Kerala
നഗരത്തെ വര്‍ണാഭമാക്കി ദഫ് ഘോഷയാത്ര; അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന് തുടക്കം
പരമ്പരാഗത ബൈത്തുകളുടെയും മദ്ഹ് ഗാനങ്ങളുടെയും അകമ്പടിയോടെ താളപ്പെരുക്കങ്ങള്‍ തീര്‍ത്ത് ഉയര്‍ന്നും താഴ്ന്നും ചെരിഞ്ഞും ചുവടുകള്‍ വെച്ചു ദഫ്മുട്ടി നീങ്ങിയ സംഘങ്ങള്‍ നഗരത്തില്‍ സമ്മേളനത്തിന്റെ ഓളം സൃഷ്ടിച്ചു.

കോഴിക്കോട് | മുഹമ്മദ് നബിയുടെ 1500-ാമത് ജന്മദിനത്തിന്റെ ഭാഗമായി 1500 കലാ പ്രതിഭകള്‍ അണിനിരന്ന വര്‍ണാഭമായ ഘോഷയാത്രയോടെ അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന് തുടക്കം. സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പങ്കാളിത്തത്തോടെ നടന്ന ഘോഷയാത്രക്ക് സാദാത്തുക്കളും പ്രാസ്ഥാനിക നേതാക്കളും നേതൃത്വം നല്‍കി. മര്‍കസ് കോംപ്ലക്‌സ് പരിസരത്തു നിന്ന് ആരംഭിച്ച് അരയിടത്തുപാലം, മിനിബൈപ്പാസ് വഴി സമ്മേളന നഗരിയായ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ റാലി സമാപിച്ചു.
പരമ്പരാഗത ബൈത്തുകളുടെയും മദ്ഹ് ഗാനങ്ങളുടെയും അകമ്പടിയോടെ താളപ്പെരുക്കങ്ങള്‍ തീര്‍ത്ത് ഉയര്‍ന്നും താഴ്ന്നും ചെരിഞ്ഞും ചുവടുകള്‍ വെച്ചു ദഫ്മുട്ടി നീങ്ങിയ സംഘങ്ങള്‍ നഗരത്തില്‍ സമ്മേളനത്തിന്റെ ഓളം സൃഷ്ടിച്ചു. വ്യത്യസ്ത വസ്ത്രാലങ്കാരങ്ങളും കൊടിതോരണങ്ങളും വൈവിധ്യമാര്‍ന്ന പ്രകടനങ്ങളും ഘോഷയാത്രക്ക് മിഴിവേകി.
മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി, വിപിഎം ഫൈസി വില്യാപ്പള്ളി, അബൂ ഹനീഫല്‍ ഫൈസി തെന്നല, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ജിഫ്രി, സയ്യിദ് സൈനുല്‍ ആബിദീന്‍ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് ബാഫഖി, സയ്യിദ് സൈന്‍ ബാഫഖി കൊയിലാണ്ടി, സയ്യിദ് മുഹമ്മദ് ബാഫഖി, സയ്യിദ് എസ് കെ തങ്ങള്‍, മുഹ്യിദ്ദീന്‍ സഅദി കൊട്ടുക്കര, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, സിപി ഉബൈദുല്ല സഖാഫി, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂര്‍, പി മുഹമ്മദ് യൂസുഫ്, എന്‍ അലി അബ്ദുല്ല, മജീദ് കക്കാട്, പ്രൊഫ. എകെ അബ്ദുല്‍ ഹമീദ്, സമസ്ത, കേരള മുസ്ലിം ജമാഅത്ത്, എസ് വൈ, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ ജില്ലാ നേതാക്കള്‍ ഘോഷയാത്രക്ക് നേതൃത്വം നല്‍കി.