Connect with us

National

വിദേശ യാത്രകളിൽ രാഹുൽ ഗാന്ധി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചെന്ന് സിആർപിഎഫ്; മല്ലികാർജുൻ ഖാർഗെക്ക് കത്ത്

സുരക്ഷാ വീഴ്ചകൾ അതീവ സുരക്ഷാ ക്രമീകരണങ്ങളുടെ ഫലപ്രാപ്തി കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് സുരക്ഷാ ഏജൻസി കത്തിൽ പറയുന്നു

Published

|

Last Updated

ന്യൂഡൽഹി | കോൺഗ്രസ് എംപിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി മുൻ വിദേശ യാത്രകളിൽ സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിച്ചതായി സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) ആരോപിച്ചു. ഇത് സംബന്ധിച്ച് സിആർപിഎഫ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കത്ത് അയച്ചു. ഒന്നിലധികം തവണ രാഹുൽ ഗാന്ധി സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് കത്തിൽ പറയുന്നു.

കത്തിന്റെ പകർപ്പ് രാഹുൽ ഗാന്ധിക്കും അയച്ചിട്ടുണ്ട്. സുരക്ഷാ വീഴ്ചകൾ അതീവ സുരക്ഷാ ക്രമീകരണങ്ങളുടെ ഫലപ്രാപ്തി കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് സുരക്ഷാ ഏജൻസി കത്തിൽ പറയുന്നു. ഭാവിയിലുള്ള വിദേശ യാത്രകളിൽ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കണമെന്ന് സിആർപിഎഫ് മുൻ കോൺഗ്രസ് അധ്യക്ഷനോട് അഭ്യർത്ഥിച്ചു.

രാഹുൽ ഗാന്ധിക്ക് ‘സെഡ് പ്ലസ്’ സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിൽ ഒരു അഡ്വാൻസ്ഡ് സെക്യൂരിറ്റി ലെയ്‌സൺ (എഎസ്എൽ) കവറും ഉൾപ്പെടുന്നു. യാത്രകളിൽ 10 മുതൽ 12 വരെ സിആർപിഎഫ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ അനുഗമിക്കാറുണ്ട്. പ്രോട്ടോക്കോളിന്റെ ഭാഗമായി, രാഹുൽ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ സിആർപിഎഫ് ഉദ്യോഗസ്ഥർ നേരത്തെ പരിശോധന നടത്താറുണ്ട്. ‘യെല്ലോ ബുക്ക്’ പ്രോട്ടോക്കോൾ അനുസരിച്ച്, ‘സെഡ് പ്ലസ്’ സുരക്ഷയുള്ള വ്യക്തി തന്റെ യാത്രാവിവരങ്ങൾ മുൻകൂട്ടി സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതുണ്ട്.

അതിനിടെ, രാഹുൽ ഗാന്ധി സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിച്ചെന്ന ആരോപണം ബിജെപി ആയുധമാക്കി. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ‘എക്സി’ൽ (മുമ്പ് ട്വിറ്റർ) രാഹുലിനെതിരെ രംഗത്തെത്തി.

“രാഹുൽ ഗാന്ധിയുടെ സുരക്ഷാ പ്രോട്ടോക്കോളിലെ വീഴ്ചകൾ സിആർപിഎഫ് ചൂണ്ടിക്കാട്ടുന്നു. യെല്ലോ ബുക്ക് പ്രോട്ടോക്കോൾ അനുസരിച്ച്, ഉയർന്ന സുരക്ഷാ വിഭാഗത്തിലുള്ള വ്യക്തികൾ വിദേശ യാത്രകൾ ഉൾപ്പെടെയുള്ള തങ്ങളുടെ നീക്കങ്ങളെക്കുറിച്ച് മുൻകൂട്ടി അറിയിക്കണം. എന്നാൽ രാഹുൽ ഇത് ചെയ്യുന്നില്ല,” അമിത് മാളവ്യ കുറിച്ചു.

ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരിയും രാഹുലിനെതിരെ വിമർശനം ഉന്നയിച്ചു. മുൻ കോൺഗ്രസ് അധ്യക്ഷൻ എന്താണ് മറയ്ക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. രാഹുൽ ഗാന്ധി ഇന്ത്യൻ ജനാധിപത്യത്തിന് അപകടകാരിയാണ് എന്നും ഭണ്ഡാരി ആരോപിച്ചു.

Latest