Connect with us

From the print

വന്യജീവി ആക്രമണം: സുരക്ഷയൊരുക്കാന്‍ അടിയന്തര നടപടി വേണം: കേരള മുസ്‌ലിം ജമാഅത്ത്

വൈദ്യുതി വേലി ഉള്‍പ്പെടെയുള്ള സുരക്ഷാ വാഗ്ദാനങ്ങള്‍ കടലാസിലൊതുങ്ങുകയാണ്. ഇക്കാര്യത്തില്‍ ആവശ്യമായ സുരക്ഷയൊരുക്കി ജനങ്ങളുടെ ഭീതിയകറ്റണം.

Published

|

Last Updated

കേരളയാത്ര അച്ഛന്‍ കവലയിലെത്തിയപ്പോള്‍ ഉപനായകരായ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി എന്നിവരെ സ്വീകരിക്കുന്നു

തൊടുപുഴ | വന്യജീവി ആക്രമണങ്ങള്‍ നിത്യസംഭവമായ ഇടുക്കിയില്‍ മനുഷ്യജീവന് സുരക്ഷയൊരുക്കാന്‍ അടിയന്തര നടപടി വേണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം മാത്രം നാലും കഴിഞ്ഞ 23 മാസത്തിനിടെ 12 പേരുമാണ് ജില്ലയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വൈദ്യുതി വേലി ഉള്‍പ്പെടെയുള്ള സുരക്ഷാ വാഗ്ദാനങ്ങള്‍ കടലാസിലൊതുങ്ങുകയാണ്. ഇക്കാര്യത്തില്‍ ആവശ്യമായ സുരക്ഷയൊരുക്കി ജനങ്ങളുടെ ഭീതിയകറ്റണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

130 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാം ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി വലുതാണ്. ഇത് കേവലം രാഷ്ട്രീയ പ്രചാരണ വിഷയം മാത്രമല്ല. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിച്ച് ജനങ്ങളുടെ ഭീതിയകറ്റണം. അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായത്തോടെ ഡാമിന്റെ സുരക്ഷാ പരിശോധന നടത്തുകയും ‘പുതിയ ഡാം, പുതിയ കരാര്‍’ എന്ന കേരളത്തിന്റെ ന്യായമായ ആവശ്യം യാഥാര്‍ഥ്യമാക്കുകയും വേണം.

കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കാത്തതിനാല്‍ കൃഷി ഉപേക്ഷിക്കാനും കുടിയേറ്റ മണ്ണില്‍ നിന്ന് കുടിയിറങ്ങാനും കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്നു. കൃഷി ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭ്യമാക്കി കര്‍ഷകരെ സംരക്ഷിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. അര്‍ഹരായവര്‍ക്കുള്ള പട്ടയ വിതരണം വേഗത്തിലാക്കുകയും ഭൂനിയമ ചട്ടഭേദഗതിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ക്രമവത്കരണ ഫീസുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കുകയും ചെയ്യണം. അതേസമയം, അന്യായമായ കൈയേറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും സര്‍ക്കാര്‍ തയ്യാറാകണം.

2014ല്‍ ആരംഭിച്ച ഇടുക്കി മെഡിക്കല്‍ കോളജിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത അടിയന്തരമായി പരിഹരിക്കണം. എല്ലാ സ്പെഷ്യാലിറ്റികളിലും ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്സുമാരുമില്ല. ഒരു റഫറല്‍ മെഡിക്കല്‍ കോളജ് എന്നതില്‍ നിന്ന് മാറി എല്ലാ രോഗികള്‍ക്കും ആവശ്യമായ ചികിത്സ ലഭ്യമാക്കണം. തൊടുപുഴ ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനവും കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും നേതാക്കള്‍ പറഞ്ഞു.

പീരുമേട് താലൂക്കിലടക്കം അപകടാവസ്ഥയിലുള്ള തോട്ടം തൊഴിലാളി ലയങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ നടപടി വേണം. ലയങ്ങളുടെ നവീകരണം പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങരുത്. ഇടുക്കി ജില്ലയെ റെയില്‍ ഭൂപടത്തിലെത്തിക്കുന്നതും പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനകരവുമായ ശബരി റെയില്‍ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ വേണ്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കണം.

കേരളയാത്രക്ക് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്ന് ചോദ്യത്തിന് മറുപടിയായി നേതാക്കള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ കേരളയാത്ര ഉപനായകന്‍ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി, കണ്‍വീനര്‍ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി മജീദ് കക്കാട്, കേരള മുസ്‌ലിം ജമാഅത്ത് ഇടുക്കി ജില്ലാ പ്രസിഡന്റ് എകെ അബ്ദുല്‍ ഹമീദ് ബാഖവി, ജനറല്‍ സെക്രട്ടറി ടി കെ അബ്ദുല്‍ കരീം സഖാഫി പങ്കെടുത്തു.