From the print
ലയങ്ങളില്‍ ജീവിക്കുന്ന മനുഷ്യരുടെ ദുരിതമകറ്റണം: കാന്തപുരം
നാടിന്റെ വികസനമെന്നാല്‍ മുഴുവന്‍ മനുഷ്യരുടെയും സാമൂഹിക വികസനമാണ്. മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്.
കേരളയാത്രക്ക് തൊടുപുഴയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ ഡീന്‍ കുര്യാക്കോസ് എം പി പൊന്നാട അണിയിച്ച് ആദരിക്കുന്നു
തൊടുപുഴ | നാടിന്റെ വികസനമെന്നാല്‍ മുഴുവന്‍ മനുഷ്യരുടെയും സാമൂഹിക വികസനമാണെന്നും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. കേരള മുസ്‌ലിം ജമാഅത്ത് കേരളയാത്രക്ക് തൊടുപുഴയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യാത്രാനായകന്‍ കൂടിയായ കാന്തപുരം.
നമ്മുടെ സാമൂഹിക ജീവിതം ഇനിയും മെച്ചപ്പെടണം. ലയങ്ങളിലും മറ്റും ദുരിതപൂര്‍ണ ജീവിതം നയിക്കുന്ന പാവപ്പെട്ട തൊഴിലാളികള്‍ക്ക് സ്വസ്ഥമായി കിടന്നുറങ്ങാന്‍ വാസയോഗ്യമായ പാര്‍പ്പിടം വേണം. വെള്ളവും വെളിച്ചവും ലഭ്യമാക്കുകയും അവരുടെ മക്കള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യണം.
കാര്‍ഷിക വിളകളുടെയും സുഗന്ധ വ്യഞ്ജനങ്ങളുടെയും നാടായ ഇടുക്കിയില്‍ നിരവധി കര്‍ഷകരുണ്ട്. കര്‍ഷകര്‍ നാടിന്റെ നട്ടെല്ലാണ്. പക്ഷേ, അവരുടെ ഉത്പന്നങ്ങള്‍ക്ക് മതിയായ വില ലഭിക്കുന്നില്ല. ഇത് കാരണം അവര്‍ കൃഷി ഉപേക്ഷിച്ച് മറ്റു തൊഴിലുകളിലേക്ക് മാറാന്‍ നിര്‍ബന്ധിതരാകുന്നു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ കൃഷിയിലേക്ക് കടന്നുവന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട് എന്നത് ആശാവഹമാണ്. പക്ഷേ, കര്‍ഷക കുടുംബങ്ങള്‍ക്ക് കൃഷിയില്‍ നിന്നുതന്നെ വരുമാനം ലഭിക്കുന്ന നിലയുണ്ടാകണം. എന്നാലേ കാര്‍ഷിക രംഗം സജീവമാകൂ. പുതുതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാറുകള്‍ പ്രഖ്യാപിക്കുന്ന കാര്‍ഷിക പാക്കേജുകള്‍ ഫലവത്താകുന്നില്ലെന്നത് ഗൗരവമായി ആലോചിക്കണം. കാര്‍ഷിക വിഭവങ്ങള്‍ക്ക് മികച്ച വില ഉറപ്പാക്കണം. തകര ഷീറ്റുകള്‍ കൊണ്ട് മേഞ്ഞ ലയങ്ങളില്‍ കഴിയുന്ന മനുഷ്യരെ നമ്മള്‍ ചേര്‍ത്തുപിടിക്കണം. ഇത് സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ നടക്കില്ല. സന്നദ്ധ സംഘടനകളും മുന്നിട്ടിറങ്ങണം. പാര്‍പ്പിടവും ഭക്ഷണവും മറ്റു സൗകര്യങ്ങളും എല്ലാ മനുഷ്യര്‍ക്കും മതവും ജാതിയും രാഷ്ട്രീയവും പരിഗണിക്കാതെ ലഭ്യമാക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിച്ച സമ്മേളനം ഡീന്‍ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു. എ കെ അബ്ദുല്‍ ഹമീദ് ബാഖവി അധ്യക്ഷത വഹിച്ചു. യാത്രാ ഉപനായകരായ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രസംഗിച്ചു. പി ജെ ജോസഫ് എം എല്‍ എ. മുനിസിപല്‍ വൈസ് ചെയര്‍മാന്‍ ദീപക്, അഡ്വ. സി കെ വിദ്യാസാഗര്‍, സി പി വര്‍ഗീസ്, കെ എം എ ശുകൂര്‍, സലിം കുമാര്‍, അഡ്വ. റോയ് വാരിക്കാട്ട്, അഡ്വ. ഷാജി ജോസഫ്, എം എം സുലൈമാന്‍ സംസാരിച്ചു. മുഹമ്മദലി സഖാഫി വള്ളിയാട്, ഫിര്‍ദൗസ് സഖാഫി പ്രമേയ പ്രഭാഷണം നടത്തി. മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് അഹ്്മദ് ജിഫ്രി തങ്ങള്‍, എന്‍ അലി അബ്ദുല്ല, മജീദ് കക്കാട്, മുഹമ്മദ് കുഞ്ഞി സഖാഫി, അബ്ദുല്‍ കരീം സഖാഫി സംബന്ധിച്ചു. ടി കെ അബ്ദുല്‍ കരീം സഖാഫി സ്വാഗതവും ശാജഹാന്‍ മുഈനി നന്ദിയും പ്രസംഗിച്ചു.





