Connect with us

Articles

സമ്പദ് വ്യവസ്ഥ: വെല്ലുവിളികള്‍ അത്ര നിസ്സാരമല്ല

രാജ്യത്തിനകത്തും പുറത്തുമായി സംഭവിക്കുന്ന അനവധി പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ചില സാമ്പത്തിക നിയന്ത്രണ നടപടികള്‍ അവതരിപ്പിച്ചത്. റഷ്യ-യുക്രൈന്‍ യുദ്ധം പണപ്പെരുപ്പത്തിന്റെ ആഗോളവത്കരണത്തിലേക്ക് നയിച്ചു എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഈയൊരു സാഹചര്യത്തില്‍ പുതിയ തീരുമാനങ്ങള്‍ എങ്ങനെ സമ്പദ് വ്യവസ്ഥയെ ബാധിക്കും എന്ന് പരിശോധിക്കേണ്ടതുണ്ട്.

Published

|

Last Updated

ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ വീണ്ടും വെല്ലുവിളികള്‍ നിറഞ്ഞ അവസ്ഥയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിനകത്തും പുറത്തുമായി സംഭവിക്കുന്ന അനവധി പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ചില സാമ്പത്തിക നിയന്ത്രണ നടപടികള്‍ അവതരിപ്പിച്ചത്. റഷ്യ-യുക്രൈന്‍ യുദ്ധം പണപ്പെരുപ്പത്തിന്റെ ആഗോളവത്കരണത്തിലേക്ക് നയിച്ചു എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഈയൊരു സാഹചര്യത്തില്‍ പുതിയ തീരുമാനങ്ങള്‍ എങ്ങനെ സമ്പദ് വ്യവസ്ഥയെ ബാധിക്കും എന്ന് പരിശോധിക്കേണ്ടതുണ്ട്.

ഈ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാമത് ധനകാര്യ നയപ്രഖ്യാപനത്തിലാണ് പുതിയ മാറ്റങ്ങള്‍ അവതരിപ്പിച്ചത്. ആഗോളതലത്തില്‍ യുദ്ധം കാരണം ഭക്ഷ്യ, ഊര്‍ജ, ചരക്ക് വിലകള്‍ വലിയ തോതില്‍ വര്‍ധിച്ചു വരികയാണ്. ആഗോള വാണിജ്യ-വളര്‍ച്ചാ നിരക്കിനെയും പ്രതികൂലമായാണ് ഇത് ബാധിച്ചിരിക്കുന്നത്. ഡിമാന്‍ഡ് – സപ്ലൈയില്‍ സംഭവിക്കുന്ന അസന്തുലിതാവസ്ഥ കാരണം പണപ്പെരുപ്പവും കൂടിയിരിക്കുകയാണ്. ഇത്തരം അസന്തുലിതാവസ്ഥ കാരണം സാമ്പത്തിക രംഗത്ത് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളെ തരണം ചെയ്യാന്‍ വേണ്ടി ധന വ്യവസ്ഥ കമ്മിറ്റി അംഗങ്ങള്‍ നിര്‍ദേശിച്ച മാറ്റങ്ങളാണ് നടപ്പില്‍ വന്നിരിക്കുന്നത്. പ്രധാനമായും റിപ്പോ നിരക്ക് (ബേങ്കുകള്‍ക്ക് റിസര്‍വ് ബേങ്ക് നല്‍കുന്ന വായ്പക്ക് ഈടാക്കുന്ന പലിശ നിരക്ക്) 4.4 ശതമാനത്തില്‍ നിന്ന് 4.9 ശതമാനമാക്കി വര്‍ധിപ്പിക്കുകയുണ്ടായി. ഈ വര്‍ഷം രണ്ടാമത്തെ തവണയാണ് റിപ്പോ നിരക്ക് വര്‍ധിപ്പിക്കുന്നത്. എന്നാല്‍ റിവേഴ്‌സ് റിപ്പോ (ബേങ്കുകളില്‍ നിന്ന് സ്വീകരിക്കുന്ന നിക്ഷേപത്തിന് റിസര്‍വ് ബേങ്ക് നല്‍കുന്ന പലിശ) നിരക്കില്‍ നിലവില്‍ മാറ്റങ്ങളൊന്നും തന്നെ ഇല്ല. അത് 3.35 ശതമാനമായി തന്നെ തുടരുന്നതാണ്.

