editorial
പഹൽഗാമിനെ മതവുമായി ചേർത്തു വായിക്കരുത്
കശ്മീരിൽ പലപ്പോഴായി നടന്ന തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടത് ബഹുഭൂരിഭാഗവും മുസ്‌ലിംകളാണെന്ന വസ്തുതയും തീവ്രവാദി ആക്രമണങ്ങളെ ഇസ്‌ലാമുമായി കൂട്ടിക്കെട്ടാൻ ശ്രമിക്കുന്ന വിഷജീവികൾ കാണാതെ പോകരുത്.

പഹൽഗാം തീവ്രവാദി ആക്രമണത്തിനു മതവുമായി ബന്ധമുണ്ടെന്ന പ്രചാരണം ശക്തമാണ്. ചില ഹിന്ദുത്വ നേതാക്കളും ഹിന്ദുത്വ നിയന്ത്രണത്തിലുളള സോഷ്യൽ മീഡിയാ ഹാൻഡിലുകളുമാണ് ഈ പ്രചാരണവുമായി രംഗത്ത് വന്നത്. ബോളിവുഡ് നടിയും ബി ജെ പി. എം പിയുമായ കങ്കണ റണാവത്താണ് പ്രചാരണത്തിനു തുടക്കമിട്ടത്. പഹൽഗാം ആക്രമണത്തിനു പിന്നിൽ ഒരു മതമുണ്ടെന്നായിരുന്നു അവരുടെ പ്രസ്താവന. അമേരിക്കയിലെ ഹിന്ദുത്വ കൂട്ടായ്മയും ഹരിദ്വാറിലെ സന്യാസി കൂട്ടായ്മയും ആരോപണം ആവർത്തിച്ചു. ക്രിസ്ത്യൻ തീവ്രവാദ സംഘടനകളും ഇതേറ്റു പിടിച്ചു.
പഹൽഗാം സംഭവത്തിനു പിന്നാലെ കശ്മീരി വിദ്യാർഥികളും അരക്ഷിതരാണ്. രാജ്യത്തെമ്പാടും കശ്മീരി വിദ്യാർഥികൾ വേട്ടയാടപ്പെടുന്നതായും അവർക്കെതിരെ വിദ്വേഷ പ്രചാരണം വർധിച്ചതായും ജമ്മു ആൻഡ് കശ്മീർ സ്റ്റുഡന്റ്‌സ് അസ്സോസിയേഷൻ (ജെ കെ എസ് എ)ദേശീയ കൺവീനർ നാസിർ ഖുഹാമി വെളിപ്പെടുത്തുന്നു. ഉത്തർ പ്രദേശ്, ഹിമാചൽ പ്രദേശ,് ഛണ്ഡീഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കശ്മീർ വിദ്യാർഥികൾ താമസിക്കുന്ന അപാർട്ടുമെന്റുകളും സർവകാലാശാലാ ഹോസ്റ്റലുകളും ഒഴിയണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വർ രംഗത്ത് വന്നിട്ടുണ്ട്.
ഛണ്ഡീഗഢ് ഡെറാബസ്സിയിലെ യൂനിവേഴ്‌സൽ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഹോസ്റ്റലിൽ താമസിക്കുന്ന കശ്മീർ വിദ്യാർഥികൾ കഴിഞ്ഞ ദിവസം ഹിന്ദുത്വരുടെ ആക്രണത്തിനു വിധേയരായി. അർധരാത്രി ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയായിരുന്നു ക്രൂരമർദനം. നോയിഡയിലെ അമിറ്റി സർവകലാശാലയിലും ഒരു കശ്മീരി വിദ്യാർഥി മർദനത്തിനിരയായി.
അതിർത്തി കടന്നു വന്ന തീവ്രവാദികൾ നടത്തിയ അതിക്രമത്തിനു ഈ വിദ്യാർഥികൾ എന്തു പിഴച്ചു? കശ്മീരിനെ ചൊല്ലിയുള്ള അവകാശത്തർക്കവും പാക്- ഇന്ത്യാ രാഷ്ട്രീയ പ്രശ്‌നങ്ങളുമാണ് പഹൽഗാം ആക്രമണത്തിനു പിന്നിൽ. മതവുമായി ഇതിനൊരു ബന്ധവുമില്ല. രാജ്യത്ത് ഏതൊരു ആക്രമണം നടന്നാലും അതിനെ ഇസ്‌ലാമുമായി കൂട്ടിക്കെട്ടാൻ ശ്രമിക്കുന്ന ക്ഷുദ്രശക്തികളാണ് മറിച്ചുള്ള പ്രചാരണത്തിനു പിന്നിൽ. പഹൽഗാം സംഭവത്തിനു മതവുമായി ബന്ധമില്ലെന്നതിനു വ്യക്തമായ തെളിവാണ് സംഭവത്തിൽ പ്രതിഷേധിച്ചു കശ്മീർ ജനത നടത്തിയ കൂറ്റൻ പ്രതിഷേധ റാലി. പാകിസ്താനെതിരെ മുദ്രാവാക്യം വിളിച്ചും പ്ലക്കാർഡുകൾ കൈയിലേന്തിയും പാക് പതാക കത്തിച്ചുമായിരുന്നു പ്രതിഷേധം. നാഷനൽ കോൺഫറൻസ്, പി ഡി പി തുടങ്ങി കശ്മീരിലെ മുഖ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രതിഷേധ റാലി നടത്തി. മെഹ്ബൂബ മുഫ്തിയാണ് പി ഡി പിയുടെ റാലിക്ക് നേതൃത്വം നൽകിയത്. തീവ്രവാദ ആക്രമണത്തെ തള്ളിപ്പറഞ്ഞു കശ്മീർ ജനത ഹർത്താലും നടത്തി ബുധനാഴ്ച. 35 വർഷത്തിനിടെ ആദ്യമായാണ് കശ്മീരിൽ ഹർത്താൽ അരങ്ങേറുന്നത്.
“പഹൽഗാമി’നു പിന്നിൽ മതമുണ്ടെന്ന വാദത്തിന്റെ മുനയൊടിക്കുന്നതാണ് തീവ്രാദികളെ ധീരമായി നേരിട്ട കശ്മീരി സ്വദേശി സയ്യിദ് ആദിൽ ഹുസൈൻ ഷായുടെ രക്തസാക്ഷിത്വം. ആക്രമണം നടക്കുന്ന വേളയിൽ അതുവഴി വന്ന കുതിര സവാരിക്കാരനായ ആദിൽ ഹുസൈനോട് തീവ്രവാദികൾ പേര് തിരക്കുകയും മുസ്‌ലിമാണെന്നറിഞ്ഞപ്പോൾ അദ്ദേഹത്തെ വെറുതെ വിടുകയും ചെയ്തു. എന്നാൽ പെട്ടെന്നു സ്ഥലം വിട്ട് സ്വന്തം ജീവൻ രക്ഷിക്കാനല്ല, “ഈ നിരപരാധികളെ നിങ്ങളെന്തിനു കൊല്ലുന്നു’വെന്നു ചോദിച്ചു തീവ്രവാദികളിൽ നിന്നു തോക്ക് തട്ടിപ്പറിച്ച് വിനോദ സഞ്ചാരികളുടെ ജീവൻ രക്ഷിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഈ ധീരകൃത്യത്തിനിടെയാണ് അദ്ദേഹം വെടിയേറ്റു മരിച്ചത്. മത, ജാതി ചിന്തകൾക്കപ്പുറം കശ്മീരികൾ പ്രകടിപ്പിക്കുന്ന സഹിഷ്ണുതയും മാനുഷിക ബോധവും അനുഭവച്ചറിയുകയുണ്ടായി പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി സ്വദേശി രാമചന്ദ്രന്റെ മകൾ ആരതി. പിതാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് കശ്മീരി മുസ്‌ലിം ഡ്രൈവർമാരായ മുസാഫിറും സമീറുമാണ് തനിക്ക് എല്ലാ സഹായങ്ങളും ചെയ്തതെന്നും സഹോദര തുല്യരായാണ് അവരെ കാണുന്നതെന്നും കൊച്ചിയിൽ മാധ്യമ പ്രവർത്തകരുടെ മുമ്പാകെയാണ് ആരതി വെളിപ്പെടുത്തിയത്.
കശ്മീരിൽ പലപ്പോഴായി നടന്ന തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടത് ബഹുഭൂരിഭാഗവും മുസ്‌ലിംകളാണെന്ന വസ്തുതയും തീവ്രവാദി ആക്രമണങ്ങളെ ഇസ്‌ലാമുമായി കൂട്ടിക്കെട്ടാൻ ശ്രമിക്കുന്ന വിഷജീവികൾ കാണാതെ പോകരുത്. രാജ്യത്തെമ്പാടുമുള്ള പള്ളികളിൽ ഇന്നലെ ജുമുഅ നിസ്‌കാരാനന്തരം നടന്ന പ്രഭാഷണങ്ങളിലെ മുഖ്യപ്രമേയം തീവ്രവാദവിരുദ്ധ സന്ദേശമായിരുന്നു. മതത്തിന്റെ പേരിൽ നിരപരാധികളെ കൊല്ലുന്നത് ഇസ്‌ലാമികവിരുദ്ധവും മനുഷ്യത്വത്തിനു അന്യവുമാണെന്ന് ഇമാമുമാർ സമൂഹത്തെ ഉണർത്തി.
പഹൽഗാം സംഭവം സൃഷ്ടിച്ച നടുക്കത്തിൽ നിന്നും വേദനയിൽ നിന്നും രാജ്യം ഇനിയും മോചിതമായിട്ടില്ല. അക്രമികളെ എത്രയും വേഗം പിടികൂടി നിയമനടപടികൾക്ക് വിധേയമാക്കുകയും കഠിന ശിക്ഷ ഉറപ്പ് വരുത്തുകയും വേണം. തീവ്രവാദികൾക്ക് സഹായ സഹകരണങ്ങൾ നൽകുന്ന കറുത്ത ശക്തികളാരെന്നും കണ്ടെത്തേണ്ടതുണ്ട്. ഇതിനായുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് സർക്കാറും അന്വേഷണ ഏജൻസികളും. പഹൽഗാമിൽ തീവ്രാദികൾ പേരു ചോദിച്ച ശേഷം വെടിവെച്ചതിനു പിന്നിൽ മതഭ്രാന്തല്ല, ഇന്ത്യൻ ജനതയെ സാമുദായികമായി ഭിന്നിപ്പിച്ചു രാജ്യത്ത് സാമുദായിക സംഘർഷം വളർത്താനുള്ള കുതന്ത്രമാണ്.
ഇന്ത്യൻ ജനത ഇതിൽ അകപ്പെടരുത്. പൂർവോപരി ഐക്യവും മതസൗഹാർദവും ശക്തപ്പെടുത്തിയാണ് തീവ്രവാദികൾക്ക് ഇന്ത്യൻ സമൂഹം മറുപടി നൽകേണ്ടത്.
സംഭവവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തുകയും കശ്മീരി വിദ്യാർഥികൾക്കെതിരെ അക്രമം അഴിച്ചു വിടുകയും ചെയ്യുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുകയും വേണം.