Articles
കാലിടറുമ്പോള്‍ ഭരണഘടനാ ഭേദഗതി ബില്ല്
130ാം ഭരണഘടനാ ഭേദഗതി ബില്ലാണല്ലോ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. അത് ലോക്സഭയില്‍ അവതരിപ്പിച്ചിരിക്കുന്നു എന്ന് പറയുന്നതിനേക്കാള്‍ ഭേദം ഒളിച്ചു കടത്തിയിരിക്കുന്നു എന്ന് പറയുന്നതാണ്. നടപടിക്രമങ്ങള്‍ പാലിച്ചല്ല ബില്ല് സഭയിലെത്തിയിരിക്കുന്നത്. ലോക്സഭാംഗങ്ങള്‍ക്ക് പ്രസ്തുത ബില്ലിന്റെ പകര്‍പ്പ് ലഭ്യമാക്കുന്നത് ഒരു മണി കഴിഞ്ഞാണ്. പോരാത്തതിന് ഒരു ഭരണഘടനാ ഭേദഗതി ബില്ല് പാസ്സാക്കാനുള്ള അംഗബലം ബി ജെ പിക്ക് ഇല്ലതാനും. അപ്പോള്‍ പിന്നെ ബില്ലൊരു കണ്‍കെട്ടാണ്.

രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സൂപ്പര്‍ പവറായി എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റെന്ന കേന്ദ്ര ഏജന്‍സി മാറിയിട്ട് കാലമേറെയായി. ആ പതിവിന് ഭരണഘടനാപരമായ അസ്തിത്വം നല്‍കാനുള്ള ഒരു ‘ എളിയ ശ്രമ’മാണ് കേന്ദ്ര സര്‍ക്കാറിന്റെ 130ാം ഭരണഘടനാ ഭേദഗതി നീക്കം. ഇന്ത്യന്‍ ഭരണഘടനയെ അസ്ഥിരപ്പെടുത്താനുള്ള ഏറ്റവും ഒടുവിലെ ശ്രമമായി വേണം കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ കൊണ്ടുവന്ന ബില്ലിനെ മനസ്സിലാക്കാന്‍. അഞ്ച് വര്‍ഷമോ അതിലധികമോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം ചെയ്തെന്ന ആരോപണമുയരുകയും 30 ദിവസം തടവിലാകുകയും ചെയ്യുന്ന മുറക്ക് കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ പുറത്താക്കപ്പെടുമെന്ന് നിഷ്‌കര്‍ഷിക്കുന്ന ഭേദഗതി ഇന്ത്യയുടെ പാര്‍ലിമെന്ററി ജനാധിപത്യത്തിന് തീരേ പരിചിതമല്ലാത്തതാണ്.
രാഷ്ട്രീയത്തില്‍ ധാര്‍മികത ഉണ്ടായില്ലെങ്കില്‍ പിന്നെ
പോയ വര്‍ഷങ്ങളില്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരും കേസുകളില്‍പ്പെട്ട് ജയിലിലായ സാഹചര്യമുണ്ടായപ്പോള്‍ രാഷ്ട്രീയത്തില്‍ വലിയ ധാര്‍മിക ചോര്‍ച്ച സംഭവിച്ചെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിവാദ ഭരണഘടനാ ഭേദഗതി ബില്ലിന് നിദാനമായി ചൂണ്ടിക്കാണിക്കുന്നത്. അവ്വിധം സമീപ കാലത്ത് ജയിലുകണ്ട അരവിന്ദ് കെജ്്രിവാളും ഹേമന്ത് സോറനും ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിമാരിലും മന്ത്രിമാരിലും ബി ജെ പിക്കാരും സഖ്യ കക്ഷികളും പെടാതെ പോയത് ധാര്‍മിക കുട്ടപ്പന്‍മാരായതു കൊണ്ടാണ്. അല്ലാതെ ഇ ഡിയുടെ റഡാറില്‍ അവരില്ലാത്തതുകൊണ്ടല്ല. അതിനാല്‍ രാജ്യത്തെ രാഷ്ട്രീയം ശുദ്ധീകരിക്കപ്പെടണമെന്ന് അതിയായി ആഗ്രഹിക്കുന്നുണ്ട് ലോക്സഭയില്‍ വിവാദ ബില്ല് അവതരിപ്പിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള ബി ജെ പി നേതാക്കള്‍. ഈ ലൈനിലുള്ള വിശദീകരണമാണ് ഒരു ഭരണഘടനാ ഭേദഗതിക്ക് തുനിഞ്ഞിറങ്ങിയ കേന്ദ്ര സര്‍ക്കാറിന്റെ പിണിയാളുകള്‍ നല്‍കുന്നത്. അപ്പോള്‍ പിന്നെ 130ാം ഭരണഘടനാ ഭേദഗതി ശ്രമത്തെ എതിര്‍ക്കുന്ന പ്രതിപക്ഷം അഴിമതിക്ക് കുടപിടിക്കുന്നവരായാണ് ചിത്രീകരിക്കപ്പെടുന്നത്.
