Connect with us

From the print

മാമലകൾ കടന്ന് അക്ഷരനഗരിയിലേക്ക്

കര്‍ഷകരുടെയും ലയങ്ങളില്‍ താമസിക്കുന്ന തോട്ടം തൊഴിലാളികളുടെയും നീറുന്ന പ്രശ്നങ്ങള്‍ ഒരു ദിവസം മുഴുവന്‍ ചര്‍ച്ച ചെയ്ത ശേഷമാണ് യാത്ര മാമലകളുടെ നാട് കടക്കുന്നത്.

Published

|

Last Updated

കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരളയാത്രക്ക് ഇടുക്കി തൊടുപുഴയില്‍ നല്‍കിയ സ്വീകരണത്തില്‍ ജാഥാ നായകനായ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസംഗിക്കുന്നു.

തൊടുപുഴ | ഏലവും കാപ്പിയും തേയിലയും മണക്കുന്ന കേരളത്തിന്റെ സ്പൈസസ് ഗാര്‍ഡനും കടന്ന് കേരളയാത്ര ഇന്ന് അക്ഷരനഗരിയിലേക്ക്. കര്‍ഷകരുടെയും ലയങ്ങളില്‍ താമസിക്കുന്ന തോട്ടം തൊഴിലാളികളുടെയും നീറുന്ന പ്രശ്നങ്ങള്‍ ഒരു ദിവസം മുഴുവന്‍ ചര്‍ച്ച ചെയ്ത ശേഷമാണ് യാത്ര മാമലകളുടെ നാട് കടക്കുന്നത്.

ഹൈറേഞ്ചിന്റെ ഹൃദയഭൂമിയായ തൊടുപുഴക്ക് പുത്തനുണര്‍വ് പകര്‍ന്നാണ് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള കേരളയാത്ര ഇന്നലെ സ്വീകരണ കേന്ദ്രമായ ഗാന്ധി സ്‌ക്വയറിലെ പാനായിക്കുളം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ നഗരിയിലേക്കെത്തിയത്. മാങ്ങാട്ട് കവലയില്‍ നിന്ന് സെന്റിനറി ഗാര്‍ഡിന്റെ അകമ്പടിയോടെ നീങ്ങിയ യാത്രയെ പെരിയാറിന്റെ നാട് സ്നേഹവായ്പോടെ ചേര്‍ത്തുപിടിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി, പി ജെ ജോസഫ് എം എല്‍ എ, മുനിസിപല്‍ വൈസ് ചെയര്‍മാന്‍ ദീപക്, പൊതുപ്രവര്‍ത്തകന്‍ അഡ്വ. സി കെ വിദ്യാസാഗര്‍ ഉള്‍പ്പെടെയുള്ളവര്‍ ഏറെ സമയമാണ് നേതാക്കള്‍ക്കൊപ്പം സ്വീകരണ വേദിയില്‍ ചെലവഴിച്ചത്.

രാവിലെ ജില്ലാ അതിര്‍ത്തിയായ അച്ചന്‍ കവലയില്‍ നൂറുകണക്കിന് പേര്‍ യാത്രയെ വരവേല്‍ക്കാനെത്തി. തൊടുപുഴ നഗരസഭാ കൗണ്‍സിലര്‍ അനസ് ഇബ്റാഹീം, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് കരീം ഹാജി തുടങ്ങിയവരും സന്നിഹിതരായിരുന്നു. തുടര്‍ന്ന് യാത്ര തൊടുപുഴ ദാറുല്‍ ഫത്ഹില്‍ എത്തിയപ്പോള്‍ വിദ്യാര്‍ഥികള്‍ പൂക്കള്‍ നല്‍കി യാത്രാനായകരെ വരവേറ്റു.

യാത്ര ഇന്ന് രാവിലെ കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ പ്രവേശിക്കും. വൈകിട്ട് അഞ്ചിന് കോട്ടയം തിരുനക്കര മൈതാനത്താണ് സ്വീകരണ സമ്മേളനം.