Connect with us

Editorial

ബസുകൾക്ക് കോടതിയുടെ വേഗപ്പൂട്ട്

ബസുകളുടെ വേഗം നിയന്ത്രിക്കാൻ സർക്കാർ വേഗപ്പൂട്ട് നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും പ്രവർത്തനരഹിതമാണ് നല്ലൊരു പങ്ക് ബസുകളിലും. ബ്രേക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട മോട്ടോർ വാഹന വകുപ്പിന്റെ നടപടികളുടെ ഘട്ടത്തിൽ മാത്രമാണ് പല ബസ് ജീവനക്കാരും വേഗപ്പൂട്ട് പ്രവർത്തന ക്ഷമമാക്കുന്നത്.

Published

|

Last Updated

സമയക്രമം കർശനമാക്കി സ്വകാര്യ ബസുകൾക്ക് വേഗപ്പൂട്ട് നടപ്പാക്കാൻ നിർദേശിച്ചിരിക്കുകയാണ് ഹൈക്കോടതി. ബസുകൾ തമ്മിലുള്ള ഇടവേള നഗരപ്രദേശങ്ങളിൽ അഞ്ച് മിനുട്ടും ഗ്രാമപ്രദേശങ്ങളിൽ പത്ത് മിനുട്ടുമാക്കുക, നിയമലംഘനം ആവർത്തിക്കുന്നവരുടെ പിഴത്തുക വർധിപ്പിക്കുകയും ബസ് പിടിച്ചെടുക്കുകയും ചെയ്യുക തുടങ്ങിയ നിർദേശങ്ങളാണ് ബസുകളുടെ മത്സര ഓട്ടത്തിനെതിരെ സമർപ്പിക്കപ്പെട്ട ഹരജികൾ പരിഗണിച്ച് ജസ്റ്റിസ് അമിത് റാവൽ മുന്നോട്ടു വെച്ചിരിക്കുന്നത്.

