Cover Story
വിളിയാളം കേൾക്കുന്നേരം പോകണ്ടേ...
മാപ്പിളപ്പാട്ടിന്റെ കിരികിരി ചെരുപ്പിമ്മേലേറി വന്നു അന്പത് വർഷക്കാലം നമ്മുടെ മനസ്സിൽ ഇശൽമഴ പെയ്യിച്ച് തഴുകിത്തലോടി നിനച്ചിരിക്കാത്ത വേളയിൽ മറഞ്ഞുപോയ പാട്ടിന്റെ പൂങ്കുയിൽ നാദമായ വിളയിൽ ഫസീലയുടെ പാട്ടോർമകളിലെ അനർഘ നിമിഷങ്ങൾ പങ്കുവെക്കുകയാണ് മാപ്പിളപ്പാട്ട് രചയിതാവ് ബാപ്പു വെള്ളിപറന്പ്.

മറിമായമേറുന്ന ദുനിയാവ് കണ്ടിട്ട്
മറിയാതിരിക്കാൻ കനിവ് നീട്ട് – റബ്ബെ
മരണ നേരത്ത് സുവർക്കം കാട്ട്…
ഖല്ലഖായുള്ളോനെ നിന്റെ രിളാക്കെന്റെ
ഖൽബിന്റെ കൈക്കുമ്പിൾ നീട്ടിക്കൊണ്ടേ നിൽപ്പൂ
കണ്ണിൽ കണ്ണീരുമൊഴുക്കിക്കൊണ്ടേ…
മാപ്പിളപ്പാട്ടിന്റെ വേദികളിൽ മുഴങ്ങിക്കേട്ട ഈ അനശ്വര ഗാനം പ്രശസ്ത കവി പി ടി അബ്ദുർറഹ്മാൻ രചിച്ച് മാപ്പിളപ്പാട്ടിലെ റാണി എന്ന് മാപ്പിള ഗാനാസ്വാദകർ വിശേഷിപ്പിച്ച, നെഞ്ചേറ്റിക്കൊണ്ട് നടന്ന വിളയിൽ ഫസീല പാടിയതാണ്. 1970 കാലഘട്ടത്തിൽ ചീക്കോട് പഞ്ചായത്തിലെ വിളയിൽ പറപ്പൂര് എന്ന ഗ്രാമത്തിൽ നിന്ന് പൊതുപ്രവർത്തകനായ കാരിക്കുഴിയൻ മുഹമ്മദ് കുട്ടി മാഷാണ് വിളയിൽ വത്സല എന്ന കൊച്ചു മിടുക്കിയെ കണ്ടെത്തി വി എം കുട്ടി മാഷിന് പരിചയപ്പെടുത്തിക്കൊടുക്കുന്നത്. കോഴിക്കോട് ആകാശവാണിയിൽ ബാലലോകം പരിപാടിയിലേക്ക് പാടാനാണ് വത്സലയെ തിരഞ്ഞെടുക്കുന്നത്. നാലാം ക്ലാസ്സിലോ മറ്റോ പഠിക്കുന്ന പ്രായത്തിൽ പാട്ടിനെ ഒരു ഗൗരവമായി കണ്ടൊന്നുമായിരുന്നില്ല ഫസീല പാടിയിരുന്നത്. പക്ഷേ, അതൊരു തുടക്കമായിരുന്നു. വി എം കുട്ടി മാഷ് നടത്തുന്ന ഗാനമേളയിലേക്ക് അങ്ങനെ ആ പത്ത് വയസ്സുകാരി തിരഞ്ഞെടുക്കുകയും