Kerala
വയനാട് ഹൃദയത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നു, എന്ത് പറയണമെന്ന് അറിയില്ല; രാഹുല്‍ ഗാന്ധി
ഉരുള്‍പൊട്ടലുകളും പ്രകൃതിക്ഷോഭങ്ങളും ആവര്‍ത്തിച്ചുള്ള സംഭവങ്ങള്‍ അങ്ങേയറ്റം ആശങ്കാജനകമാണ്

വയനാട് | വയനാട് ഹൃദയത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നുവെന്ന് ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ദുരിതം വിതച്ച മേപ്പാടിയിലെ മുണ്ടൈക്കയും ചൂരല്‍മലയും സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന എല്ലാവര്‍ക്കും രാഹുല്‍ നന്ദി പറഞ്ഞു.
വേദനിപ്പിക്കുന്ന സാഹചര്യമാണെന്നും പുനരധിവാസം ഉറപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. അതേസമയം ഇന്നലെ പാര്‍ലമെന്റില്‍ കേരളത്തിനെതിരെ അമിത് ഷാ ഉന്നയിച്ച കാര്യങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ രാഷ്ട്രീയ ഏറ്റുമുട്ടലിനുള്ള നിമിഷമല്ല ഇതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. എല്ലാ സംവിധാനങ്ങളും കൈ കോര്‍ത്തു പ്രവര്‍ത്തിക്കേണ്ട നിമിഷമാണിതെന്നും രാഹുല്‍ ഗാന്ധി ഓര്‍മ്മപ്പെടുത്തി.
പിതാവ് മരിച്ചപ്പോഴുള്ള മാനസികാവസ്ഥ എന്താണോ അതാണ് എനിക്കിപ്പോള്‍ അനുഭവപ്പെടുന്നത്. നിരവധി പേരെ കണ്ടു. അച്ഛന്‍ നഷ്ടപ്പെട്ടപ്പോഴുള്ള എന്റെ അവസ്ഥ ഓര്‍മ്മവന്നു. അവര്‍ക്ക് അച്ഛനെ മാത്രമല്ല നഷ്ടപ്പെട്ടത്. എല്ലാവരെയും നഷ്ടപ്പെട്ടു.രാജ്യം ഒന്നാകെ വയനാടിനൊപ്പം ഉണ്ടാവുമെന്നും രാഹുല്‍ പറഞ്ഞു.
ഈ ദുഷ്‌കരമായ സമയങ്ങളില്‍ ഞാനും പ്രിയങ്കയും വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു. ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനം, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. സാധ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണ്. ഉരുള്‍പൊട്ടലുകളും പ്രകൃതിക്ഷോഭങ്ങളും ആവര്‍ത്തിച്ചുള്ള സംഭവങ്ങള്‍ അങ്ങേയറ്റം ആശങ്കാജനകമാണ്. സമഗ്രമായ ഒരു കര്‍മപദ്ധതി അടിയന്തരമായി ആവശ്യമാണെന്നും രാഹുല്‍ സാമൂഹികമാധ്യമമായ ഫേയ്‌സ്ബുക്കില്‍ കുറിച്ചു.
കാണാതയവരെ തേടി മൂന്നാംദിനവും രക്ഷാദൗത്യം സജീവമായി പുരോഗമിക്കുകയാണ്.കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണസംഖ്യ ഉയരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന്റെ മൂന്നാംദിനം എത്തിനില്‍ക്കുമ്പോള്‍ മരണസംഖ്യ 283 ആയി ഉയര്‍ന്നു. ഭൂമിശാസ്ത്രപരമായ വെല്ലുവിളികളും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ നിശ്ചയദാര്‍ഢ്യത്തോടെ പതറാതെ മുന്നില്‍നിന്ന് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുകയാണ് സൈന്യവും നാട്ടുകാരും മറ്റ് രക്ഷാപ്രവര്‍ത്തകരും.