Kerala
അധ്യാപികയുടെ ഭര്‍ത്താവിന്റെ മരണം; പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന നിര്‍ദ്ദേശം തള്ളി മാനേജ്‌മെന്റ്
വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെിരെ കോടതിയെ സമീപിക്കുമെന്നും മാനേജ്‌മെന്റ്

പത്തനംതിട്ട | അധ്യാപികയുടെ ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം തള്ളി സ്‌കൂള്‍ മാനേജ്‌മെന്റ്. അധ്യാപികയുടെ ശമ്പള കാര്യത്തില്‍ വീഴ്ച വരുത്തിയത് ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥരാണെന്നും വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെിരെ കോടതിയെ സമീപിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.
ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥരാണ് ശമ്പള ആനുകൂല്യങ്ങള്‍ വൈകിപ്പിച്ചതെന്ന് രേഖകള്‍ സഹിതം സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. അതേ സമയം മരിച്ച ഷിജോ വി ടിയുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം നാറാണമൂഴിയിലെ വീട്ടുവളപ്പില്‍ നടക്കും.എയ്ഡഡ് സ്‌കൂള്‍ അധ്യാപികയായ ലേഖ രവീന്ദ്രന് 14 വര്‍ഷത്തെ ശമ്പളം അടക്കം ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഹൈക്കോടതി വിധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വന്ന വിധിയില്‍ രണ്ട് മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ 2025 ജനുവരി അവസാനമാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്ന് ഉത്തരവ് ഇറങ്ങിയത്. അതിനു ശേഷം അടിസ്ഥാന ശമ്പളം മാത്രം ആറു മാസത്തേക്ക് നല്‍കി. കുടിശ്ശിക കൂടി ലഭിക്കമെങ്കില്‍ ഡിഇ ഓഫീസില്‍ നിന്ന് ഒതന്റിഫിക്കേഷന്‍ നല്‍കണമായിരുന്നു. ഒടുവില്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഒതറ്റിഫിക്കേഷന്‍ നല്‍കിയത്. ശമ്പള ആനുകൂല്യങ്ങള്‍ വൈകിയതില്‍ മനംനൊന്ത് ഷിജോ ജീവനൊടുക്കിയതിന്റെ അടുത്ത ദിവസം നാറാണംമൂഴി സെന്റ് ജോസഫ്‌സ് സ്‌കൂള്‍ പ്രഥമ അധ്യാപികയെ സമ്മര്‍ദ്ദപ്പെടുത്തി പുതിയൊരു കത്ത് ഡിഡി വാങ്ങിയെന്ന് മാനേജര്‍ പറയുന്നു.
ഒതറ്റിഫിക്കേഷന്‍ നടപടി വൈകിയ വീഴ്ചയെല്ലാം എച്ച്.എമ്മിന്റെ മേല്‍ കെട്ടിവെയ്ക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതെന്നും കത്ത് പുറത്തുവിട്ട് മാനേജര്‍ വാദിക്കുന്നു.പത്തനംതിട്ട ഡി.ഇ. ഓഫീസിലെ സൂപ്രണ്ട് അടക്കം മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത ഉത്തരവിനൊപ്പം പ്രഥമ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യാന്‍ മാനേജിമെന്റിനും പൊതുവിദ്യാഭ്യാസ ഢയറക്ടര്‍ ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ ഈ ആവശ്യം ഇന്നലെ ചേര്‍ന്ന സെന്റ് ജോസഫ്‌സ് സ്‌കൂള്‍ മാനേജ്‌മെന്റ് തള്ളി. പ്രഥമ അധ്യാപികയായ അഞ്ജു അടുത്തിടെ മാത്രമാണ് ആ തസ്തികയിലെത്തിയത്. ശമ്പള കുടിശ്ശിക രേഖകള്‍ക്ക് അംഗീകാരം നല്‍കാതെ വൈകിപ്പിച്ചത് ഡിഇ ഓഫീസിലെ ഉദ്യോഗസ്ഥരാണെന്നും മാനേജ്‌മെന്റ് വാദിക്കുന്നു