Kerala
എന്‍ഡോസള്‍ഫാന്‍: ദയാബായിയുടെ സമരത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി; ഇന്ന് ചര്‍ച്ച
മന്ത്രിമാരായ വീണാ ജോര്‍ജിനെയും ആര്‍ ബിന്ദുവിനെയുമാണ് ചര്‍ച്ചക്കായി ചുമതലപ്പെടുത്തിയിട്ടുള്ളത്.
 
		
      																					
              
              
            തിരുവനന്തപുരം | എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി തേടിസാമൂഹിക പ്രവര്‍ത്തക ദയാബായി നടത്തുന്ന സമരത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി. സെക്രട്ടേറിയറ്റിനു മുമ്പില്‍ നിരാഹാര സമരത്തിലുള്ള ദയാബായിയുമായി ഇന്ന് ഉച്ചക്ക് 12ന് സര്‍ക്കാര്‍ ചര്‍ച്ച നടത്തും. മന്ത്രിമാരായ വീണാ ജോര്‍ജിനെയും ആര്‍ ബിന്ദുവിനെയുമായണ് ചര്‍ച്ചക്കായി ചുമതലപ്പെടുത്തിയിട്ടുള്ളത്.
കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി ആവശ്യപ്പെട്ട് 81കാരിയായ ദയാബായി നടത്തുന്ന സമരം രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്. ഈമാസം രണ്ടിനാണ് അവര്‍ സമരമാരംഭിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി പഞ്ചായത്തുകള്‍ തോറും ദിനപരിചരണ കേന്ദ്രങ്ങള്‍ തുടങ്ങുക, മെഡിക്കല്‍ കോളജ് പൂര്‍ണ സജ്ജമാക്കുക, എയിംസ് പരിഗണനാ പട്ടികയിലേക്ക് കാസര്‍കോടിനെയും ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ദയാബായി സമരം നടത്തുന്നത്. ആരോഗ്യ സ്ഥിതി വഷളായതോടെ രണ്ട് തവണ ദയാബായിയെ പോലീസ് ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, അവര്‍ വീണ്ടും സമരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.
കാസര്‍കോട് ജില്ലയോട് പൊതുവെ കാണിക്കുന്ന അവഗണന ആരോഗ്യ മേഖലയിലും തുടരുന്നുവെന്നാണ് ദയാബായി അടക്കമുള്ള പ്രക്ഷോഭകരുടെ ആരോപണം. മെഡിക്കല്‍ കോളജില്‍ കിടത്തി ചികിത്സ ലഭ്യമാക്കുന്നില്ല. ആകെയുള്ളത് ഉച്ചവരെയുള്ള ഒ പി മാത്രമാണ്. കാഞ്ഞങ്ങാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ ഉദ്ഘാടനം കഴിഞ്ഞിട്ട് 19 മാസം കഴിഞ്ഞെങ്കിലും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ജില്ലാ ആശുപത്രിയില്‍ വേണ്ടത്ര സൗകര്യങ്ങളും ഡോക്ടര്‍മാരുമില്ല. തുടങ്ങി എന്‍ഡോസള്‍ഫാന്‍ നിരവധി പ്രശ്നങ്ങളാണ് ദുരിത ബാധിതര്‍ ഉന്നയിക്കുന്നത്.
ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം: ദയാബായി
ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് ദയാബായി. എന്‍ഡോസള്‍ഫാന്‍ ഇരകളെ മനപ്പൂര്‍വം അവഗണിക്കുന്ന സ്ഥിതിയുണ്ട്. കാസര്‍കോട്ട് നൂതന ചികിത്സാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ദയാബായി ആവശ്യപ്പെട്ടു.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          


