Kerala
സ്വപ്‌നയുടെ സത്യവാങ്മൂലം പുറത്ത്; മകള്‍ക്ക് വേണ്ടി മുഖ്യമന്ത്രി ഷാര്‍ജ ഭരണാധികാരിയുടെ സഹായം തേടിയെന്ന്
കോണ്‍സുല്‍ ജനറലിന്റെ വീട്ടില്‍ നിന്നാണ് ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പ് കൊണ്ടുപോയതെന്നും ചെമ്പിന് സാധാരണയില്‍ കവിഞ്ഞ വലുപ്പമുണ്ടായിരുന്നുവെന്നും സ്വപ്‌ന

കൊച്ചി | സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് എറണാകുളം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ പുറത്ത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങളാണ് സത്യവാങ്മൂലത്തിലുള്ളത്. മകളുടെ ബിസിനസിന് മുഖ്യമന്ത്രി ഷാര്‍ജ ഭരണാധികാരിയുടെ സഹായം തേടിയെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. കോണ്‍സുല്‍ ജനറലിന്റെ വീട്ടില്‍ നിന്നാണ് ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പ് കൊണ്ടുപോയതെന്നും ചെമ്പിന് സാധാരണയില്‍ കവിഞ്ഞ വലുപ്പമുണ്ടായിരുന്നുവെന്നും സ്വപ്‌ന വെളിപ്പെടുത്തുന്നു.
2017-ല്‍ ഷാര്‍ജ ഭരണാധികാരി കേരളം സന്ദര്‍ശിച്ചപ്പോഴാണ് മുഖ്യമന്ത്രി മകള്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്തതെന്നാണ് സത്യവാങ്മൂലത്തിലെ ആരോപണം. ക്ലിഫ് ഹൗസില്‍ വെച്ചുള്ള കൂടിക്കാഴ്ചക്കിടെ മകള്‍ വീണ വിജയന് ഐടി സംരംഭം തുടങ്ങുന്നതിനുള്ള താത്പര്യം മുഖ്യമന്ത്രി ഷാര്‍ജ ഭരണാധികാരിയെ അറിയിച്ചുവെന്നും എന്നാല്‍ ഷാര്‍ജയില്‍ നിന്നുള്ള എതിര്‍പ്പ് മൂലം ഇത് നടന്നില്ലെന്നും സ്വപ്‌ന ആരോപിക്കുന്നു.
സാധാരത്തേതിലും വലിയ ചെമ്പാണ് കോണ്‍സുല്‍ ജനറലിന്റെ വീട്ടില്‍ നിന്ന് ക്ലിഫ് ഹൗസില്‍ എത്തിച്ചത്. നാല് പേര്‍ പിടിച്ചാണ് ചെമ്പ് കൊണ്ടുവന്നത്. ചെമ്പ് ഫോയില്‍ഡ് പേപ്പര്‍ കൊണ്ട് പൊതിഞ്ഞതിനാല്‍ അതില്‍ എന്താണെന്ന് വ്യക്തമായില്ല. ചെമ്പ് ക്ലിഫ് ഹൗസില്‍ എത്തുന്നതുവരെ കോണ്‍സുര്‍ ജനറല്‍ അസ്വസ്ഥനായിരുന്നുവെന്നും സ്വപ്‌നയുടെ സത്യവാങ്മൂലത്തിലുണ്ട്.
മുഖ്യമന്ത്രിയും കുടുംബവുമായി താന്‍ പലതവണ ക്ലിഫ് ഹൗസില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യമൊഴിക്ക് മുമ്പ് സ്വപ്ന കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലെ വിവരങ്ങളും പുറത്തുവരുന്നത്. ജൂൺ ആറിനാണ് സ്വപ്ന സത്യവാങ്മൂലം സമർപ്പിച്ചത്.