National
രാജ്യത്ത് അംഗീകാരമില്ലാത്ത 334 പാര്‍ട്ടികളെ ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളത്തില്‍ നിന്ന് ഏഴ് പാര്‍ട്ടികള്‍
2019 മുതല്‍ ആറ് വര്‍ഷമായി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാത്ത പാര്‍ട്ടികളെയാണ് ഒഴിവാക്കിയത്.

ന്യൂഡല്‍ഹി| രാജ്യത്ത് അംഗീകാരമില്ലാത്ത 334 പാര്‍ട്ടികളെ രജിസ്‌ട്രേര്‍ഡ് പാര്‍ട്ടികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പാര്‍ട്ടികളെയാണ് പട്ടികയില്‍ നിന്നും ഒഴിവാക്കിയത്. കേരളത്തില്‍ നിന്ന് ഏഴ് പാര്‍ട്ടികളെ ഒഴിവാക്കി. 2019 മുതല്‍ ആറ് വര്‍ഷമായി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാത്ത പാര്‍ട്ടികളെയാണ് ഒഴിവാക്കിയത്. ഇതോടെ രാജ്യത്ത് ഇനി ആറ് ദേശീയ പാര്‍ട്ടികളും 67 പ്രാദേശിക പാര്‍ട്ടികളുമാണ് ഉണ്ടാകുക. ഒഴിവാക്കിയ പാര്‍ട്ടികളുടെ ഓഫീസ് നിലവില്‍ എവിടെയും പ്രവര്‍ത്തിക്കുന്നില്ലെന്നും ഇത് സബന്ധിച്ച ഉത്തരവില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ദേശീയ പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടി, നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (സെക്കുലര്‍), നേതാജി ആദര്‍ശ് പാര്‍ട്ടി, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്), റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് കേരള (ബോള്‍ഷെവിക്), സെക്കുലര്‍ റിപ്പബ്ലിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി എന്നിവയാണ് കേരളത്തില്‍ നിന്ന് ഒഴിവാക്കിയ പാര്‍ട്ടികള്‍. ആന്ധ്ര പ്രദേശ്-5, അരുണാചല്‍ പ്രദേശ്-1, ബിഹാര്‍-17, ഛണ്ഡീഗഡ്-2, ഛത്തീസ്ഗഡ്- 9, ഡല്‍ഹി-27, ഗോവ-4, ഗുജറാത്ത്-11, ഹരിയാന-21, ജമ്മു കാശ്മീര്‍-3, ഝാര്‍ഖണ്ഡ്-5, കര്‍ണാടക-12, മധ്യപ്രദേശ്-15, മഹാരാഷ്ട്ര-9, ഒഡീഷ-5, പോണ്ടിച്ചേരി-1, പഞ്ചാബ്-8, രാജസ്ഥാന്‍-7, തമിഴ്നാട്-22, തെലങ്കാന-13, ഉത്തര്‍പ്രദേശ്-115, ഉത്തരാഖണ്ഡ്-6, പശ്ചിമ ബംഗാള്‍-7 എന്നിങ്ങനെയാണ് ഒഴിവാക്കിയ പാര്‍ട്ടികളുടെ എണ്ണം.