Uae
ദുബൈ മെഡിക്കൽ സിറ്റിക്ക് 1.3 ബില്യൺ ദിർഹത്തിന്റെ വികസന പദ്ധതി
ഓഫീസ് കെട്ടിടം, സ്‌പെഷ്യലൈസ്ഡ് മെഡിക്കൽ കോംപ്ലക്‌സ് നിർമിക്കും

ദുബൈ| ദുബൈ മെഡിക്കൽ സിറ്റി അതോറിറ്റി, 1.3 ബില്യൺ ദിർഹത്തിന്റെ ദുബൈ ഹെൽത്ത്‌കെയർ സിറ്റി വികസന പദ്ധതി പ്രഖ്യാപിച്ചു. ദുബൈയിലെ ഊദ് മേത്ത ഏരിയയിലുള്ള ദുബൈ മെഡിക്കൽ സിറ്റി ഫേസ് വണ്ണിന്റെ ഭാഗമായാണ് പുതിയ പദ്ധതികൾ. എനർജി ആൻഡ് എൻവയോൺമെന്റൽ ഡിസൈനിൽ ലീഡ് പ്ലാറ്റിനം റേറ്റിംഗ് നേടിയ ഓഫീസ് കെട്ടിടം, മെഡിക്കൽ കോംപ്ലക്‌സ്, അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പദ്ധതിയിൽ പെടും.
കൂടുതൽ പ്രാദേശികവും വിദേശീയവുമായ നിക്ഷേപം ആകർഷിക്കുകയും നവീകരണത്തെ പിന്തുണക്കുകയും ചെയ്യുന്ന ഒരു സംയോജിത സംവിധാനം കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിബദ്ധതയെ വ്യകസനം പ്രതിഫലിപ്പിക്കുന്നുവെന്ന് അതോറിറ്റി സി ഇ ഒ ഇസ്സാം കൽദാരി പറഞ്ഞു.
മൂന്ന് നിലകളുള്ള താഴത്തെ നിലയും ഒമ്പത് നിലകളുള്ള മുകളിലെ നിലയുമടക്കം 13,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഓഫീസ് കെട്ടിടം. സ്‌പെഷ്യലൈസ്ഡ് മെഡിക്കൽ കോംപ്ലക്‌സ് 5,800 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഓപറേഷൻ റൂമുകൾ, ലബോറട്ടറികൾ, ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകൾ, വിവിധ മെഡിക്കൽ യൂണിറ്റുകൾ എന്നിവ ഉൾക്കൊള്ളുന്നതുമാണ്. നിർമാണ പ്രവർത്തനങ്ങൾ ഡിസംബറിൽ ആരംഭിക്കുമെന്നും 2027 നവംബറിൽ പൂർത്തിയാക്കുമെന്നും അധികൃതർ അറിയിച്ചു.