From the print
മനുഷ്യര്‍ക്കൊപ്പം: പ്രമേയം ഏറ്റടുത്ത് കേരളം
സ്വീകരണ വേദികളില്‍ സംസാരിച്ചവരില്‍ ഏറെ പേരും വാചാലമായത് ഒറ്റവാക്കിലുള്ള പ്രമേയത്തിന്റെ വ്യാപ്തിയെയും വ്യത്യസ്ഥതയെയും കുറിച്ചാണ്.
കേരള യാത്ര ഇടുക്കി തൊടുപുഴയിലെത്തിയപ്പോള്‍.
തൊടുപുഴ | കേരളയാത്ര ഉയര്‍ത്തിപ്പിടിക്കുന്ന ‘മനുഷ്യര്‍ക്കൊപ്പം’ എന്ന പ്രമേയം ഏറ്റെടുത്ത് കേരളം. കഴിഞ്ഞ 12 ദിവസവും യാത്ര കടന്നുപോയ ജില്ലകളിലെല്ലാം പ്രമേയത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സ്വീകരണ വേദികളില്‍ സംസാരിച്ചവരില്‍ ഏറെ പേരും വാചാലമായത് ഒറ്റവാക്കിലുള്ള പ്രമേയത്തിന്റെ വ്യാപ്തിയെയും വ്യത്യസ്ഥതയെയും കുറിച്ചാണ്.
എറണാകുളത്ത് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി പി രാജീവ് പ്രസംഗം ആരംഭിച്ചത് മനുഷ്യരോടൊപ്പം എന്ന പ്രമേയം ആസ്പദമാക്കി കേരള മുസ്‌ലിം ജമാഅത്ത് പുറത്തിറക്കിയ ബ്രോഷര്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു. യന്ത്രങ്ങളെത്ര റീപ്ലേസ് ചെയ്താലും മനുഷ്യന് പകരമാകുമോ? എന്ന ബ്രോഷറിലെ ചോദ്യമായിരുന്നു അദ്ദേഹത്തെ ആകര്‍ഷിച്ചത്.
സാങ്കേതിക വിദ്യാധിഷ്ഠിത സമൂഹം നേരിടുന്ന ഉത്കണ്ഠകള്‍, ഡിജിറ്റല്‍ സംസ്‌കാരത്തിലെ ജീവിത പ്രതിസന്ധികള്‍, നിരീക്ഷണ മുതലാളിത്തം സൃഷ്ടിക്കുന്ന സങ്കീര്‍ണതകള്‍, എ ഐ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ തുടങ്ങിയ ഉള്ളടക്കങ്ങള്‍ പ്രമേയത്തിന്റെ ഭാഗമാക്കാന്‍ ഒരു മത സംഘടനക്ക് സാധിച്ചത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് മന്ത്രി രാജീവ് പറഞ്ഞു. ഇത്തരം വിഷയങ്ങള്‍ അതി സാങ്കേതിക മേഖലയില്‍ മാത്രം ചര്‍ച്ച ചെയ്യുന്നതാണ്. എന്നാല്‍, സമീപ ഭാവിയില്‍ തന്നെ ഇവ മനുഷ്യനെ കരുക്കിട്ട് മുറുക്കാന്‍ പോകുകയാണെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ കോട്ടയത്ത് സ്നേഹവിരുന്നില്‍ സംസാരിക്കവെ മുന്‍ മന്ത്രി പി ജെ ജോസഫിന്റെ മകനും കേരള കോണ്‍ഗ്രസ്സ് സ്റ്റേറ്റ് കോ- ഓര്‍ഡിനേറ്ററുമായ അപ്പു ജോണ്‍ ജോസഫ് ഉയര്‍ത്തിപ്പിടിച്ചതും ബ്രോഷറിലെ പ്രസക്തഭാഗങ്ങള്‍ തന്നെ. മനുഷ്യപ്പറ്റുള്ള പ്രമേയം ചര്‍ച്ചയാക്കാന്‍ ഇന്ന് കേരളത്തില്‍ ഏറ്റവും അര്‍ഹതപ്പെട്ടയാള്‍ കാന്തപുരം മാത്രമാണെന്നാണ് സ്വീകരണ വേദികളില്‍ സംസാരിക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്.





