Kerala
കെ ടി യുവിലെ ദിവസക്കൂലി നിയമനം; രജിസ്ട്രാര്‍ ഇറക്കിയ വിജ്ഞാപനം ഗവര്‍ണര്‍ റദ്ദാക്കി
കെടിയുവിലെ താല്‍ക്കാലിക നിയമനങ്ങളുടെ വിജ്ഞാപനം പുറത്തിറക്കിയത് തന്റെ അറിവോ സമ്മതമോ കൂടാതെയാണെന്നു വൈസ് ചാന്‍സലര്‍ ഡോ.സിസ തോമസ് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു

തിരുവനന്തപുരം | സാങ്കേതിക സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ അറിയിക്കാതെ ദിവസക്കൂലിക്ക് ജീവനക്കാരെ നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ച നടപടിക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.ഇത് സംബന്ധിച്ച് രജിസ്ട്രാര്‍ ഇറക്കിയ വിജ്ഞാപനം റദ്ദാക്കിയ ഗവര്‍ണര്‍ ,രജിസ്ട്രാറുടെ ഭാഗത്തുനിന്നു വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കാനും വിസി ഡോ.സിസ തോമസിനു ഗവര്‍ണര്‍ നിര്‍ദേശം നല്‍കി.
കെടിയുവിലെ താല്‍ക്കാലിക നിയമനങ്ങളുടെ വിജ്ഞാപനം പുറത്തിറക്കിയത് തന്റെ അറിവോ സമ്മതമോ കൂടാതെയാണെന്നു വൈസ് ചാന്‍സലര്‍ ഡോ.സിസ തോമസ് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണറുടെ ഇടപെടല്‍. താല്‍ക്കാലിക ജീവനക്കാരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയോ പിഎസ്‌സി റാങ്ക് പട്ടികയില്‍ നിന്നോ നിയമിക്കാവുന്നതാണെന്നും വിസി അറിയിച്ചിരുന്നു. പരീക്ഷാ വിഭാഗത്തിലെ രഹസ്യ സ്വഭാവമുള്ള ജോലികള്‍ ഉള്‍പ്പെടെ താല്‍ക്കാലിക ജീവനക്കാരാണ് ചെയ്യുന്നതെന്നു സര്‍വകലാശാലാ ജീവനക്കാരുടെ പ്രതിപക്ഷ സംഘടന ഗവര്‍ണര്‍ക്കു പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണു വിസിയോട് ഗവര്‍ണര്‍ വിശദീകരണം തേടിയത്.സര്‍വകലാശാലയില്‍ 56 സ്ഥിരം ജീവനക്കാരും 114 താല്‍ക്കാലികക്കാരുമാണ് ഉള്ളത്. വിസിയെ അറിയിക്കാതെയാണ് വിജ്ഞാപനം ഇറക്കിയത്. 18,000 മുതല്‍ 30,000 രൂപ വരെയാണ് വിവിധ തസ്തികകളില്‍ ശമ്പളം.