Connect with us

Kerala

ഖദ്റിന്റെ രാത്രിയിൽ ആരാധനാ നിമഗ്നരാകുക

ഖദ്റിനെ പ്രതീക്ഷിക്കുകയും ആ രാത്രിക്ക് പ്രാധാന്യം കൽപ്പിക്കുകയും ചെയ്യുന്നതിനോടൊപ്പം അന്ന് നിഷിദ്ധമായതും വെറുക്കപ്പെട്ടതും നല്ലതല്ലാത്തതുമായ കാര്യങ്ങളൊന്നും ചെയ്യാതിരിക്കുക.

Published

|

Last Updated

റമസാൻ അവസാനത്തോടടുക്കുകയാണ്. ഇനി നാലോ അഞ്ചോ ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. എത്ര വേഗത്തിലാണ് ഓരോ ദിനരാത്രങ്ങളും മിന്നി മറിഞ്ഞ് പോകുന്നത്. കാരുണ്യ വർഷത്തിന്റെ പകലന്തികളും പാപമോചനത്തിന് നിശ്ചയിച്ചിരുന്ന ദിവസങ്ങളും പിന്നിട്ടു. നരകമുക്തി ലഭിക്കുന്ന ദിനങ്ങളിലൂടെയാണിപ്പോൾ കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. അതിൽ പകുതിയും കഴിഞ്ഞുപോയി.

പിന്നിട്ട ഓരോന്നും അനർഘ നിമിഷങ്ങളായിരുന്നു. അതൊന്നും ഇനി നമ്മിലേക്ക് മടങ്ങിവരികയില്ല. സമയത്തിന്റെ മൂല്യം ഉൾക്കൊണ്ട് ദൈവിക കാരുണ്യത്തിനായി പ്രാർഥനയിൽ മുഴുകിയ വിശ്വാസികൾ നിരവധിയാണ്. ജീവിതത്തിൽ സംഭവിച്ച പാപങ്ങൾ പൊറുത്തു കിട്ടാനായി കേണപേക്ഷിച്ച് പാപമുക്തി കൈവരിച്ചവരും ധാരാളമുണ്ട്. എന്നാൽ ജീവിതത്തിരക്കിലും മറ്റു പ്രയാസങ്ങളിലും പെട്ട് റമസാനിനെ വേണ്ടവിധം ഉപയോഗപ്പെടുത്താൻ കഴിയാത്തവരുമുണ്ടാകും. ആരും നിരാശപ്പെടേണ്ടതില്ല. ശേഷിക്കുന്ന ദിവസങ്ങളും ഏറെ മഹത്വമേറിയതാണ്. അവ നന്നായി ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുക.

ദിവസങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഖദ്റിന്റെ രാത്രി റമസാനിലെ അവസാന ദിവസങ്ങളിലാണ് സംഭവിക്കാൻ സാധ്യതയുള്ളതെന്ന് പ്രതിഭാധനരായ നിരവധി പണ്ഡിതർ ഓർമപ്പെടുത്തിയിട്ടുണ്ട്. ഈ രാത്രികൾ ആരാധനാനിരതരായവർക്ക് ആയിരം മാസം ആരാധനകൾ നിർവഹിച്ചവർക്ക് നൽകപ്പെടുന്നതിന് സമാനമായ പ്രതിഫലമാണ് ലഭിക്കുക. പക്ഷേ, കൃത്യമായി ഇത് എപ്പോഴാണെന്ന് പ്രതിപാദിച്ചിട്ടില്ല; അവ്യക്തമാക്കി വെക്കുകയാണ് ചെയ്തിരിക്കുന്നത്.

സൃഷ്ടികൾ അന്ന് മാത്രം ആരാധനകൾ ചെയ്ത് രക്ഷപ്പെടേണ്ടെന്ന ദുഷ്ടലാക്കോടെയല്ല ഇത് മറച്ചുവെച്ചത്. ദൈവിക കൽപ്പനകൾ ലംഘിക്കുന്നതും നിരോധങ്ങൾ പ്രവർത്തിക്കുന്നതും മനുഷ്യസഹജമാണല്ലോ. ഇത്രയും പവിത്രതയേറിയ ദിവസമേതെന്ന് അറിയിക്കപ്പെട്ടാൽ അന്നും സൃഷ്ടികൾ പാപം പ്രവർത്തിച്ചെന്ന് വരും. അത് ഗൗരവമുള്ള കാര്യവുമാണ്. കാരണം അല്ലാഹു ഏറെ പ്രാധാന്യത്തോടെ അവതരിപ്പിച്ച ദിവസത്തിന്റെ മഹത്വം മറന്ന് പ്രവർത്തിക്കുന്നത് ‌ചെറിയ കാര്യമല്ലല്ലോ. അങ്ങനെ ചിന്തിക്കുന്പോൾ ലൈലതുൽ ഖദ്റ് അല്ലാഹു മറച്ചുവെച്ചതിൽ വ്യാകുലപ്പെടേണ്ട കാര്യമില്ല. അവൻ സൃഷ്ടികളോടുള്ള അനുഗ്രഹമെന്നോണമാണത് ചെയ്തതെന്ന് ബോധ്യപ്പെടും.

എന്നാലും ഈ പവിത്രമായ രാവിന്റെ സാധ്യതകളിലേക്ക് പണ്ഡിതർ വിരൽ ചൂണ്ടുന്നുണ്ട്. ഹദീസുകളിൽ നിന്ന് ബോധ്യപ്പെടുന്ന തെളിവുകളുടെയടിസ്ഥാനത്തിലും മറ്റുമാണ് സാധ്യതകൾ പറയുന്നത്. അവസാനത്തെ പത്തിലാണ് സാധ്യകൾ കൂടുതലെന്നും ഈ ദിവസങ്ങളിലെ ഒറ്റയിട്ട രാവുകളിലാണ് ഏറ്റവും അധികം പ്രതീക്ഷിക്കേണ്ടതെന്നും പറയുന്നു.

അതേസമയം, പലരും ഇത് റമസാനിലെ 27ാം രാത്രിയിലാണെന്ന് അഭിപ്രായപ്പെട്ടവരാണ്. അതുകൊണ്ടുതന്നെ സാധ്യതകൾ കൽപ്പിക്കുന്ന ദിവസങ്ങളിലെല്ലാം നമ്മൾ ലൈലതുൽ ഖദ്റിനെ പ്രതീക്ഷിക്കുകയും അതിന്റെ മഹത്വം ലഭിക്കുന്നതിനായി ആരാധനാ നിമഗ്നരാകുകയും ചെയ്യുന്നുണ്ടെങ്കിലും 27ാം രാവിനെ പ്രത്യേകമായി പരിഗണിക്കുകയും ഇതിൽ കൂടുതൽ പ്രതീക്ഷയർപ്പിക്കുകയും ചെയ്യുന്നു.

ഖദ്റിനെ പ്രതീക്ഷിക്കുകയും ആ രാത്രിക്ക് പ്രാധാന്യം കൽപ്പിക്കുകയും ചെയ്യുന്നതിനോടൊപ്പം അന്ന് നിഷിദ്ധമായതും വെറുക്കപ്പെട്ടതും നല്ലതല്ലാത്തതുമായ കാര്യങ്ങളൊന്നും ചെയ്യാതിരിക്കുക. അല്ലാഹു ലൈലതുൽ ഖദ്റിന്റെ രാത്രികൊണ്ട് വിജയിക്കുന്നവരിൽ നമ്മെയും ഉൾപ്പെടുത്തട്ടെ.

Latest