ആ വർഷം മദിരാശിയിൽ ( ഇന്നത്തെ ചെന്നൈ) പോയി കിരികിരി ചെരുപ്പിമ്മൽ അണിഞ്ഞുള്ള പുതുനാരി… എന്ന ഗാനം ആലപിക്കുകയും ചെയ്തു. അക്കാലത്ത് പാട്ട് പാടാനോ കേൾക്കാനോ ഉള്ള ഒരേയൊരു അവസരം ഗ്രാമഫോൺ റിക്കാർഡ് മാത്രമായിരുന്നു. കല്യാണ വീടുകളിൽ പുതുപ്പെണ്ണ് വരുമ്പോൾ കിരികിരി ചെരുപ്പിമ്മേൽ എന്ന പാട്ട് തെങ്ങിൻ മേലെ കെട്ടിയ ഹോണിലൂടെ ഒഴുകിവരുമായിരുന്നു. ആ പാട്ട് മനസ്സിലേറ്റി വത്സല എന്ന കൊച്ചു മിടുക്കിയെ അംഗീകരിക്കുകയായിരുന്നു പാട്ടുപ്രേമികൾ. തുടർന്ന് കല്യാണ വീടുകളിലും രാഷ്ട്രീയ സാംസ്‌കാരിക വേദികളിലും വി എം കുട്ടി – വിളയിൽ വത്സല എന്ന ഗായക സംഘത്തിന്റെ മാപ്പിളഗാന മേള കൂടി അരങ്ങേറുമെന്ന നോട്ടീസ് കാണുന്നതോടുകൂടി ആയിരങ്ങൾ അവിടെ തടിച്ചുകൂടാൻ തുടങ്ങി. പാട്ടിന്റെ കൂടെ ഖുർആനിലെ ആയത്തുകളും ഇമാം ബൂസൂരിയുടെ ബുർദയും അറബി, ഉറുദു ഗാനങ്ങളുൾപ്പെടെ അറബി അക്ഷരങ്ങൾ ഒരു തെറ്റും കൂടാതെ വിളയിൽ വത്സല എന്ന പെൺകുട്ടി ആലപിച്ചതോടു കൂടി മലബാറിലെങ്ങും ആ സംഗീത ട്രൂപ്പ് ജൈത്രയാത്ര തുടരുകയായിരുന്നു. വി എം കുട്ടി രചനയും സംഗീതവും നിർവഹിച്ച
ഹജ്ജിന്റെ രാവിൽ കഅബ കിനാവ് കണ്ട്
ശജ്‌റത്ത് പൂത്ത സുവർക്കത്തിൻ വാതിൽ കണ്ട്
ജന്നാത്തുൽഫിർദൗസിൽ ചേരാനെനിക്ക് മോഹം
ഹൗളുൽ കൗസർ കുടിക്കാനെനിക്ക് ദാഹം
പി ടി അബ്ദുർറഹ്മാൻ എഴുതി കോഴിക്കോട് അബൂബക്കർ സംഗീതം നിർവഹിച്ച
ഉടനെ കഴുത്തെന്റെതറുക്കൂ ബാപ്പാ
ഉടയോൻ തുണയില്ലെ നമുക്ക് ബാപ്പാ
ആറ്റക്കനിമോനെ ഇതാ നിന്നേപ്പോൽ
ഏറ്റം സുഖമെന്റെ മനസ്സിലിപ്പോൾ…