സംസ്ഥാനത്ത് റോഡപകടങ്ങളും ഇതുമായി ബന്ധപ്പെട്ട മരണവും ഉയർന്നുകൊണ്ടിരിക്കുകയാണ്. 2023ൽ റോഡപകടങ്ങളുടെ എണ്ണം 48,091 ആയിരുന്നത് 2024ൽ 48,836 ആയി ഉയർന്നു. അപകടങ്ങളിൽ നല്ലൊരു പങ്കും അമിതവേഗത്തിലോടുന്ന ബസുകളാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞയാഴ്ച കൊച്ചി സൗത്ത് കളമശ്ശേരിയിൽ ഫുഡ് ഡെലിവറി ഏജന്റ്കൊടുങ്ങല്ലൂർ സ്വദേശി അബ്ദുസ്സലാമിന്റെയും ജൂലൈ 26ന് കൊച്ചി തേവര എസ് എച്ച് കോളജ് ഒന്നാം വർഷ ബികോം വിദ്യാർഥി ഗോവിന്ദ് എസ് ഷേണായിയുടെയും ജൂലൈ 20ന് കണ്ണൂർ ജില്ലയിലെ എടക്കാട് കണ്ണോത്തും ചാലിൽ സ്‌കൂട്ടർ യാത്രക്കാരനായ വിദ്യാർഥിയുടെയും ജീവനെടുത്തത് അമിതവേഗത്തിൽ ചീറിപ്പാഞ്ഞ സ്വകാര്യ ബസുകളായിരുന്നു. മുന്നിലെ ബസിനെ മറികടക്കാനുള്ള സ്വകാര്യ ബസിന്റെ ശ്രമത്തിനിടെയാണ് അബ്ദുസ്സലാം സഞ്ചരിച്ച ബൈക്കിലിടിച്ചത്. ബസ് തട്ടി റോഡിൽ വീണ ഈ ഹതഭാഗ്യന്റെ ദേഹത്ത് ബസിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങി. പാലക്കാട്- കുളപ്പുള്ളി സംസ്ഥാന പാതയിൽ വെള്ളിയാഴ്ച വൈകിട്ട് അമിത വേഗത്തിലോടിയ സ്വകാര്യ ബസ് ബൈക്ക് യാത്രക്കാരനെ തട്ടിത്തെറിപ്പിക്കുകയും അപകടത്തിൽപ്പെട്ട ആളെയുമായി 30 മീറ്ററോളം ഓടുകയുമുണ്ടായി. നാട്ടുകാർ ബസ് തടഞ്ഞുനിർത്തിയാണ് യാത്രക്കാരനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
സ്റ്റാൻഡുകളിൽ നിന്ന് ബസുകളെടുക്കാൻ നിശ്ചയിച്ച സമയത്തിലെ ഇടവേള നന്നേ കുറവായതും കൂടുതൽ ആളെപ്പിടിച്ച് കലക്്ഷൻ വർധിപ്പിക്കാനുള്ള ജീവനക്കാരുടെ ത്വരയുമാണ് സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന് പ്രേരകം. റോഡപകടങ്ങളും മരണങ്ങളും വർധിച്ചിട്ടും നിയന്ത്രിക്കാൻ ഫലപ്രദമായ നടപടികളുണ്ടാകുന്നില്ല. മോട്ടോർ വാഹന വകുപ്പ് ഇടക്കിടെ പരിശോധന നടത്താറുണ്ടെങ്കിലും നാമമാത്രമാണ്. റോഡുകളിൽ പരിശോധന നടത്തുന്ന പോലീസ്, ബസുകളെ പരിഗണിക്കാറുമില്ല. ജീവൻ പണയപ്പെടുത്തിയാണ് അമിതവേഗത്തിൽ ചീറിപ്പായുന്ന ബസുകളിൽ ആളുകൾ യാത്ര ചെയ്യുന്നത്. കാൽനട യാത്രക്കാരുടെ ജീവനും അപകടപ്പെടുത്തുന്നു മത്സരയോട്ടം. ബസുകൾക്കിടയിലെ കിടമത്സരത്തിനിടെ അപകടകരമായ രീതിയിൽ ഓവർടേക്ക് ചെയ്യലും പിന്നിൽ വരുന്ന ബസിന് സൈഡ് കൊടുക്കാതെ റോഡിന് നടുവിൽനിർത്തി ആളെകയറ്റലും പതിവ് കാഴ്ചയാണ്. ഇപ്പേരിൽ ഇരുബസുകളിലെയും ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടുന്ന സംഭവങ്ങളും കുറവല്ല.