റിപ്പോ നിരക്കിലാണ് പ്രധാനമായ മാറ്റം ഉണ്ടായത് എന്നത് കൊണ്ട് തന്നെ ഇത് രാജ്യത്തെ സാധാരണ ജനങ്ങളെ നേരിട്ട് ബാധിക്കുന്നതാണ്. പ്രധാനമായും ഹൃസ്വ – ദീര്‍ഘകാല വായ്പകളുടെ പലിശ നിരക്ക് വര്‍ധിക്കുകയോ തിരിച്ചടവിന്റെ കാലാവധി കൂടുകയോ ചെയ്യും. പുതിയ ഭവന, വാഹന വായ്പകള്‍, അതുപോലെ നിലവിലെ വായ്പകള്‍ എല്ലാത്തിനും ഒരുപോലെ ഈ നിരക്ക് വര്‍ധന ബാധകമാകുന്നതാണ്. പണപ്പെരുപ്പം വര്‍ധിക്കുന്ന ഈ സാഹചര്യത്തില്‍ ഈ നിരക്ക് വര്‍ധന സമ്പദ് വ്യവസ്ഥയിലുള്ള നോട്ടുകളുടെ എണ്ണം കുറച്ചേക്കാം. മൊത്ത വില സൂചികയും ചില്ലറ വില്‍പ്പന സൂചികയും എല്ലാം കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടിയ നിലയിലാണുള്ളത്. 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ ഉപഭോക്തൃ വില സൂചിക 6.7 ശതമാനമായാണ് കണക്കാക്കപ്പെടുന്നത്. കൂടാതെ ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റവും രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. ഇന്ത്യ മാത്രമല്ല നിരക്കുകളില്‍ മാറ്റം വരുത്തിയത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബേങ്കിലെ ഇരുപത്തിയഞ്ച് അംഗ ധനകാര്യ വ്യവസ്ഥ കമ്മിറ്റി നെതര്‍ലാന്‍ഡിലെ ആംസ്റ്റഡാമില്‍ ചേര്‍ന്ന യോഗത്തില്‍ പതിനൊന്ന് വര്‍ഷത്തിന് ശേഷം പലിശ നിരക്ക് ഉയര്‍ത്താന്‍ കഴിഞ്ഞ ദിവസം തീരുമാനിക്കുകയുണ്ടായി. യൂറോപ്പിലും യുദ്ധത്തിന്റെ അനുരണനങ്ങള്‍ കാരണം വര്‍ധിച്ചുവരുന്ന വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ വേണ്ടിയാണിത്.

