽ നടത്തിയ വ്യോമാക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി ഖത്വർ. ഹമാസിൻ്റെ പൊളിറ്റിക്കല്‍ ബ്യൂറോ ആസ്ഥാനം ലക്ഷ്യമിട്ട് ഇസ്റാഈൽ നടത്തിയ ആക്രമണം രാഷ്ട്ര ഭീകരതയാണെന്ന് ഖത്വര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി പറഞ്ഞു. ഗസ്സ വെടിനിർത്തലിൽ മധ്യസ്ഥത വഹിക്കുന്നത് ഞങ്ങളുടെ രാജ്യത്തിൻ്റെ വ്യക്തിത്വത്തിൻ്റെ ഭാഗമാണെന്നും ഈ മേഖലക്കും നമ്മുടെ ജനങ്ങള്‍ക്കും സ്ഥിരത കൈവരിക്കാന്‍ വേണ്ടി വെല്ലുവിളികള്‍ക്കിടയിലും മധ്യസ്ഥത വഹിക്കുന്നത് തുടരുമെന്നും ഖത്വര്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
ഇസ്റാഈല്‍ ആക്രമണത്തിനെതിരെ തിരിച്ചടിക്കാനുള്ള അവകാശം രാജ്യത്തിനുണ്ട്. പ്രതികാരത്തിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും നേരെയുള്ള ഒരു കടന്നുകയറ്റവും വെച്ചുപൊറുപ്പിക്കില്ല. സുരക്ഷക്ക് ഭീഷണിയാവുകയും പ്രാദേശിക സ്ഥിരതയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്ന വിവേകശൂന്യമായ ഏതൊരു ലംഘനത്തോടും ആക്രമണത്തോടും ശക്തമായി പ്രതികരിക്കുമെന്ന് ഖത്തര്‍ ഉറപ്പിച്ചു പറയുന്നു. ഈ നഗ്‌നമായ ആക്രമണത്തിനെതിരെ തിരിച്ചടിക്കാനുള്ള അവകാശം രാജ്യത്തിനുണ്ട്. പ്രതികരണത്തിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഖത്വര്‍ പ്രധാനമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ വിശദീകരിച്ചു.
ഇസ്റാഈല്‍ ആക്രമണത്തിനെതിരെ നടപടിയെടുക്കാന്‍ എല്ലാ സൗഹൃദ, സഹോദര രാഷ്ട്രങ്ങളുമായി തങ്ങള്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ എടുക്കുന്ന ഓരോ നടപടിയും തങ്ങള്‍ പ്രഖ്യാപിക്കമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ വൈകിട്ടാണ് ദോഹയിലെ പത്തിടങ്ങളിൽ ഇസ്റാഈൽ ബോംബ് സ്ഫോടനങ്ങൾ നടത്തിയത്. സംഭവത്തിൽ അഞ്ച് ഹമാസ് പ്രവർത്തകർ കൊല്ലപ്പെട്ടെങ്കിലും ഉന്നത നേതാക്കളെല്ലാരും സുരക്ഷിതരാണെന്ന് ഹമാസ് വൃത്തങ്ങൾ അറിയിച്ചു.