സ്വകാര്യ ബസുകൾ മാത്രമല്ല, കെ എസ് ആർ ടി സി ബസുകളും നടത്തുന്നുണ്ട് സമയക്രമം പാലിക്കാതെയുള്ള മത്സരയോട്ടം. രണ്ടാഴ്ച മുമ്പ് കോഴിക്കോട് ദേശീയ പാതയിൽ ഫറോക്ക് പാലത്തിൽ കെ എസ് ആർ ടി സി ബസ് രണ്ട് കാറുകളിലിടിച്ച് കാർ യാത്രക്കാരൻ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തത് ബസിന്റെ അമിതവേഗം മൂലമായിരുന്നു. ഇതിനിടെ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നഗരമധ്യത്തിൽ കെ എസ് ആർ ടി സി ബസ് ഡിവൈഡറിൽ ഇടിച്ച് നടുറോഡിൽ മറിഞ്ഞതിലും വില്ലൻ അമിതവേഗം തന്നെ. മുന്നിലുണ്ടായിരുന്ന സ്വകാര്യ ബസിനെ മറികടക്കാനുള്ള ശ്രമത്തിലാണ് ബസ് ഡിവൈഡറിൽ ഇടിച്ചത്.
ബസുകളുടെ വേഗം നിയന്ത്രിക്കാൻ സർക്കാർ വേഗപ്പൂട്ട് (സ്പീഡ് ഗവേർണർ) നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും പ്രവർത്തനരഹിതമാണ് നല്ലൊരു പങ്ക് ബസുകളിലും. ബ്രേക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട മോട്ടോർ വാഹന വകുപ്പിന്റെ നടപടികളുടെ ഘട്ടത്തിൽ മാത്രമാണ് പല ബസ് ജീവനക്കാരും വേഗപ്പൂട്ട് പ്രവർത്തന ക്ഷമമാക്കുന്നത്. ബ്രേക്ക് എടുത്ത് വീണ്ടും ഓട്ടം തുടങ്ങുമ്പോൾ അത് വിച്ഛേദിക്കും. ഇതുസംബന്ധിച്ച് ഉയർന്ന പരാതിയുടെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയപ്പോൾ കെ എസ് ആർ ടി സി ഉൾപ്പെടെ നിരവധി ബസുകൾ വേഗപ്പൂട്ട് പ്രവർത്തനരഹിതമാക്കിയതായി കണ്ടെത്തിയിരുന്നു. ഘടനയിൽ മാറ്റം വരുത്താതെ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ചിലർ കള്ളക്കളി നടത്തുന്നത്.
അഞ്ച് വിദ്യാർഥികളുടെയും ഒരു അധ്യാപകന്റെയും മരണത്തിനിടയാക്കിയ 2022 ഒക്ടോബറിലെ വടക്കാഞ്ചേരി ബസപകടത്തെ തുടർന്ന് അധികൃതർ ബസ് പരിശോധിച്ചപ്പോൾ സ്പീഡ് ഗവേർണർ പ്രവർത്തനരഹിതമായി കണ്ടെത്തിയിരുന്നു. കാറിനെ മറികടക്കവേയാണ് അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടത്. 97.2 കിലോമീറ്റർ വേഗതയിലായിരുന്നു അന്നേരം ബസ് ഓടിയിരുന്നത്. അതേസമയം ദേശീയ പാതകളിൽ 70ഉം മറ്റു റോഡുകളിൽ 60ഉം കി. മീറ്ററാണ് ബസുകൾക്ക് സർക്കാർ അനുവദിച്ച പരമാവധി
വേഗപരിധി.

വേഗപ്പൂട്ടുകൾ നിർമിച്ച കമ്പനികളുടെ ഒത്താശയോടു കൂടിയല്ലാതെ അതിന്റെ വേഗനിയന്ത്രണത്തിൽ മാറ്റം വരുത്താനാകില്ലെന്നാണ് വിദഗ്ധ പക്ഷം. 2019ന് ശേഷം രജിസ്റ്റർ ചെയ്ത ബസുകളുടെ വേഗപ്പൂട്ട് ഇലക്ട്രിക് കൺട്രോൾ യൂനിറ്റുമായി (ഇ സി യു) ചേർന്നാണ് പ്രവർത്തിക്കുന്നത്. വാഹനത്തിന്റെ നിർമാണ വേളയിൽ ഘടിപ്പിക്കുന്ന ഈ യന്ത്രത്തിൽ മാറ്റം വരുത്താൻ അതത് കമ്പനികളുടെ സാങ്കേതികവിദഗ്ധരുടെ സഹായം ആവശ്യമാണ്. ബസ് ഉടമകളുടെയും ജീവനക്കാരുടെയും കള്ളക്കളികൾക്ക് കമ്പനികളുടെ കൂടി ഒത്താശയുണ്ടെന്ന വസ്തുതയിലേക്കാണിത് വിരൽ ചൂണ്ടുന്നത്. ഇ സി യു പരിശോധിക്കാനുള്ള സംവിധാനവും അധികാരവും മോട്ടോർ വാഹന വകുപ്പിനില്ലെന്നത് ബസുകളുടെ നിയമലംഘനത്തിന് സഹായകവുമാകുന്നു. സാങ്കേതിക മേഖലയുടെ അതിശീഘ്ര വളർച്ചക്ക് അനുസൃതമായി മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനാ സംവിധാനങ്ങളിലും മാറ്റം ആവശ്യമാണ്.

Latest