National
പത്ത് വര്‍ഷത്തിനുള്ളില്‍ 50ലധികം സിസേറിയനുകളും മറ്റ് ശസ്ത്രക്രിയകളും; വ്യാജ ഡോക്ടര്‍ പിടിയില്‍
സില്‍ച്ചാറിലെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ ഗൈനക്കോളജിസ്റ്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു പുലോക്

ദിസ്പുര്‍ | അസമിലെ സില്‍ച്ചാറില്‍ ഗൈനക്കോളജിസ്റ്റായി വര്‍ഷങ്ങളോളം ജോലി ചെയ്ത വ്യാജ ഡോക്ടര്‍ പിടിയില്‍.ശ്രൂഭൂമി സ്വദേശിയായ പുലോക് മലക്കാര്‍ ആണ് അറസ്റ്റിലായത്. പത്ത് വര്‍ഷത്തിനുള്ളില്‍ 50ലധികം സിസേറിയനുകളും ഗൈനക്കോളജിക്കല്‍ ശസ്ത്രക്രിയകളും ഇയാള്‍ നടത്തിയതായി കണ്ടെത്തി. സില്‍ച്ചാറിലെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ ഗൈനക്കോളജിസ്റ്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു പുലോക്. ഈ പ്രദേശത്തെ അറിയപ്പെടുന്ന ഡോക്ടറുമായിരുന്നു ഇയാള്‍.
പുലോക് വ്യാജനാണെന്ന രഹസ്യവിവരത്തെ തുടര്‍ന്നുള്ള അന്വേഷണമാണ് അറസ്റ്റിലേക്കു നയിച്ചത്. ഇയാള്‍ സില്‍ച്ചാറിലെ ഷിബ്സുന്ദരി നാരി ശിക്ഷാ സേവാ ആശ്രമ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറ്ററില്‍ സിസേറിയന്‍ നടത്തുന്നതിനിടെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.അന്വേഷണത്തില്‍ പുലോക്കിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നു പോലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പുലോക് മലക്കാറിനെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.