രൂപയുടെ തകര്‍ച്ചയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നേരിടുന്ന മറ്റൊരു വെല്ലുവിളി. കഴിഞ്ഞ ആഴ്ചകളിലാണ് രൂപ ഡോളറിനെതിരെ റെക്കോര്‍ഡ് തകര്‍ച്ച നേരിട്ടത്. അതില്‍ നിന്ന് നേരിയ പുരോഗതി ഉണ്ടായി ഇപ്പോള്‍ ഒരു ഡോളറിന് 77.78 രൂപ എന്ന നിരക്കില്‍ എത്തിനില്‍ക്കുന്നു. റിസര്‍വ് ബേങ്കിന്റെ ഡാറ്റ പ്രകാരം കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ 76 രൂപ ഒരു ഡോളറിന് എന്ന നിരക്കില്‍ നിന്ന് പുരോഗതി ഉണ്ടായിട്ടില്ല. ഇന്ത്യ ഒരു ഇറക്കുമതി അധിഷ്ഠിത രാജ്യമായത് കൊണ്ടുതന്നെ ഈയൊരു മൂല്യത്തകര്‍ച്ച സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കും. രൂപയുടെ മൂല്യത്തകര്‍ച്ച വസ്തുക്കളുടെ വിലയില്‍ വര്‍ധനവ് ഉണ്ടാക്കുകയും പണപ്പെരുപ്പം കൂടാന്‍ സാഹചര്യം ഉണ്ടാക്കുകയും ചെയുന്നു. രാജ്യത്തെ വിവിധ മേഖലകളില്‍ കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്നവര്‍ക്ക് ഇത് വലിയ പ്രയാസം സൃഷ്ടിക്കും. ലോകത്തിലെ പ്രധാന വിനിമയ ഉപാധിയായി ഡോളറിനെ കാണുകയും കഴിഞ്ഞ ദിവസം അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുകയും ചെയ്തതാണ് രൂപയുടെ മൂല്യം കുറയാനുണ്ടായ പ്രധാന കാരണം. “പണപ്പെരുപ്പം വളരെ ഉയര്‍ന്നതാണ്. അത് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ഞങ്ങള്‍ മനസ്സിലാക്കുന്നു. അത് തിരികെ കൊണ്ടുവരാന്‍ ഞങ്ങള്‍ അതിവേഗം നീങ്ങുകയാണ്’ എന്നാണ് ഫെഡ് മേധാവി ജെറോം പവല്‍ മാധ്യമങ്ങളോട് പറഞ്ഞത്. രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന പലിശ നിരക്കാണ് പണപ്പെരുപ്പത്തെ നിയന്ത്രിക്കാന്‍ വേണ്ടി ഫെഡറല്‍ റിസര്‍വ് ഉയര്‍ത്തിയത്. ഇത് കാരണം സമ്പന്നര്‍ മറ്റു രാജ്യങ്ങളിലെ വിദേശ നിക്ഷേപം പിന്‍വലിച്ച് അമേരിക്കയില്‍ ഇന്‍വെസ്റ്റ് ചെയ്തപ്പോള്‍ ഡോളറിന്റെ ഡിമാന്‍ഡ് വലിയ രീതിയില്‍ വര്‍ധിക്കുകയും മറ്റു കറന്‍സികളെ പോലെ രൂപയെയും പ്രതികൂലമായി ബാധിക്കുകയും ചെയ്തു.

രൂപയുടെ മൂല്യം കുറയുന്ന സാഹചര്യത്തില്‍ തന്നെ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മിയും ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. രാജ്യത്തെ കയറ്റുമതി, ഇറക്കുമതി വിവരങ്ങളുടെ കണക്കുകള്‍ വിശദീകരിക്കുന്നതാണ് കറന്റ് അക്കൗണ്ട്. രാജ്യത്തെ കയറ്റുമതി ഇറക്കുമതിയേക്കാള്‍ കൂടുതലാണെങ്കില്‍ കറന്റ് അക്കൗണ്ട് മിച്ചവും, കയറ്റുമതിയേക്കാള്‍ കൂടുതല്‍ ഇറക്കുമതിയാണെങ്കില്‍ കറന്റ് അക്കൗണ്ട് കമ്മിയുമായിരിക്കും. രണ്ടായിരത്തി ഇരുപത്തിരണ്ട് സാമ്പത്തിക വര്‍ഷത്തിലെ കറന്റ് അക്കൗണ്ട് കമ്മി മൂന്ന് വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 43.8 ബില്യണ്‍ ഡോളര്‍ ആണ്. ആഗോള സമ്പദ് വ്യവസ്ഥയില്‍ വര്‍ധിച്ചു വന്ന അനിശ്ചിതത്വവും അസ്വാഭാവികതയും കാരണം കയറ്റുമതിയുടെ കാര്യത്തില്‍ ഇന്ത്യ ചില തിരിച്ചടികള്‍ നേരിടാന്‍ കാരണമായേക്കും. ആഗോള തലത്തില്‍ വര്‍ധിച്ചു വരുന്ന ചരക്കു വിലയുടെയും തകര്‍ച്ച നേരിടുന്ന രൂപയുടെയും പശ്ചാത്തലത്തില്‍ ഇറക്കുമതി കൂടുതല്‍ ചെലവേറുമെങ്കിലും കയറ്റുമതി വിദേശ രാജ്യങ്ങളെ സംബന്ധിച്ച് ചെലവ് കുറവായിരിക്കും. അങ്ങനെ ആയിരിക്കെ ലോക രാജ്യങ്ങള്‍ക്ക് ആവശ്യമായ ചരക്കുകള്‍ കയറ്റി അയക്കുന്നതിലൂടെ രൂപയുടെ ഡിമാന്‍ഡ് വര്‍ധിക്കുകയും തകര്‍ച്ച നേരിടുന്ന അവസ്ഥയില്‍ നിന്ന് കരകയറുകയും ചെയ്‌തേക്കാം. എന്നാല്‍ ഇത് രാജ്യത്തെ മറ്റു സൂക്ഷ്മ, സ്ഥൂല സാമ്പത്തിക ഘടകങ്ങളെ പരിഗണിച്ചു കൊണ്ടായിരിക്കും എന്ന് മാത്രം.

