Connect with us

Editorial

ഉപരോധത്തിലെ ഇരട്ടത്താപ്പ്

ഇറാനെ ഉപരോധം കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ പ്രചാരണമെങ്കിലും, ഏകപക്ഷീയവും അന്യായവുമായ ഉപരോധത്തെ അതിജീവിച്ച് കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുമെന്നാണ് ഇറാന്‍ ഭരണകൂടത്തിന്റെ പ്രതികരണം.

Published

|

Last Updated

ഇറാനെതിരെ വീണ്ടും ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നു യു എന്‍. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ (ഐ എ ഇ എ) മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും ആണവ സമ്പുഷ്ടീകരണത്തെക്കുറിച്ച് അമേരിക്കയുമായി ചര്‍ച്ച നടത്തുന്നതിലും ഇറാന്‍ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് പുതിയ നടപടി. 2015ലെ ആണവ കരാറില്‍ ഉള്‍പ്പെടുത്തിയ ‘സ്നാപ്പ്ബാക്ക്’ വ്യവസ്ഥ പ്രകാരം ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും ചേര്‍ന്നാണ് ഉപരോധം പ്രഖ്യാപിച്ചത്. വിദേശ രാഷ്ട്രങ്ങളിലെ ഇറാന്റെ ആസ്തികള്‍ മരവിപ്പിക്കുക, ഇറാനുമായുള്ള ആയുധ ഇടപാടുകള്‍ നിര്‍ത്തലാക്കുക, ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്ക് സഹായം നല്‍കുന്ന രാജ്യങ്ങള്‍ക്ക് പിഴ ചുമത്തുക എന്നിവയാണ് ഉപരോധത്തെ തുടര്‍ന്ന് നിലവില്‍ വന്ന അച്ചടക്ക നടപടികള്‍. ഇന്ത്യക്കും തിരിച്ചടിയാണ് ഉപരോധം. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ തടസ്സമുണ്ടെങ്കില്‍ ഇറാനില്‍ നിന്നോ വെനിസ്വേലയില്‍ നിന്നോ വാങ്ങിക്കാമെന്നാണ് ഇന്ത്യ അഭിപ്രായപ്പെട്ടത്. ഉപരോധം നിലവില്‍ വന്നതോടെ ഇന്ത്യക്ക് ഇറാനില്‍ നിന്ന് എണ്ണ വാങ്ങാനാകില്ല.

ജൂണിലെ പന്ത്രണ്ട് ദിവസത്തെ യുദ്ധത്തെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുകയും രൂക്ഷമായ വിലക്കയറ്റത്തെ അഭിമുഖീകരിക്കുകയും ചെയ്യുന്ന ഇറാനെ ഉപരോധം കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ പ്രചാരണമെങ്കിലും, ഏകപക്ഷീയവും അന്യായവുമായ ഉപരോധത്തെ അതിജീവിച്ച് കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുമെന്നാണ് ഇറാന്‍ ഭരണകൂടത്തിന്റെ പ്രതികരണം. ഉപരോധ ഭീഷണിയെയും സമ്മര്‍ദ തന്ത്രങ്ങളെയും അവഗണിച്ച് സമാധാനപരമായി ആണവ പരിപാടി തുടരുമെന്ന് ഇറാന്റെ ആണവോര്‍ജ തലവന്‍ മുഹമ്മദ് ഇസ്ലാമിയും വ്യക്തമാക്കി. വിദേശ സമ്മര്‍ദങ്ങള്‍ക്ക് ഇറാന്റെ ആണവ പദ്ധതിയെ തടയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള ആണവ സഹകരണം നിര്‍ത്തിവെച്ചതായി ഇറാന്‍ പ്രഖ്യാപിക്കുകയും ചെയ്തു.