തുടങ്ങിയ ഗാനങ്ങൾ കൂടി ഗ്രാമഫോൺ റെക്കോർഡിൽ പുറത്തിറങ്ങിയതോടെ വിളയിൽ ഫസീല മലബാറിന്റെ കല്യാണ വീടുകളിൽ പാട്ടുകൊണ്ട് മണിയറയൊരുക്കുകയായിരുന്നു. മാസത്തിൽ മുപ്പത് സ്റ്റേജുകൾ. ഊണും ഉറക്കവുമില്ലാതെ മാപ്പിളപ്പാട്ടിന്റെ സുവർണ കാലഘട്ടത്തിൽ പണത്തിനേക്കാൾ ഉപരി പാട്ടിനോടുള്ള സമർപ്പണമായിരുന്നു. ഒരു ഫെബ്രുവരി മാസത്തിൽ രാവും പകലുമെന്നില്ലാതെ വി എം കുട്ടി- വത്സല ടീമിന് മുപ്പത്തിമൂന്ന് സ്റ്റേജുകൾ ഉണ്ടായിട്ടുള്ള ഓർമകൾ പലപ്പോഴും ഫസീല എന്നോട് പങ്ക് വെച്ചിട്ടുണ്ട്. ഇന്നത്തെപ്പോലെ ആയിരുന്നില്ല. ഒന്നോ രണ്ടോ സ്‌റ്റേജിൽ അവതരിപ്പിച്ച പാട്ടുകൾ മാറ്റി നിർമിച്ച് പരിപാടിക്ക് മാറ്റുകൂട്ടുമായിരുന്നു വി എം കുട്ടി മാഷ്. വി എം കുട്ടി എഴുതി സംഗീതം നിർവഹിച്ച
നമസ്‌കരിക്കും നോമ്പുപിടിക്കും
സുന്നത്തെടുക്കും ദുആ ഇരക്കും
പുറത്തിറങ്ങിയാൽ പിന്നെ നുണ പറയും
നിത്യം അപരന്റെ പച്ച മാംസം കൊത്തിവലിക്കും…
വി എം കുട്ടി എഴുതിയ
പൂരം കാണുന്ന ചേല്ക്ക് നമ്മളെ
തുറിച്ചുനോക്ക്ണ കാക്കാ നിങ്ങളെ
സ്വർണം പൂശിയ പല്ലുകൾ കണ്ട് മയങ്ങൂലാ
പടച്ചോനാണെ വണ്ടിയിൽ നമ്മള് കേറൂലാ…..
സാമൂഹിക വിമർശനങ്ങളും പുത്തൻ പണക്കാരുടെ ഗർവിനെയും സ്ത്രീധനം പോലുള്ള വലിയ വിപത്തിനെക്കുറിച്ചുമുള്ള പാട്ടുകളും അക്കാലങ്ങളിൽ ധാരാളമുണ്ടായി.
പൊന്നും മിന്നും താലിയും മാലകളേറെ ലഭിക്കാഞ്ഞാൽ
പെൺകുട്ടികളെ കെട്ടുകയില്ലീകാലത്ത്
പുരുഷന്മാരെ ചന്തയിലെ വൻ കാലിക്കച്ചവടം പോൽ
വിൽക്കുകയാണ് പടച്ചോനെ ഈ ലോകത്ത്…
ഇങ്ങനെ ഹിറ്റു പാട്ടുകളുടെ പത്തരമാറ്റ് തീർക്കുന്ന ഗ്രാമഫോൺ റെക്കാർഡുകൾ പുറത്തിറങ്ങിയതോടുകൂടി വി എം കുട്ടി – വിളയിൽ ഫസീല ടീം ഉയരങ്ങളിലേക്ക് കുതിച്ചുകയറുകയായിരുന്നു.
