Kuwait
സിവില്‍ ഐ ഡി കാര്‍ഡ് ലഭിക്കാന്‍ കാലതാമസം; പിന്നില്‍ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള മാഫിയ
വിതരണത്തില്‍ മനപ്പൂര്‍വം കാലതാമസം സൃഷ്ടിച്ച ശേഷം നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിന് അധിക തുക നല്‍കാന്‍ ഉടമകളില്‍ സമ്മര്‍ദം ചെലുത്തുകയാണ് രീതി.

കുവൈത്ത് സിറ്റി | കുവൈത്തില്‍ പ്രവാസികളുടെ സിവില്‍ ഐ ഡി കാര്‍ഡുകള്‍ അനുവദിക്കുന്നതില്‍ കാലതാമസം നേരിടുന്നതിനു പിന്നില്‍ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള മാഫിയാ സംഘമാണെന്ന് പ്രാദേശിക അറബ് ദിന പത്രത്തിന്റെ റിപ്പോര്‍ട്ട്. രണ്ടര ലക്ഷത്തോളം പ്രവാസികളുടെ സിവില്‍ ഐ ഡി കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിലാണ് കാലതാമസം നേരിടുന്നത്.
ഐ ഡി കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതില്‍ മനപ്പൂര്‍വം കാലതാമസം സൃഷ്ടിച്ച ശേഷം നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിന് അധിക തുക നല്‍കാന്‍ ഉടമകളില്‍ സമ്മര്‍ദം ചെലുത്തുക എന്നതാണ് സംഘത്തിന്റെ രീതി. അതേസമയം, പൗരന്മാരുടെയും ഗാര്‍ഹിക തൊഴിലാളികളുടെയും കാര്‍ഡുകള്‍ കൃത്യ സമയത്ത് തന്നെ വിതരണം ചെയ്യുന്നുമുണ്ട്. സംഭവം പുറംലോകം അറിയാനുള്ള സാധ്യത ഇല്ലാതാക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്.
സിവില്‍ ഐ ഡി കാര്‍ഡ് പെട്ടെന്ന് വിതരണം ചെയ്യുന്നതിന് ഉടമകളില്‍ നിന്ന് 50 ദിനാര്‍ വരെ അധിക തുക വാങ്ങിയ സംഭവങ്ങളും നടന്നതായാണ് വിവരം. അത്യാവശ്യക്കാരെ കണ്ടെത്തുവാനും ഇടപാടുകള്‍ ഉറപ്പിക്കുവാനുമായി ഓഫീസ് പരിസരങ്ങളില്‍ ഉദ്യോഗസ്ഥന്‍ നിരവധി ഏജന്റുമാരെ നിയമിച്ചതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരത്തില്‍ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന ഏഴു പേരെ കഴിഞ്ഞ ദിവസം രഹസ്യാന്വേഷണ വിഭാഗം പിടികൂടിയിരുന്നു. ഇവരില്‍ നിന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മാഫിയാ തലവനെ കുറിച്ചുള്ള വിവരം ലഭിച്ചത്.
സിവില്‍ ഐ ഡി കാര്‍ഡിന് അപേക്ഷിച്ച് ഒമ്പത് മാസം പിന്നിട്ടിട്ടും ഇതുവരെ കാര്‍ഡ് ലഭിക്കാത്ത നിരവധി പ്രവാസികളാണുള്ളത്. നേരത്തെ ഹോം ഡെലിവറി സേവനത്തിലൂടെ ഐ ഡി കര്‍ഡുകള്‍ എളുപ്പത്തില്‍ ലഭിക്കുമായിരുന്നു. എന്നാല്‍ ഹോം ഡെലിവറി സേവനത്തിനു കരാര്‍ നല്‍കിയ സ്ഥാപനത്തിന്റെ കരാര്‍ കാലാവധി അവസാനിച്ചതോടെ ആ വഴിയും അടഞ്ഞിരിക്കുകയാണ്.