Kerala
സമരവേദിയില്‍ അതിജീവിതക്ക് ഐക്യദാര്‍ഢ്യവുമായി മുഖ്യമന്ത്രി
കേന്ദ്ര സര്‍ക്കാറിനെതിരെ മന്ത്രിമാര്‍ക്കും എം എല്‍ എമാര്‍ക്കുമൊപ്പം നടത്തിയ സത്യഗ്രഹത്തില്‍ 'ലവ് യു ടു മൂണ്‍ ആന്‍ഡ് ബാക്ക്' എന്ന വാചകം ആലേഖനം ചെയ്ത കപ്പുമായാണ് മുഖ്യമന്ത്രി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്.
തിരുവനന്തപുരം | രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതക്ക് ഐക്യദാര്‍ഢ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാറിനെതിരെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ മന്ത്രിമാര്‍ക്കും എം എല്‍ എമാര്‍ക്കുമൊപ്പം നടത്തിയ സത്യഗ്രഹത്തില്‍ ‘ലവ് യു ടു മൂണ്‍ ആന്‍ഡ് ബാക്ക്’ എന്ന വാചകം ആലേഖനം ചെയ്ത കപ്പുമായാണ് മുഖ്യമന്ത്രി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. ഈ കപ്പിലായിരുന്നു സമരവേദിയില്‍ മുഖ്യമന്ത്രി വെള്ളം കുടിച്ചത്. ഈ വാചകം എഴുതിയ കപ്പ് പിടിച്ച മുഖ്യമന്ത്രിയുടെ ചിത്രം സാമൂഹിക മാധ്യമത്തില്‍ ഇതിനകം വൈറലായി.
ആ കപ്പിലെ വാചകങ്ങള്‍ക്ക് തന്റെ ഉള്ളില്‍നിന്ന് അടര്‍ത്തിമാറ്റപ്പെട്ട ജീവന്റെ തുടിപ്പുണ്ടെന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് അതിജീവിത പ്രതികരിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എക്കെതിരായി ആദ്യം പീഡന പരാതി നല്‍കിയ അതിജീവിത കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ ഈ വാചകങ്ങള്‍ കുറിച്ചിരുന്നു. മുഖ്യമന്ത്രിയുടെ കപ്പില്‍ ഈ വാചകങ്ങള്‍ ഇടംപിടിച്ചത് അതിജീവിതയോടുള്ള ഐക്യദാര്‍ഢ്യമാണെന്നാണ് ചര്‍ച്ചകള്‍.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റിലാണ് അതിജീവിതയുടെ വാക്കുകള്‍ ഉണ്ടായിരുന്നത്. ആ കപ്പിലെ വാചകങ്ങള്‍ക്ക് എന്റെ ഉള്ളില്‍ നിന്ന് അടര്‍ത്തി മാറ്റപ്പെട്ട ജീവന്റെ തുടിപ്പ് ഉണ്ടെന്ന് അവര്‍ മറ്റൊരു പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.