പ്രാദേശിക മാര്‍ക്കറ്റില്‍ ഗോതമ്പിന്റെ വില വര്‍ധിച്ച സാഹചര്യത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പിന്റെ കയറ്റുമതി സര്‍ക്കാര്‍ നിയന്ത്രിച്ചത്. എന്നാലിത് അന്താരാഷ്ട്ര തലത്തില്‍ ഗോതമ്പിന്റെ വില വര്‍ധനവിന് സാഹചര്യം ഒരുക്കി. മറ്റു ചില രാജ്യങ്ങളും സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ വിപണി രൂക്ഷമായ പ്രതിസന്ധി നേരിട്ടു. ഈ സാഹചര്യത്തിലാണ് ഇന്റര്‍നാഷനല്‍ മോണിറ്ററി ഫണ്ട് ആശങ്ക അറിയിച്ചത്. തുടര്‍ന്ന് വിവിധ രാജ്യങ്ങള്‍ ഗോതമ്പ് കയറ്റുമതിയിലെ നിയന്ത്രണങ്ങള്‍ മയപ്പെടുത്തുകയും ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പ് കയറ്റുമതി ചെറിയ തോതില്‍ പുനരാരംഭിക്കുകയും ചെയ്തു. ആഗോളതലത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വില കുറയാന്‍ ഇത് സഹായകമാകും. റഷ്യയുടെ അധിനിവേശത്തെത്തുടര്‍ന്ന് യുക്രൈനില്‍ ഗോതമ്പ് ഉത്പാദനം കുറയുകയും പ്രധാന ധാന്യങ്ങളുടെ കയറ്റുമതിക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തതാണ് അന്താരാഷ്ട്ര വിപണിയില്‍ ഗോതമ്പിന്റെ വില കുതിച്ചുയരാന്‍ നിമിത്തമായത്.

ചുരുക്കത്തില്‍, സാമ്പത്തിക ആഗോളവത്കരണം വളരെ ശക്തമായ കാലത്ത് ഏതെങ്കിലും ഒരു രാജ്യത്ത് പ്രതിസന്ധി ഉണ്ടാകുമ്പോഴേക്കും അതിന്റെ അനുരണനങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും ആഗോളാടിസ്ഥാനത്തിലും പ്രാദേശികാടിസ്ഥാനത്തിലും സമ്പദ് ഘടനയില്‍ കാര്യമായ വ്യതിയാനങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. അതോടൊപ്പം ആഭ്യന്തരമായ വിഷയങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ സാമ്പത്തിക രംഗത്തെ സൂക്ഷ്മമായി പരിശോധിച്ച് കൃത്യമായ ദിശയിലേക്ക് നയിച്ചില്ലെങ്കില്‍ ഗുരുതരമായ തകര്‍ച്ചകള്‍ രാജ്യം നേരിടേണ്ടിവരും. രാജ്യത്തെ ജനങ്ങള്‍, പ്രത്യേകിച്ചും വരുമാനം കുറഞ്ഞ വിഭാഗക്കാര്‍, ഗൗരവമായ പ്രതിസന്ധിയിലേക്ക് വീഴുകയും ചെയ്യും.

---- facebook comment plugin here -----

Latest