1978 കാലമെത്തിയപ്പോഴേക്കും ഗൾഫ് മലയാളികളുടെ പ്രവാസലോകത്തേക്കുള്ള കുതിപ്പ് തുടരുന്ന നല്ല നേരത്താണ് മാപ്പിളപ്പാട്ടിലെ രചനാ ലോകവും കിനാവ് കണ്ട് എളിയവനായ ഞാൻ പാട്ടിലേക്ക് വരുന്നത്. 1997ൽ തന്നെ പാട്ടുകളെഴുതി പുസ്തകമാക്കി അച്ചടിച്ചു നാടുതോറും ഞാനും സുഹൃത്ത് ടി കെ എം കോയയും വിറ്റുനടക്കുന്ന കാലം. ടി കെ എം കോയ ആണിന്റെയും പെണ്ണിന്റെയും ശബ്ദത്തിൽ പാടി ശ്രദ്ധേയനാണ്. ഗാനമേള രംഗത്ത് പുതുമകൾ തേടിക്കൊണ്ടിരുന്ന വി എം കുട്ടി മാഷ് ടി കെ എം കോയയെ അദ്ദേഹത്തിന്റെ സംഘത്തിൽ ചേർത്തു. 1978 സെപ്തംബർ മാസം 24ന് ടി കെ എം കോയയുടെ വിവാഹത്തിനാണ് ആദ്യമായി വി എം കുട്ടിയും വിളയിൽ ഫസീലയും എന്റെ നാട്ടിൽ വരുന്നത്. ധാരാളം ആളുകൾ ആ ഗാനമേള കേൾക്കാൻ കോയയുടെ വീട്ടിൽ തടിച്ചുകൂടി. ഈ വിവാഹ പരിപാടിക്ക് കോയയെ കുറിച്ച് എഴുതിയ ഒരു മംഗള ഗാനം ഇങ്ങനെയായിരുന്നു.
കല്ലായിപ്പുഴയിലെ കുളിർകാറ്റെ
കല്യാണപ്പന്തലിൽ വന്നാട്ടെ
കല്യാണമാരനും നാരിക്കും
നല്ലോണം മംഗളം നേർന്നാട്ടെ
ഞാൻ എഴുതി വി എം കുട്ടിയുടെ കൈയിൽ കൊടുക്കുകയും ആ ഗാനം വിളയിൽ ഫസീല കല്യാണ വീട്ടിൽ വെച്ച് ആലപിക്കുകയും ചെയ്തു. 1978 ൽ തുടങ്ങിയ ബന്ധം. തുടർന്ന് വി എം കുട്ടി- വിളയിൽ ഫസീല ടീമിലെ സ്ഥിരം എഴുത്തുകാരനായി ഞാൻ മാറുകയായിരുന്നു. പാട്ടിനേക്കാൾ കൂടുതൽ സാഹിത്യപരമായും രചനാപരമായും അവഗാഹമുള്ള വി എം കുട്ടി മാഷിന്റെ ശിക്ഷണത്തിൽ ഞാനും മെല്ലെ വളർച്ചയുടെ പടവുകൾ കയറി.
അക്കാലത്താണ് ഒരുപാട് ഹിറ്റു പാട്ടുകൾ വിളയിൽ ഫസീലക്ക് വേണ്ടി എനിക്ക് എഴുതാൻ സാധിച്ചത്. വി എം കുട്ടിയുടെ ടീമിനെ പോലെ തന്നെ എരഞ്ഞോളി മൂസ്സ- പീർ മുഹമ്മദ് , കെ എസ് മുഹമ്മദ് കുട്ടി- എം പി ഉമർ കുട്ടി തുടങ്ങി ഒട്ടേറെ പ്രശസ്തരും രംഗത്ത് വരികയും പാട്ടിന് പാട്ട് വെച്ച് മത്സരിക്കുന്ന ഒരു രീതി ഇതര ഗായക സംഘങ്ങളുമായി നടന്നിരുന്നതും ഇക്കാലത്താണ്. കോഴിക്കോട് സാമൂതിരി കോളജ് അങ്കണത്തിൽ പതിനായിരങ്ങളായിരുന്നു ആ പരിപാടിക്ക് തടിച്ചുകൂടിയത്.
