Connect with us

Uae

സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ: പ്രതിരോധം ശക്തമാക്കി യുഎഇ

നിർമിത ബുദ്ധിയും ക്രിപ്റ്റോയും വെല്ലുവിളി

Published

|

Last Updated

അബൂദബി| സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനായി യു എ ഇ ദേശീയ സംവിധാനം ശക്തിപ്പെടുത്തുന്നു. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ തടയുന്നതിനുള്ള ദേശീയ സമിതിയും തെമിസും ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ട് അബൂദബി ഫിനാൻഷ്യൽ വീക്കിൽ പുറത്തിറക്കി. “ഡിജിറ്റൽ ഭീഷണിയുടെ ശരീരഘടന’ എന്ന പേരിലുള്ള റിപ്പോർട്ടിൽ നിർമിത ബുദ്ധി (എ ഐ), വെർച്വൽ അസറ്റുകൾ എന്നിവ വഴിയുള്ള തട്ടിപ്പുകളെക്കുറിച്ചുള്ള വിവരങ്ങളാണുള്ളത്.

ഈ വർഷം അവസാനത്തോടെ യു എ ഇ ഫിൻടെക് വിപണി 350 കോടി ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ക്രിപ്റ്റോ കറൻസി ഇടപാടുകൾ 3,400 കോടി ഡോളർ കവിഞ്ഞു. ഈ വളർച്ചക്കൊപ്പം സൈബർ തട്ടിപ്പുകളും വർധിക്കുന്നുണ്ട്. ആഗോളതലത്തിൽ പ്രതിവർഷം രണ്ട് ട്രില്യൺ ഡോളറിന്റെ കള്ളപ്പണം വെളുപ്പിക്കലും ഒരു ട്രില്യൺ ഡോളറിന്റെ തട്ടിപ്പും നടക്കുന്നുണ്ടെന്നാണ് കണക്ക്.

നിർമിത ബുദ്ധി, ഡീപ് ഫേക്ക്, ക്രിപ്റ്റോ കറൻസി മിക്സറുകൾ, ഓട്ടോമേഷൻ തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് കുറ്റവാളികൾ തട്ടിപ്പ് നടത്തുന്നത്. ഇത് തടയുന്നതിനായി 2025ലെ ഫെഡറൽ നിയമം നമ്പർ 10 പ്രകാരം നിയമനടപടികൾ കർശനമാക്കിയിട്ടുണ്ട്.
പൊതു-സ്വകാര്യ മേഖലകളുടെ സഹകരണത്തോടെ സൈബർ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

 

 

Latest