plastic surgery
അറ്റുവീണ കൈപ്പത്തികൾ തുന്നിച്ചേർത്തു; അപൂർവ ശസ്ത്രക്രിയ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ
മുറിഞ്ഞു പോയ അവയവം ആശുപത്രിയിലെത്തിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡോക്ടർമാർ. അവയവം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ ശേഷം ഐസ് കട്ടകൾ പാകിയ മറ്റൊരു കവറിലിടുകയാണ് വേണ്ടത്.
കോഴിക്കോട് | അറ്റ് താഴെ വീണ രണ്ട് പേരുടെ കൈപ്പത്തികൾ തുന്നിച്ചേർത്ത് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്ലാസ്റ്റിക് സർജറി വിഭാഗം. ഇത്തരത്തിലൊരു നേട്ടം ആദ്യത്തേതാണെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ഇ വി ഗോപി അറിയിച്ചു. 32 വയസ്സുള്ള അസം സ്വദേശി അയിനൂർ, 22 കാരനായ തൃശൂർ ചെറുതുരുത്തിയിലെ നിബിൻ എന്നിവർക്കാണ് അപൂർവ ശസ്ത്രക്രിയ ആശ്വാസമായത്. ഈർച്ചമില്ലിൽ ജോലിക്കാരനായ അയിനൂറിന്റെ ഇടത് കൈപ്പത്തി മെഷീനിൽ കുടുങ്ങി അറ്റു പോകുകയായിരുന്നു. കത്തി കൊണ്ട് വെട്ടേറ്റായിരുന്നു നിബിന് അപകടം സംഭവിച്ചത്. നിബിനെ ഈ മാസം ഏഴിനും അയിനൂറിനെ കഴിഞ്ഞ മാസം 14നുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തുന്നിച്ചേർക്കൽ പ്രക്രിയ എട്ട് മണിക്കൂർ എടുത്താണ് പൂർത്തീകരിച്ചതെന്ന് പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. എ പി പ്രേംലാൽ വ്യക്തമാക്കി. സ്വകാര്യ ആശുപത്രിയിൽ ഏകദേശം നാല് ലക്ഷം രൂപ ചെലവ് വരുന്ന തുന്നിച്ചേർക്കൽ തീർത്തും സൗജന്യമാണ്. രക്ത ധമനികളെ ഒന്നിപ്പിച്ച് ചേർക്കുന്നതിന് സഹായിക്കുന്ന ഓപറേറ്റിംഗ് മൈക്രോസ്‌കോപ് ആശുപത്രിയിൽ പുതുതായി എത്തിയതാണ്. ഈ സൗകര്യം ഉപയോഗപ്പെടുത്തിയാണ് ആശുപത്രിയുടെ പുതിയ മുന്നേറ്റം. ഓർത്തോ, അനസ്‌തേഷ്യ വിഭാഗങ്ങളിലെ ഡോക്ടർമാരും നഴ്‌സുമാരും മറ്റ് ജീവനക്കാരും ഇതിൽ പങ്കാളികളായി.
മുറിഞ്ഞ അവയവം പ്ലാസ്റ്റിക് കവറിൽ പൊതിയണം
മുറിഞ്ഞു പോയ അവയവം ആശുപത്രിയിലെത്തിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡോക്ടർമാർ. അവയവം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ ശേഷം ഐസ് കട്ടകൾ പാകിയ മറ്റൊരു കവറിലിടുകയാണ് വേണ്ടത്. ഐസ് കഷ്ണങ്ങൾ അവയവത്തിൽ നേരിട്ട് സ്പർശിക്കരുത്.
എത്രയും വേഗത്തിൽ ആശുപത്രിയിലെത്തിക്കാൻ കഴിയുമോ അത്ര കണ്ട് തുന്നിച്ചേർക്കൽ പ്രക്രിയ വിജയകരമായി നടത്താൻ കഴിയും.
സമയം വൈകുന്നതിനനുസരിച്ച് കോശങ്ങൾ നശിക്കും. വെച്ചുപിടിപ്പിച്ച അവയവം ഭൂരിപക്ഷം കേസുകളിലും 80 ശതമാനത്തോളം പ്രവർത്തനക്ഷമമാകാറുണ്ട്. സ്പർശന ശേഷി തിരിച്ചുകിട്ടാൻ ഏകദേശം ഒരു വർഷത്തോളമെടുക്കും. ഈ കാലയളവിൽ വെച്ചുപിടിപ്പിച്ച അവയവത്തിൽ ചൂടുവെള്ളം കൊണ്ട് സ്പർശിക്കരുത്.