യു എന്‍ ഉപരോധം പ്രഖ്യാപിച്ചതിനു പിന്നാലെ പുതിയ നാല് ആണവ വൈദ്യുത ഉത്പാദന പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ റഷ്യയുമായി കരാറിലെത്തുകയും ചെയ്തിരിക്കുന്നു തെഹ്റാന്‍. ഇറാന്റെ ഹോര്‍മോസ് കമ്പനിയുമായി ചേര്‍ന്ന് ‘റൊസതോം’ (റഷ്യന്‍ ആണവ കോര്‍പറേഷന്‍) ആണവ പ്ലാന്റുകള്‍ നിര്‍മിക്കാന്‍ ധാരണയായ കാര്യം ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ‘ഇര്‍ന’യാണ് വെളിപ്പെടുത്തിയത്. കരാറിന്റെ കാര്യം റഷ്യന്‍ ആണവ കോര്‍പറേഷനും സ്ഥിരീകരിച്ചിട്ടുണ്ട്. കടുത്ത വൈദ്യുത ക്ഷാമം നേരിടുന്ന രാജ്യമാണ് ഇറാന്‍.

പല രാജ്യങ്ങളും നടത്തി വരുന്നുണ്ട് ആണവ പദ്ധതികള്‍. എങ്കിലും ഇറാന്റെ ആണവ പദ്ധതികള്‍ എപ്പോഴും വിവാദത്തിലാണ്. ലോകം ആശങ്കയോടെയാണ് ഇറാന്റെ പദ്ധതികളെ നോക്കിക്കാണുന്നത്. സമാധാന ആവശ്യങ്ങള്‍ക്കല്ല, ആണവായുധ നിര്‍മാണം ലക്ഷ്യമാക്കിയാണ് ഇറാന്റെ പദ്ധതികളെന്ന അമേരിക്കയുടെയും പാശ്ചാത്യശക്തികളുടെയും ഇസ്റാഈലിന്റെയും ശക്തമായ പ്രചാരണമാണ് ഇതിനു പിന്നില്‍. സമാധാന ആവശ്യങ്ങള്‍ക്ക് മാത്രമേ ആണവ ശേഖരം ഉപയോഗപ്പെടുത്തുകയുള്ളൂവെന്ന് ഇറാന്‍ ഭരണകൂടം ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിട്ടും അമേരിക്ക സമ്മതിക്കുന്നില്ല. ഈ തുറുപ്പു ചീട്ടുപയോഗിച്ചാണ് ഇസ്റാഈല്‍ നിരന്തരം ഇറാനെ ആക്രമിക്കുന്നതും യു എന്‍ ഉപരോധമേര്‍പ്പെടുത്തുന്നതും.

മൂന്ന് മാസം മുമ്പാണ് അമേരിക്കയുടെ സഹായത്തോടെ ഇറാനെതിരെ, ഇസ്റാഈല്‍ പന്ത്രണ്ട് ദിവസത്തെ (ജൂണ്‍13-24) യുദ്ധം നടത്തിയത്. ഇറാന്റെ ആണവ പദ്ധതിയും ബാലിസ്റ്റിക് മിസൈല്‍ ശേഷിയും തകര്‍ക്കുമെന്ന പ്രഖ്യാപനത്തോടെ നടത്തിയ ആക്രമണത്തില്‍ നതാന്‍സ്, ഇസ്ഫഹാന്‍, ഫോര്‍ദോ ആണവ കേന്ദ്രങ്ങള്‍ തകര്‍ത്തതായി ട്രംപും നെതന്യാഹുവും അവകാശവാദമുന്നയിക്കുകയും ചെയ്തു. ഇറാന്റെ ആണവ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്ന ആണവ ശാസ്ത്രജ്ഞരെയും ഉന്നത സൈനിക മേധാവികളെയും ഇന്റലിജന്‍സ് മേധാവികളെയും വധിക്കുക കൂടി ചെയ്ത സാഹചര്യത്തില്‍ സമീപ കാലത്തൊന്നും ഇറാന് ആണവ പദ്ധതികളിലേക്ക് തിരിച്ചു വരാനാകില്ലെന്നും അവര്‍ അവകാശപ്പെട്ടിരുന്നു.

