Connect with us

Kerala

സുന്നികളുടെ സഹായം തിരഞ്ഞെടുപ്പ് വിജയത്തില്‍ നിര്‍ണായകമായെന്ന് സിപിഎം അവലോകന റിപ്പോര്‍ട്ട്

മുസ്‌ലിംകളെ പാര്‍ട്ടിയോട് അടുപ്പിക്കണം

Published

|

Last Updated

തിരുവനന്തപുരം | മുസ്‌ലിംകളെ പാര്‍ട്ടിയോട് കൂടുതല്‍ അടുപ്പിക്കണമെന്ന് സി പി എം തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ ശിപാര്‍ശ. മുസ്‌ലിംകളില്‍ നിന്ന് കൂടുതല്‍ പേരെ പാര്‍ട്ടിയിലേക്ക് റിക്രൂട്ട്‌മെന്റ് ചെയ്യണമെന്നാണ് ശിപാര്‍ശ. നിയമസഭാ തിരഞ്ഞെടുപ്പില്‍ കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള സുന്നികള്‍ വലിയ പിന്തുണയാണ് പാര്‍ട്ടിക്ക് നല്‍കിയത്. മുന്നണിയുടെ വിജയത്തില്‍ സുന്നികളുടെ സഹായം നിര്‍ണായകമായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

മറ്റു മുസ്‌ലിം സംഘടനകളും രൂക്ഷമായ ഇടതുപക്ഷ വിരുദ്ധത പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാട് പാര്‍ട്ടിക്കെതിരായിരുന്നു. മുസ്‌ലിം സമുദായത്തില്‍ ഏകീകരണമുണ്ടാക്കി ഇടതുപക്ഷ വിരുദ്ധത ഉറപ്പാക്കാനാണ് ഇമാഅത്തെ ഇസ്‌ലാമി ശ്രമിച്ചത്. ലീഗിന്റെ പിന്തുണയോടെയായിരുന്നു ജമാഅത്തേ ഇസ്‌ലാമിയുടെ നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഇടതുപക്ഷത്തിനെതിരായ മുസ്‌ലിം ഏകീകരണ ശ്രമങ്ങളെ പരാജയപ്പെടുത്തിയതില്‍ സുന്നികളുടെ സഹായം നിര്‍ണായകമായെന്ന് റിപ്പോര്‍ട്ടില്‍ വിവരിക്കുന്നു. മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഏകീകരണമുണ്ടാക്കാന്‍ ജമാഅത്തെ ഇസ്‌ലാമിയെ കൂട്ടുപിടിച്ചതുകൊണ്ടാണ് മുസ്‌ലിം ലീഗിന് മങ്കട, പെരിന്തല്‍മണ്ണ മണ്ഡലങ്ങള്‍ വിജയിക്കാനായത്. എന്നാല്‍ ഇരുമണ്ഡലങ്ങളിലും പാര്‍ട്ടിക്ക് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നു.

അതേസമയം പാര്‍ട്ടിയുടെ സ്വാധീന മേഖലകളില്‍ തള്ളിക്കയറാനുള്ള ബി ജെ പിയുടെ ശ്രമങ്ങള്‍ ഫലപ്രദമായി പ്രതിരോധിക്കണമെന്ന് റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നുണ്ട്. പുതിയ മേഖലകളില്‍ ബി ജെ പി സ്വാധീനം വര്‍ധിപ്പിച്ചത് എവിടെയാണെന്ന് പ്രത്യേകം പരിശോധിച്ച് തിരുത്തല്‍ നടപടി സ്വീകരിക്കണം.

കഴിഞ്ഞ ജൂലൈ ഒമ്പത്, 10 തീയതികളില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയാണ് റിപ്പോര്‍ട്ട് അംഗീകരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ക്രൈസ്തവ സഭകളെ പാര്‍ട്ടിക്കെതിരെ ഉപയോഗിക്കാന്‍ യു ഡി എഫിന് കഴിയാത്തത് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് നേട്ടമായി. എന്‍ എസ് എസാണ് ഏറ്റവും വലിയ ഇടതുപക്ഷ വിരുദ്ധത തിരഞ്ഞെടുപ്പില്‍ പ്രകടിപ്പിച്ചത്. ശബരിമല വിവാദം വീണ്ടും ഉയര്‍ത്താന്‍ യു ഡി എഫ് നടത്തിയ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ എന്‍ എസ് എസ് മടിച്ചില്ല. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരുമായി നിസ്സഹകരണ മനോഭാവം പുലര്‍ത്തിയ എന്‍ എസ് എസിന്റെ വിമര്‍ശനങ്ങള്‍ക്ക് ഏറ്റുമുട്ടല്‍ ഒഴിവാക്കിക്കൊണ്ട് പാര്‍ട്ടിക്ക് മറുപടി പറയാനായത് തിരഞ്ഞെടുപ്പില്‍ ഗുണകരമായി.

നായര്‍ സമുദായത്തിലെ പുരോഗമനവാദികള്‍ പാര്‍ട്ടിക്കൊപ്പം നിന്നു. എന്നാല്‍ ശബരിമല ചര്‍ച്ചയാക്കാനുള്ള യു ഡി എഫ് പരിശ്രമങ്ങളെ എന്‍ എസ് എസ് പിന്തുണച്ചു. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയുടെ തീവ്ര ഇടതുപക്ഷ വിരുദ്ധ നിലപാടിനൊപ്പം സമുദായത്തെ അണിനിരത്താന്‍ കഴിയാത്ത തരത്തില്‍ ഈ വിഷയം കൈകാര്യം ചെയ്യണമെന്ന് നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ടില്‍ എസ് എന്‍ ഡി പി സി പി എമ്മിനെതിരെ പരസ്യ നിലപാട് സ്വീകരിച്ചില്ലെന്നും വ്യക്തമാക്കുന്നുണ്ട്.

Latest