Connect with us

Uae

ഡ്രൈവർ രഹിത യാത്രാമേഖല പ്രഖ്യാപിച്ച് ദുബൈ

മേഖല 15 കിലോമീറ്റർ നീളത്തിൽ

Published

|

Last Updated

ദുബൈ|ദുബൈയിൽ 15 കിലോമീറ്റർ നീളമുള്ള ഡ്രൈവർ രഹിത യാത്രാമേഖല പ്രഖ്യാപിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ ടി എ). ദുബൈ വേൾഡ് കോൺഗ്രസ് ആൻഡ് ചലഞ്ച് ഫോർ സെൽഫ് ഡ്രൈവിംഗ് ട്രാൻസ്‌പോർട്ടിലാണ് ഈ പ്രഖ്യാപനം നടത്തിയത്. ഡ്രൈവർ രഹിത വാഹനങ്ങൾ ഉപയോഗിച്ച് കരയിലും വെള്ളത്തിലുമുള്ള യാത്രകൾക്ക് ഈ മേഖലയിൽ സൗകര്യമുണ്ടാകും.

2030-ഓടെ ദുബൈയിലെ 25 ശതമാനം ഗതാഗതവും ഡ്രൈവർ രഹിതമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണ് ഈ സംരംഭം. ദുബൈ മെട്രോ ഗ്രീൻ ലൈനിലെ അൽ ജദ്ദാഫിലുള്ള ക്രീക്ക് സ്റ്റേഷന് ചുറ്റുമുള്ള പ്രദേശങ്ങളെ ബന്ധിപ്പിച്ച് ദുബൈ ക്രീക്ക് ഹാർബർ, ദുബൈ ഫെസ്റ്റിവൽ സിറ്റി എന്നിവിടങ്ങളിലേക്കാണ് ഈ ഡ്രൈവർ രഹിത മേഖല വ്യാപിപ്പിക്കുന്നത്.
ഈ മേഖലയിൽ സഞ്ചരിക്കാൻ മെട്രോ, ഓട്ടോണമസ് ടാക്‌സി, ഷട്ടിൽ ബസ്, അബ്ര, മറ്റ് മറൈൻ ട്രാൻസ്‌പോർട്ടുകൾ എന്നിവ ഉപയോഗിക്കാമെന്ന് ആർ ടി എയിലെ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സി ഇ ഒ അഹ്‌മദ് ബഹ്റൂസിയാൻ പറഞ്ഞു.

ക്രീക്ക് സ്റ്റേഷനിലിറങ്ങിയ ശേഷം സ്വയംനിയന്ത്രിത ബസ്സോ അബ്രയോ ഉപയോഗിച്ച് ദുബൈ ക്രീക്ക് ഹാർബറിലേക്കോ ദുബൈ ഫെസ്റ്റിവൽ സിറ്റിയിലേക്കോ പോകാൻ കഴിയും. ഈ മേഖലയിലെ റോഡ് ശുചീകരണ വാഹനങ്ങൾ പോലും ഡ്രൈവർ രഹിതമായിരിക്കും. ദുബൈയുടെ ഗതാഗത ഭാവിയുടെ നേർക്കാഴ്ചയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.