ഇപ്പോള്‍ ഉപരോധമേര്‍പ്പെടുത്തിയതും ഇറാന്റെ ആണവ പദ്ധതികളെ ചൊല്ലി തന്നെ. പന്ത്രണ്ട് ദിന യുദ്ധം പരാജയമായിരുന്നുവെന്ന് സമ്മതിക്കുകയല്ലേ ഈ ഉപരോധത്തിലൂടെ പാശ്ചാത്യ ശക്തികള്‍? ഇസ്റാഈല്‍ ഇന്റലിജന്‍സ് വിഭാഗം ഫ്രാന്‍സിനോട് ഇക്കാര്യം നേരത്തേ തുറന്നു സമ്മതിച്ചതാണ്. ഇറാനിലെ ഭൂഗര്‍ഭ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇസ്റാഈല്‍ നിരന്തരം ബോംബിംഗ് നടത്തിയെങ്കിലും പ്ലാന്റുകള്‍ക്ക് കാര്യമായി പോറലേല്‍പ്പിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഇസ്റാഈല്‍ അമേരിക്കയുടെ നേരിട്ടുള്ള ഇടപെടലിന് ആവശ്യമുന്നയിച്ചതും അമേരിക്കയുടെ ബങ്കര്‍ ബസ്റ്റര്‍ മിസൈലുകള്‍ ഇറാനിലെ ആണവ നിലയങ്ങള്‍ ആക്രമിച്ചതും. എന്നാല്‍ അമേരിക്കന്‍ ദൗത്യവും പരാജയപ്പെടുകയായിരുന്നുവെന്ന് ഇസ്റാഈല്‍ തുറന്നു സമ്മതിച്ച കാര്യം ഫ്രഞ്ച് മാധ്യമമായ ‘ലിമോണ്‍’ ആണ് റിപോര്‍ട്ട് ചെയ്തത്. ആക്രമണ ശേഷവും വാതക രൂപത്തിലുള്ള 450 കി.ഗ്രാം സമ്പുഷ്ടീകൃത യുറേനിയം ഇറാന്റെ ശേഖരത്തിലുണ്ടെന്ന് വിവരം ലഭിച്ചതായും ഇസ്റാഈല്‍ വെളിപ്പെടുത്തിയതായി ‘ലിമോണ്‍’ റിപോര്‍ട്ട് ചെയ്തു. പ്രമുഖ ആണവ ശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടിട്ടും ഇറാന്റെ ആണവ വൈദഗ്ധ്യത്തിന് ക്ഷതമേറ്റിട്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.

1950കളില്‍ പഹ്ലവി രാജ ഭരണകാലത്ത് അമേരിക്കയുടെ സഹകരണത്തോടെയാണ് ഇറാന്‍ ആണവ പദ്ധതി ആരംഭിച്ചതും 1970കളില്‍ പവര്‍ റിയാക്ടര്‍ പദ്ധതികളോടെ അത് വികസിപ്പിച്ചതും. 1979ലെ വിപ്ലവത്തിനു ശേഷം ഇറാന്‍ ഇസ്റാഈലിന് ഭീഷണിയായി തീരുമോ എന്ന ആശങ്കയില്‍ നിന്നാണ് അമേരിക്കയും പാശ്ചാത്യ ലോകവും ഇറാന്റെ ആണവ പ്രവര്‍ത്തനം നിയന്ത്രിക്കണമെന്ന തീരുമാനത്തില്‍ എത്തുന്നത്. പിഞ്ചുകുഞ്ഞുങ്ങളെയും നിരപരാധികളായ സ്ത്രീകളെയുമടക്കം പതിനായിരക്കണക്കിന് ഫലസ്തീനികളെ ക്രൂരമായി കൊന്നൊടുക്കുന്ന ഇസ്റാഈലിന്റെ സംരക്ഷണം മാത്രമാണ് അവരുടെ അജന്‍ഡ.

 

---- facebook comment plugin here -----

Latest