ദേവികുളം വിധി: സി പി എം സുപ്രീം കോടതിയെ സമീപിക്കും
വിധി പഠിച്ചശേഷം തുടര്‍ നടപടിയെന്ന് അയോഗ്യനാക്കപ്പെട്ട എ രാജ പ്രതികരിച്ചു.

തിരുവനന്തപുരം | ഇടുക്കി ദേവികുളം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി പിഎം സുപ്രീംകോടതിയെ സമീപിക്കും.
ഇവിടെ ജയിച്ച എ രാജയുടെ വിജയവും ഹൈക്കോടതി അസാധുവാക്കിയിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയില്‍ നാളെ തന്നെ അപ്പീല്‍ നല്‍കാനാണ് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. നിയമസഭാ സമ്മേളനം നടക്കുന്നതിനിടെയാണ് ഹൈക്കോടതി ഉത്തരവുണ്ടായത്.
പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്തു വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് രാജ മത്സരിച്ചതെന്ന യു ഡി എഫ് സ്ഥാനാര്‍ഥി ഡി കുമാറിന്റെ ഹര്‍ജിയിലാണു.
ക്രിസ്ത്യന്‍ മതാചാരം പിന്തുടരുന്ന രാജയ്ക്ക് പട്ടിക ജാതി സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ അര്‍ഹതയില്ലെന്നായിരുന്നു ഹര്‍ജിയിലെ പ്രധാനവാദം. പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ടവരാണെന്നും മാമ്മോദീസാ സ്വീകരിച്ചവരാണ് രാജയുടെ മാതാപിതാക്കളെന്നും രാജയും അതേ മതത്തില്‍പ്പെട്ടതാണെന്നും ഹര്‍ജിയിലുണ്ടായിരുന്നു.
ഇത് അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്. പട്ടിക ജാതിസംവരണ വിഭാഗത്തില്‍പ്പെട്ട മണ്ഡലത്തില്‍ രാജയുടെ നാമനിര്‍ദേശപത്രിക വരണാധികാരി നേരത്തെ തന്നെ തള്ളേണ്ടതായിരുന്നെന്നും ഹിന്ദു പറയ സമുദായത്തില്‍പ്പെട്ടയാളാണ് താനെന്ന രാജയുടെ വാദം അഗീകരിക്കാനാകില്ലെന്നും ഉത്തരവിലുണ്ട്.
കോടതിവിധി പഠിച്ചശേഷം തുടര്‍ നടപടിയെന്ന് അയോഗ്യനാക്കപ്പെട്ട എ രാജ പ്രതികരിച്ചു. ഉത്തരവിനെതിരെ മേല്‍ക്കോടതിയെ സമീപിക്കാന്‍ രാജയ്ക്ക് അവസരമുണ്ട്. അതില്‍ തീരുമാനമാകും വരെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെടാം. സത്യം ജയിച്ചെന്നായിരുന്നു ഹര്‍ജിക്കാരനായ ഡി കുമാറിന്റെ പ്രതികരണം.