ഭരണകൂട ഭാഷ്യത്തിനപ്പുറത്ത്
നമ്മുടെ ഭരണഘടന മുന്നോട്ടു വെക്കുന്ന നിയമ, നീതി സങ്കല്‍പ്പങ്ങളെ അട്ടിമറിക്കുന്നതാണ് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഭരണഘടനാ ഭേദഗതി ബില്ല്. ഇന്ത്യന്‍ ഭരണഘടനയുടെ പ്രധാന സവിശേഷതകളിലൊന്ന് അത് നിയമവാഴ്ചയില്‍ അധിഷ്ഠിതമാണെന്നതാണ്. ഭരണഘടന എല്ലാത്തിനും മുകളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് നിയമത്തെയാണ്. എല്ലാവരും നിയമത്തിന് മുമ്പില്‍ തുല്യരും നിയമത്തിന്റെ തുല്യ സംരക്ഷണം അവകാശപ്പെട്ടവരുമാണ്. ആരോപിക്കപ്പെട്ട കുറ്റം തെളിയുന്നത് വരെ കുറ്റാരോപിതനായ വ്യക്തി നിരപരാധിയാണെന്നത് നമ്മുടെ നിയമവാഴ്ചയുടെ അടിസ്ഥാന ഘടകങ്ങളിലൊന്നാണ്. ആരോപിക്കപ്പെട്ട കുറ്റകൃത്യം സംശയാതീതം തെളിയുന്നത് വരെ ഒരാളും ശിക്ഷിക്കപ്പെടരുതെന്നതാണ് നമ്മുടെ ഭരണഘടനയുടെ മാന്‍ഡേറ്റ്. ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തെന്ന് ചൂണ്ടിക്കാട്ടി മുസ് ലിം ന്യൂനപക്ഷങ്ങളുടെ പാര്‍പ്പിടങ്ങളും കച്ചവട സ്ഥാപനങ്ങളും ഭരണകൂടം പൊളിച്ചു നീക്കിയപ്പോഴെല്ലാം രാജ്യത്ത് വലിയ പ്രതിഷേധം ഉയര്‍ന്നതിനും ബുള്‍ഡോസര്‍ രാജിനെതിരെ സുപ്രീം കോടതി പലവുരു കടുത്ത വിമര്‍ശങ്ങളുന്നയിച്ചതിനും കാരണം നിയമവാഴ്ചയെന്ന നമ്മുടെ ഭരണഘടനാ സങ്കല്‍പ്പത്തിനെതിരാണ് പ്രസ്തുത നടപടികളെന്നതിനാലാണ്. ഇവിടെ കുറ്റാരോപണം ഉയരുമ്പോള്‍ തന്നെ ഒരു മന്ത്രിക്ക് പദവി നഷ്ടപ്പെടുകയെന്ന ശിക്ഷ നടപ്പാക്കുന്നത് നമ്മുടെ നീതിന്യായ സങ്കല്‍പ്പങ്ങള്‍ക്കെതിരാണ്.
പോലീസ് സ്റ്റേറ്റിന്റെ വഴികള്‍
വിവാദ ഭരണഘടനാ ