Connect with us

National

പ്രസാദം നല്‍കാത്തതിന് ഭക്തര്‍ ക്ഷേത്ര ജീവനക്കാരനെ തല്ലിക്കൊന്നു

ഡല്‍ഹി കല്‍ക്കാജി ക്ഷേത്രത്തിലെ ജീവനക്കാരന്‍ 35കാരനായ യോഗേന്ദ്ര സിങ്ങ് ആണ് കൊല്ലപ്പെട്ടത്

Published

|

Last Updated

ഡല്‍ഹി | ഡല്‍ഹി കല്‍ക്കാജി ക്ഷേത്രത്തില്‍ പ്രസാദം നല്‍കാത്തതിന് ക്ഷേത്ര ജീവനക്കാരനെ ഭക്തര്‍ മര്‍ദിച്ചു കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രിയാണ് 35കാരനായ യോഗേന്ദ്ര സിങ്ങ് കൊല്ലപ്പെട്ടത്. ഒരു കൂട്ടം ഭക്തര്‍ ചേര്‍ന്ന് യുവാവിനെ മര്‍ദിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഉത്തര്‍പ്രദേശിലെ ഹര്‍ദോ സ്വദേശിയായ യോഗേന്ദ്ര കഴിഞ്ഞ 15 വര്‍ഷമായി കല്‍ക്കാജി ക്ഷേത്രത്തില്‍ ജീവനക്കാരനാണ്. വെള്ളിയാഴ്ച രാത്രി 9.30ഓടെ ഒരു കൂട്ടം ഭക്തന്‍മാര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും അദ്ദേഹത്തില്‍ നിന്ന് പ്രസാദം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സിങ് വിസമ്മതിച്ചപ്പോള്‍ വാക്കുതര്‍ക്കമുണ്ടാവുകയും ആക്രമണത്തില്‍ കലാശിക്കുകയുമായിരുന്നു.

ഭക്ത സംഘം കൈ കൊണ്ടും വടികൊണ്ടും ക്രൂരമായാണ് മര്‍ദിച്ചത്. മര്‍ദനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ ജീവനക്കാരന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇയാളെ ഉടന്‍ എയിംസ് ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കല്‍ക്കാജി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഭക്തരുടെ സംഘത്തില്‍ ഉണ്ടായിരുന്ന ദക്ഷിണപുരി സ്വദേശിയായ അതുല്‍ പാണ്ഡെ (30) എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.