editorial
മുട്ടുമടക്കരുത് നീതിന്യായ വ്യവസ്ഥ
സ്ത്രീസുരക്ഷയെക്കുറിച്ച് സദാ വാചാലരാണ് ഭരണകൂടവും രാഷ്ട്രീയ നേതാക്കളും. എന്നാൽ അധികാരത്തിൽ പിടിപാടുള്ള ഒരാൾക്കെതിരെ ഒരു സ്ത്രീ ഉയർത്തിയ പരാതിയിൽ നീതി നടപ്പാക്കുന്നതിലും ഇരക്കും കുടുംബത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിലും ഭരണ- നീതി സംവിധാനങ്ങൾ പരാജയപ്പടുമ്പോൾ എവിടെ സ്ത്രീസുരക്ഷ?
ഇന്ത്യൻ ജുഡീഷ്യറിയെ സംശയത്തിന്റെ നിഴലിലാക്കുന്നതാണ് സുപ്രീം കോടതിയിൽ നിന്നും വിവിധ ഹൈക്കോടതികളിൽ നിന്നും സമീപ കാലത്തുണ്ടായ പല ഉത്തരവുകളും. ഈ സന്ദേഹത്തിന് ആക്കം കൂട്ടുന്നതാണ് ഉന്നാവ ബലാത്സംഗ കേസിൽ കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതിയിൽ നിന്നുണ്ടായ വിധിപ്രസ്താവം. കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ബി ജെ പി നേതാവ് കുൽദീപ് സിംഗ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയുമായിരുന്നു ഹൈക്കോടതി.
ഒരു സാധാരണ ലൈംഗിക പീഡന കേസല്ല ഉന്നാവ. അധികാരത്തിന്റെ ഹുങ്ക്, പ്രതിക്ക് രാഷ്ട്രീയ സംരക്ഷണം, സാക്ഷികളുടെ നിശബ്ദീകരണം, അന്വേഷണ സംവിധാനങ്ങളുടെ നിശ്ചലത തുടങ്ങി നീതിയെ അട്ടിമറിക്കാവുന്ന പശ്ചാത്തലങ്ങളുണ്ട് ഈ കേസിന്. ശിക്ഷ മരവിപ്പിക്കുകയും പ്രതിക്ക് ജാമ്യം അനുവദിക്കുകയും ചെയ്ത കോടതി നടപടി നിയമവൃത്തങ്ങളിലടക്കം അമ്പരപ്പുളവാക്കാനും കോടതി നടപടിയുടെ വിശ്വാസ്യതയിൽ സംശയം ജനിപ്പിക്കാനും ഇടയാക്കിയതിന്റെ കാരണമിതാണ്. ജാമ്യം അവകാശമാണെന്നത് നിയമവ്യവസ്ഥയുടെ അടിസ്ഥാന തത്ത്വമാണെങ്കിലും എല്ലാ കേസിനും അത് ബാധകമല്ലെന്നും പ്രതിയുടെ സ്വാധീനവും മറ്റും കണക്കിലെടുത്തു വേണം കോടതികൾ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും അടുത്തിടെ സുപ്രീം കോടതി ഉണർത്തിയതാണ്. കൊടും കുറ്റവാളികളായ അഞ്ച് പേർക്ക് പാറ്റ്ന ഹൈക്കോടതി നൽകിയ ജാമ്യം റദ്ദാക്കിക്കൊണ്ടാണ്, ജാമ്യം അവകാശമെന്നത് സ്ഥിരം കുറ്റവാളികൾക്കും ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്തവർക്കും ബാധകമല്ലെന്ന് കഴിഞ്ഞയാഴ്ച ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് ചൂണ്ടിക്കാട്ടിയത്. നേരത്തേ ക്രിമിനൽ കേസിൽ പ്രതിയല്ലെങ്കിൽ പോലും ക്രൂരകുറ്റകൃത്യങ്ങളിൽ അറസ്റ്റിലായവർക്ക് ജാമ്യം നൽകുന്നത് ശ്രദ്ധിച്ചു വേണമെന്നും പരമോന്നത കോടതി ഉണർത്തി.
ഈ നിരീക്ഷണ പ്രകാരം ജാമ്യത്തിന് അർഹനാണോ കുൽദീപ് സിംഗ് സെൻഗാർ?
പ്രതിക്ക് ജാമ്യം അനുവദിക്കുമ്പോൾ അത് ഇരയുടെ ജീവന് ഭീഷണി സൃഷ്ടിക്കുമോ എന്ന് കൂടി പരിശോധിക്കേണ്ടതുണ്ട്. ഉന്നാവ കേസിന്റെ ചരിത്രത്തിലേക്ക് കണ്ണോടിക്കുമ്പോൾ ജാമ്യം ഇരയുടെ നിലനിൽപ്പിന് ഭീഷണിയാണെന്ന് നിസ്സംശയം ബോധ്യപ്പെടും. 2017 ജൂൺ നാലിനാണ് ഉന്നാവോയിൽ പതിനേഴുകാരിയായ പെൺകുട്ടിയെ ബി ജെ പി മുൻ എം എൽ എ കൂടിയായ കുൽദീപ് സെൻഗാറും അനുയായികളും തൊഴിൽ വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കൂട്ടബലാത്സംഗം ചെയ്തത്. ഈ ക്രൂരകൃത്യം ചെയ്തിട്ടും സെൻഗാറിന്റെ പേര് പോലീസ് എഫ് ഐ ആറിൽ ഉൾപ്പെടുത്തിയില്ല. പോലീസ് നിഷ്‌ക്രിയത്വം ആരോപിച്ച് പെൺകുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുമ്പിൽ ആത്മഹത്യാ ശ്രമം നടത്തിയതിനെ തുടർന്നാണ് സെൻഗാറിനെ പ്രതിചേർത്തത്. അതിനിടെ സെൻഗാറിന്റെ സഹോദരനും ഗുണ്ടകളും ചേർന്ന് പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയും മർദിക്കുകയും കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യുകയുമുണ്ടായി. പീഡനത്തിനിരയായ പെൺകുട്ടിയും അഭിഭാഷകനും സഞ്ചരിച്ച കാറിൽ ട്രക്കിടിച്ചുണ്ടായ അപകടവും കേസുമായി ചേർത്തിക്കാണേണ്ടതുണ്ട്. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ട് പേർ മരണപ്പെടുകയും അതിജീവിതക്കും അഭിഭാഷകനും പരുക്കേൽക്കുകയും ചെയ്തു.
സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകിയ ചൊവ്വാഴ്ചത്തെ ഹൈക്കോടതി വിധിക്കെതിരെ പ്രതിഷേധിച്ച അതിജീവിതയെയും മാതാവിനെയും പോലീസ് വേട്ടയാടുകയും ചെയ്തു. ഇരുവരെയും കസ്റ്റഡിയിലെടുത്ത പോലീസ് ബസിനുള്ളിൽ വെച്ച് മർദിക്കുകയും മാതാവിനെ ബസിൽ നിന്ന് പുറത്തേക്ക് ചാടാൻ നിർബന്ധിക്കുകയും ചെയ്തുവത്രെ. മാധ്യമങ്ങളുമായി സംസാരിക്കുന്നതിൽ നിന്ന് അവരെ വിലക്കുകയും ചെയ്തു. പ്രതിയുടെ രാഷ്ട്രീയ സ്വാധീനവും മുൻകാല സംഭവവികാസങ്ങളും പരിഗണിക്കുമ്പോൾ ജാമ്യം അനുവദിച്ച് പുറത്തുവിട്ട ഹൈക്കോടതി വിധി നീതിന്യായ വ്യവസ്ഥക്ക് കളങ്കമാണ്. ഇത് കേസിന്റെ നടത്തിപ്പിനെയും സാക്ഷികളുടെ സ്വാതന്ത്ര്യത്തെയും ബാധിക്കാനിടയുണ്ട്. ശക്തനായ പ്രതി പുറത്തു വിഹരിക്കുമ്പോൾ സാക്ഷികൾക്ക് നിർഭയമായി മൊഴി നൽകാൻ സാധ്യമാകണമെന്നില്ല. ജീവനിൽ ഭയന്ന് മൊഴിമാറ്റിപ്പറയാൻ നിർബന്ധിതരായേക്കും. വിചാരണ നീണ്ടുപോകാനും കേസിന്റെ ദിശ തന്നെ മാറാനും സാധ്യതയുണ്ട്. അധികാരമോ രാഷ്ട്രീയ സ്വാധീനമോ ഉള്ളവർക്ക് നിയമത്തിൽ ഇളവുണ്ടെന്ന ധാരണ സൃഷ്ടിക്കപ്പെടാനും ജുഡീഷ്യറിയുടെ വിശ്വാസ്യത നഷ്ടമാകാനും ഇടയാക്കും.
ജാമ്യം അനുവദിച്ചതോടെ ഇരയും കുടുംബവും വീണ്ടും ഭീഷണിയിലേക്കും കടുത്ത ആശങ്കയിലേക്കും തള്ളപ്പെടുകയും ചെയ്യും. ഇത് നീതിയുടെ പരാജയമാണ്. കോടതി മുറികളിൽ മാത്രം പോരാ നീതി; ഇരകളുടെ ദൈനംദിന ജീവിതത്തിലേക്ക് കൂടി എത്തിച്ചേരേണ്ടതുണ്ട്. നീതിന്യായ വ്യവസ്ഥ അധികാര കേന്ദ്രങ്ങൾക്ക് മുമ്പിൽ എത്രമാത്രം വഴങ്ങുന്നുവെന്നതിന്റെ ഭീതിദമായ ഓർമപ്പെടുത്തൽ കൂടിയാണിത്.
നിയമപരമായ ഒരു ഉത്തരവെന്നതിലുപരി രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ മൂല്യത്തെക്കുറിച്ച് ഒരു പുനർവിചിന്തനത്തിന് പ്രേരിപ്പിക്കുന്ന സംഭവം കൂടിയാണ് ഉന്നാവ കേസിലെ പ്രതിയുടെ ജാമ്യം. നിയമപുസ്തകത്തിലെ വരികളനുസരിച്ച് ജാമ്യം ശരിയായിരിക്കാമെങ്കിലും, ഇരയുടെ സുരക്ഷയും സാക്ഷികളുടെ സ്വാതന്ത്ര്യവും സമൂഹത്തിന്റെ നീതിബോധവും സംരക്ഷിക്കപ്പെടുന്നില്ലെങ്കിൽ നൈതികമായി അത് ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. നീതിയുടെ ആത്മാവ് നഷ്ടപ്പെടുത്തിയാകരുത് നിയമ പുസ്തകത്തിന്റെ അക്ഷരം പാലിക്കേണ്ടത്.
സ്ത്രീസുരക്ഷയെക്കുറിച്ച് സദാ വാചാലരാണ് ഭരണകൂടവും രാഷ്ട്രീയ നേതാക്കളും. എന്നാൽ അധികാരത്തിൽ പിടിപാടുള്ള ഒരാൾക്കെതിരെ ഒരു സ്ത്രീ ഉയർത്തിയ പരാതിയിൽ നീതി നടപ്പാക്കുന്നതിലും ഇരക്കും കുടുംബത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിലും ഭരണ- നീതി സംവിധാനങ്ങൾ പരാജയപ്പടുമ്പോൾ എവിടെ സ്ത്രീസുരക്ഷ? സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ പാർലിമെന്റ് നിയമം കൂടുതൽ കർക്കശമാക്കിയെങ്കിലും സ്വാധീനത്തിനു മുമ്പിൽ പ്രയോഗവത്കരണം സാധ്യമാകുന്നില്ലെങ്കിൽ നിയമനിർമാണം കൊണ്ടെന്ത് ഗുണം?



