Connect with us

siraj editorial

കൊവിഡ് മരണവും പുതുക്കിയ മാര്‍ഗരേഖയും

കാലാവധി 30 ദിവസമായി ദീര്‍ഘിപ്പിച്ചു കൊണ്ടുള്ള പുതിയ മനദണ്ഡവും അപര്യാപ്തമാണെന്നും ദിവസങ്ങള്‍ ഇനിയും ദീര്‍ഘിപ്പിക്കണമെന്നും അഭിപ്രായമുണ്ട്. പല രോഗികളിലും കൊവിഡിന്റെ ആഘാതങ്ങള്‍ മാസങ്ങളോളം നിലനില്‍ക്കുന്നുണ്ട്

Published

|

Last Updated

കൊവിഡ് ബാധിച്ചു മരിച്ച രാജ്യത്തെ പതിനായിരങ്ങള്‍ക്ക് ഗുണം ചെയ്യുന്നതാണ് കൊവിഡ് മരണ മാര്‍ഗരേഖ പുതുക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി. പുതിയ മാര്‍ഗരേഖ അനുസരിച്ച് കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികള്‍ അതേ അവസ്ഥ തുടരുകയും മുപ്പത് ദിവസങ്ങള്‍ക്കകം മരിക്കുകയും ചെയ്താല്‍ കൊവിഡ് മരണമായി കണക്കാക്കും. ആശുപത്രിക്ക് പുറത്താണ് മരണമെങ്കിലും ഇതേ ഗണത്തില്‍ പെടുത്തും. നേരത്തേ ഇത് 25 ദിവസമായിരുന്നു. ആര്‍ ടി പി സി ആര്‍, ആന്റിജന്‍ ടെസ്റ്റുകളിലൂടെ കൊവിഡ് സ്ഥിരീകരിച്ചവര്‍ക്കാണ് ഇത് ബാധകമാകുക. കൊവിഡ് ബാധിതരുടെ ആത്മഹത്യ, കൊലപാതകം, അപകട മരണം എന്നിവ കൊവിഡ് മരണമായി കണക്കാക്കില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്. കൊവിഡ് ബാധിച്ച് മരിച്ചാല്‍ നാല് ലക്ഷം രൂപ അടിയന്തര സഹായം ആവശ്യപ്പെടുന്ന ഹരജി പരിഗണിക്കവെ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് വിശദീകരണം തേടിയിരുന്നു. ഇതിനുള്ള മറുപടിയായി നല്‍കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്ര മന്ത്രാലയവും ഐ സി എം ആറും ചേര്‍ന്നു തയ്യാറാക്കിയ പുതിയ മാര്‍ഗരേഖ സമര്‍പ്പിച്ചത്.

കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന രീതിയും ലഘൂകരിച്ചിട്ടുണ്ട് സര്‍ക്കാര്‍. ഇതനുസരിച്ച് ആശുപത്രിയിലോ വീട്ടിലോ മരിക്കുന്ന രോഗികളുടെ മരണ സര്‍ട്ടിഫിക്കറ്റ് (മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് ഡെത്ത്) നല്‍കുമ്പോള്‍ അത് കൊവിഡ് മരണമായി രേഖപ്പെടുത്താന്‍ ജനന മരണ രജിസ്ട്രേഷന്‍ സെക്്ഷന്‍ 10 പ്രകാരം രജിസ്ട്രിംഗ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരണ കാരണം സംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭ്യമല്ലാതിരിക്കുകയോ, സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയ മരണകാരണത്തില്‍ പരേതന്റെ കുടുംബം വിയോജിപ്പ് പ്രകടിപ്പിക്കുകയോ ചെയ്താല്‍ അവരുടെ പരാതി ഒരു സമിതി പരിശോധിച്ച് പ്രശ്‌നം പരിഹരിക്കും. കൊവിഡ് മരണം കൃത്യമായി രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ കാലതാമസമില്ലാതെ നല്‍കണമെന്നും തിരുത്തലുകള്‍ക്കുള്ള മാനദണ്ഡങ്ങളില്‍ ഇളവുവരുത്തണമെന്നും ഇതിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ തയ്യാറാക്കി സമര്‍പ്പിക്കണമെന്നും ജൂണ്‍ 30ന് സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. മാസം രണ്ട് കഴിഞ്ഞിട്ടും അത് നടപ്പാക്കാതെ വന്നപ്പോള്‍ സെപ്തംബര്‍ മൂന്നിന് സുപ്രീം കോടതി കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും ഈ രീതിയിലാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ സര്‍ക്കാര്‍ മാര്‍ഗരേഖ തയ്യാറാക്കിക്കഴിയുമ്പോഴേക്ക് കൊവിഡ് മൂന്നാം തരംഗം കഴിഞ്ഞിരിക്കുമെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് സര്‍ട്ടിഫിക്കറ്റ് നടപടികള്‍ ലളിതമാക്കിയ മാര്‍ഗരേഖ സമര്‍പ്പിച്ചത്.