ഖദ്‌റെങ്ങും ചൊരിയുന്ന ഹയ്യുൽ ഖയ്യൂമായ
ഖുദ്‌റത്താലമയ്ത്തുള്ളോനെ
അഖിലമടങ്കലമയ്ത്ത് ഭരിക്കുന്നോനെ
അകവും പുറവും അറിയുന്ന തമ്പുരാനേ…
രക്തം കൊണ്ടിസ്‌ലാമിൽ ചിത്രം രചിച്ചുള്ള
ധീരർ ശുഹദാക്കളേ…
ഗുണമണിയായറസൂലുല്ലാ…
തുടങ്ങി ഒട്ടനവധി പാട്ടുകൾ കെ എസ് ഖാദർ, ഒ എം കരുവാരക്കുണ്ട്, പി ടി അബ്ദുർറഹ്മാൻ തുടങ്ങിയവരുടെ രചനകൾ കലാകേരളത്തിന് സംഭാവന ചെയ്ത് അനശ്വര ഗാനങ്ങൾ ഗാനാസ്വാദകർക്ക് നൽകി വിളയിൽ ഫസീല. ഗൾഫ് നാടുകളിൽ 1978 ലാണ് ആദ്യമായി വി എം കുട്ടി – ഫസീല സംഘം ഗാനമേള നടത്തുന്നത്. ഇക്കാലത്താണ് പ്രവാസി കൂട്ടായ്മയുടെ ഇഷ്ടപ്പെട്ട, പകരം വെക്കാനില്ലാത്ത ഗായികയായി ഫസീല ഉയർന്നുവന്നത്.
1998ഓടുകൂടി ഗ്രാമഫോൺ റെക്കോർഡ് മാറി കാസറ്റ് യുഗം വന്നതോടെ എനിക്ക് തിരക്ക് കൂടി. അക്കാലത്ത് ചെറിയൊരു ഗാനമേള സംഘത്തിനും രൂപം കൊടുത്തു. കലാരംഗത്ത് വളരെ തിരക്കുള്ള ആ കാലഘട്ടത്തിലാണ് വി എം കുട്ടിയുടെ ട്രൂപ്പിൽ നിന്നും വേർപിരിഞ്ഞു വിളയിൽ ഫസീലയും ഭർത്താവ് മുഹമ്മദലിയും എന്റെ വീട്ടിൽ വരുന്നത്. തത്കാലം ഒരു പുതിയ ഗായക സംഘം തുടങ്ങാനാണ് തീരുമാനമെന്നും അതിന് ബാപ്പു സാരഥ്യം വഹിക്കണമെന്നും അല്ലെങ്കിൽ എന്റെ ട്രൂപ്പിൽ ചേരാമെന്നും അവർ അറിയിച്ചു. വിളയിൽ ഫസീലയെപ്പോലുള്ള ഒരു വലിയ ഗായികയെ ഉൾപ്പെടുത്തിക്കൊണ്ട് പോകാവുന്ന ഒരു ട്രൂപ്പായിരുന്നില്ല എന്റെത്. ഞാൻ ആ ആവശ്യം നിരസിച്ചു. തുടർന്നും പലവട്ടം ആവശ്യപ്പെട്ടപ്പോൾ ഒടുവിൽ വിളയിൽ ഫസീലയെ ഉൽപ്പെടുത്തി ഞാനൊരു പുതിയ ഗായക സംഘത്തിന് രൂപം കൊടുത്തു. പിന്നീടങ്ങോട്ട് വിളയിൽ ഫസീല ഉത്തരവാദിത്വമുള്ള ഒരു ട്രൂപ്പിന്റെ അമരക്കാരിയായി മാറുകയായിരുന്നു. ആദ്യമായി മാർക്കോസ് എന്ന ഗായകനൊപ്പം കാസറ്റിൽ പാടുന്നത് എന്റെ ട്രൂപ്പിലെത്തിയപ്പോഴാണ്.
എന്റെ നേരിൻ മാർഗമൊന്ന് ഇസ്‌ലാമാണ്
എന്റെ ഖൽബിൽ തൂവെളിച്ചം ഖുർആനാണ്…
പതിവായ് ഞാൻ കരമുയർത്തി
പടച്ച റബ്ബോടിരന്നേ…
തുടങ്ങിയ കാസറ്റ് ഗാനങ്ങളിലൂടെ ഫസീലയുടെ മുന്നേറ്റമായിരുന്നു. 1989 ൽ ആരംഭിച്ച ആ ഗായകസംഘം 2000 വരെ നീണ്ടുനിന്നു. ഹിറ്റുകളുടെ പുതുമഴ തന്നെ മാപ്പിളപ്പാട്ട് ലോകത്തിന് തുടർന്നും വിളയിൽ ഫസീല നൽകിപ്പോന്നു. 1990ൽ അരീക്കോട് കടുങ്ങല്ലൂരിൽ നിന്നു ഫസീല പുതിയ വീടെടുത്ത് വെള്ളിപറമ്പിലേക്ക് കൂടുമാറി. ആയിരക്കണക്കിന് സ്റ്റേജ് പരിപാടികളും നൂറുകണക്കിന് കാസറ്റ് ഗ്രാമഫോൺ റെക്കോർഡുകളും പാടി മാപ്പിളപ്പാട്ടിന് ഇന്നത്തെ അംഗീകാരത്തിന്റെ ചങ്കേലസ്സ് കെട്ടിക്കൊടുക്കാൻ അര നൂറ്റാണ്ട് കാലം ഫസീല പാട്ടിന്റെ അരങ്ങത്ത് നിലയുറപ്പിച്ചു. ഏതൊരാളോടും, ചെറിയ കുട്ടിയോടു പോലും വലുപ്പ ചെറുപ്പമില്ലാതെ, ഒട്ടും അഹങ്കാരമേതുമില്ലാതെ സ്വഭാവ മഹിമയോടെ പെരുമാറിയതിന്റെ പ്രതിഫലനമാണ് ഫസീലയുടെ മരണ വിവരം അറിഞ്ഞു തിരുവനന്തപുരം മുതൽ കാസർകോട് വരെ നിന്നുള്ള ആബാലവൃദ്ധം ജനങ്ങൾ വെള്ളിപറമ്പിലേക്ക് പ്രവഹിച്ചുകൊണ്ടിരുന്നത്. 2023 ആഗസ്റ്റ് പന്ത്രണ്ടിന് പുലർച്ചെ ആ ശബ്ദം നിലയ്ക്കുകയായിരുന്നു. സുബ്ഹി നിസ്‌കാരവും ദുആയും കഴിഞ്ഞു തസ്ബീഹ് മാലയിൽ ദിക്ക്‌റുകൾ ചൊല്ലവേയാണ് ഈ ലോകത്തോട് വിട പറയുന്നത്.
മൗത്തണയും നേരത്തധിവേദനയാൽ നീറുമ്പോൾ
മനതാരിൽ ഈമാന്റെ പൂത്തിരി കാട്ട് കലിമത്തോതിടുവാൻ അന്നേരം നീ വിധികൂട്ട്….
ആ വലിയ കാലാകാരിക്ക് നാട് വിട പറയുന്ന വേളയിൽ ഞാൻ എഴുതി ഫസീല പാടിയ പാട്ടുകൾ എല്ലാ സോഷ്യൽ മീഡിയയിലും നിറഞ്ഞുനിന്നിരുന്നു. ആ സമയത്ത് ഇങ്ങനെ ഒരുപാട്ട് എഴുതേണ്ടിയിരുന്നില്ലയെന്ന് മനസ്സ് മന്ത്രിച്ചുകൊണ്ടേയിരുന്നു.
നടന്നു നടന്ന് നടന്ന് നമ്മൾ
ഖബറിലെത്തിച്ചേർന്നിടും
നാള് കൊഴിയും തോറും നമ്മുടെ
ആയുസ്സെണ്ണം കുറഞ്ഞിടും
വീർപ്പിതൊന്നു നിന്നുപോയാൽ
ഈ അഹന്ത തീർന്നിടും
വലിയവൻ തന്നുള്ളറൂഹവൻ
തന്നെ കൊണ്ട് പോയിടും….