From the print
നൂറ് പള്ളിയുണ്ടെങ്കില്‍ പുതിയത് പാടില്ലേയെന്ന് സുപ്രീം കോടതി
ഹൈക്കോടതി ഉത്തരവിന് വിമര്‍ശം.
ന്യൂഡല്‍ഹി | നിലമ്പൂരില്‍ മുസ്‌ലിം പള്ളിക്ക് അനുമതി നിഷേധിച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരെ വിമര്‍ശവുമായി സുപ്രീം കോടതി. നൂറ് മുസ്‌ലിം പള്ളികള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പുതിയൊരു പള്ളിക്ക് അനുമതി നിഷേധിക്കാന്‍ എങ്ങനെ സാധിക്കുമെന്ന് സുപ്രീം കോടതി ചോദിച്ചു. ഹൈക്കോടതി ഉത്തരവിന് എതിരായ ഹരജി പരിഗണിക്കവെ ജസ്റ്റിസ് ജെ ബി പര്‍ദിവാല, അലോക് ആരാധെ എന്നിവരടങ്ങിയ ബഞ്ചാണ് ചോദ്യമുന്നയിച്ചത്.
നിലമ്പൂരില്‍ വാണിജ്യ കെട്ടിടം പള്ളിയാക്കി മാറ്റാന്‍ അനുമതി തേടി നൂറുല്‍ ഇസ്‌ലാം സാംസ്‌കാരിക സംഘം നല്‍കിയ അപേക്ഷ ജില്ലാ കലക്ടര്‍ നിരസിച്ചിരുന്നു. കെട്ടിടം ഇരിക്കുന്ന പ്രദേശത്ത് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ സമാനമായ 36 മുസ്‌ലിം പള്ളികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അനുമതി നിരസിച്ചത്. ഇതിനെതിരെ നൂറുല്‍ ഇസ്‌ലാം സാംസ്‌കാരിക സംഘം ഹൈക്കോടതിയെ സമീപിച്ചു. ഇതേ കാരണം ചൂണ്ടിക്കാട്ടി കലക്ടറുടെ നിലപാട് ഹൈക്കോടതി ശരിവെക്കുകയായിരുന്നു.
ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യ അവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. രേഖകളും മാനദണ്ഡങ്ങളും പാലിച്ചാണ് ഹരജിക്കാര്‍ ആരാധനാലയത്തിന് അനുമതി ആവശ്യപ്പെട്ടതെങ്കില്‍ എണ്ണക്കൂടുതലുണ്ടെന്ന കാരണം പറഞ്ഞ് അനുമതി നിഷേധിക്കുന്നത് വിവേചനപരമാണെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ഹരജിയില്‍ സുപ്രീം കോടതി നോട്ടീസയച്ചു. പള്ളിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട നടപടികളിലേക്ക് ഈ ഘട്ടത്തില്‍ കടക്കരുതെന്ന് ഹരജിക്കാരോട് ബഞ്ച് നിര്‍ദേശിച്ചു. വിഷയത്തില്‍ രമ്യമായ പരിഹാരം കണ്ടെത്തുമെന്നും വ്യക്തമാക്കി.