കേരളത്തില്‍ തിങ്കളാഴ്ച വരെ സര്‍ക്കാര്‍ കണക്കനുസരിച്ച് 22,650 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് മരണം സംബന്ധിച്ച പുതുക്കിയ മാനദണ്ഡം രോഗബാധയുടെ ആദ്യഘട്ടം മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നിലവില്‍ വന്നാല്‍ സംസ്ഥാനത്തെ കൊവിഡ് മരണം ഇരട്ടിയായി ഉയരും. കൊവിഡ് പോസിറ്റീവായിരിക്കെയുള്ള മരണം മാത്രമാണ് രോഗബാധയുടെ ആദ്യഘട്ടത്തില്‍ കൊവിഡ് മരണത്തില്‍ പെടുത്തിയിരുന്നത്. നെഗറ്റീവായ ശേഷം മരിച്ചാല്‍ ഈ ഗണത്തില്‍ പെടുത്തിയിരുന്നില്ല. ഗുരുതര രോഗികളുടെ എണ്ണം കൂടിയ ഘട്ടത്തില്‍ ഐ സി യുവിലുള്ള രോഗികള്‍ക്ക് നേരിയ ശമനമുണ്ടായാല്‍, ഐ സി യുവിന്റെ പരിമിതി കണക്കിലെടുത്ത് അവരെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. വീട്ടിലെത്തിയ ശേഷം ഇവര്‍ കുറഞ്ഞ ദിവസത്തിനകം മരിച്ചാലും സാധാരണ മരണമായാണ് കണക്കാക്കിയത്. ഇതുകാരണം കൊവിഡിന്റെ ആഘാതം മൂലം നടന്ന പല മരണങ്ങളും ഈ പട്ടികക്ക് പുറത്തായി. പുതിയ മാര്‍ഗരേഖ പ്രകാരം ഇതെല്ലാം കൊവിഡ് മരണമായി കണക്കാക്കും.

ഇതോടൊപ്പം കൊവിഡ് മരണ സംബന്ധമായി ലോകാരോഗ്യ സംഘടനയുടെയും ഐ സി എം ആറിന്റെയും മാനദണ്ഡങ്ങള്‍ കേരളത്തില്‍ ലംഘിക്കപ്പെടുന്നതായി വ്യാപകമായ പരാതിയും ഉയര്‍ന്നിരുന്നു. കൊവിഡ് മരണം സംബന്ധിച്ച സര്‍ക്കാര്‍ പുറത്തുവിട്ട കണക്കും മെഡിക്കല്‍ കോളജ് ആശുപത്രികള്‍ വെളിപ്പെടുത്തിയ കണക്കും തമ്മില്‍ കാര്യമായ അന്തരവും കാണപ്പെട്ടു. സര്‍ക്കാര്‍ നിശ്ചയിക്കുന്ന മാനേജ്മെന്റ് സമിതിയാണ് സംസ്ഥാനത്ത് കൊവിഡ് മരണം നിശ്ചയിക്കുന്നത്. ഇത് ശരിയല്ലെന്നും ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ തന്നെയാകണം മരണം കൊവിഡ് മൂലമോ അല്ലാതെയോ എന്ന് തീരുമാനിക്കേണ്ടതെന്നും പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെടുകയുണ്ടായി. സര്‍ക്കാര്‍ കണക്കിലുള്ളതിനേക്കാള്‍ ഉയര്‍ന്നതാണ് കേരളത്തിലെ കൊവിഡ് ബാധിത മരണമെന്ന് ഡോക്ടര്‍മാരുടെ കൂട്ടായ്മയും ചൂണ്ടിക്കാട്ടിയിരുന്നു.

കാലാവധി 30 ദിവസമായി ദീര്‍ഘിപ്പിച്ചു കൊണ്ടുള്ള പുതിയ മനദണ്ഡവും അപര്യാപ്തമാണെന്നും ദിവസങ്ങള്‍ ഇനിയും ദീര്‍ഘിപ്പിക്കണമെന്നും അഭിപ്രായമുണ്ട്. പല രോഗികളിലും കൊവിഡിന്റെ ആഘാതങ്ങള്‍ മാസങ്ങളോളം നിലനില്‍ക്കുന്നുണ്ട്. അതിയായ ക്ഷീണവും തലവേദനയും മിക്ക കൊവിഡ് മുക്തരിലും കണ്ടുവരുന്നു. കൊവിഡ് ബാധിതരില്‍ മറ്റു ഗുരുതര രോഗങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുകയും ബ്ലാക് ഫംഗസ്, അസ്ഥികോശങ്ങള്‍ നശിക്കുന്ന അവാസ്‌കുലര്‍ നെക്രോസിസ്, രക്തക്കുഴലുകളില്‍ തടസ്സം ഉണ്ടാക്കുന്ന പള്‍മനറി എമ്പോളിസം, ഹൃദയാഘാതം തുടങ്ങിയ രോഗങ്ങള്‍ പലരിലും കണ്ടെത്തുകയും ചെയ്തു. കൊവിഡ് അണുബാധ ഉണ്ടായ ബഹുഭൂരിപക്ഷം പേരിലും ലക്ഷണങ്ങള്‍ രണ്ടോ മൂന്നോ ആഴ്ചക്കുള്ളില്‍ അപ്രത്യക്ഷമാകുമെങ്കിലും ചിലര്‍ക്ക് തുടര്‍ച്ചയായി ആഴ്ചകളോ മാസങ്ങളോ ആരോഗ്യ പ്രശ്‌നങ്ങള്‍ നീണ്ടുനില്‍ക്കും. ഇതടിസ്ഥാനത്തിലാണ് കൊവിഡിന്റെ അവശേഷിപ്പായുള്ള മരണങ്ങള്‍ മാസങ്ങള്‍ കഴിഞ്ഞ ശേഷമാണെങ്കിലും കൊവിഡ് മരണത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നത്. കൊവിഡ് ഭേദമായ ശേഷം അനുബന്ധ രോഗങ്ങള്‍ മൂലം മൂന്ന് മാസത്തിനിടെ മരിച്ചാലും കൊവിഡ് മരണമായി നിശ്ചയിക്കണമെന്ന് ഒരു നിര്‍ണായക വിധിയില്‍ സുപ്രീം കോടതിയും ആവശ്യപ്പെട്ടിരുന്നു.

Latest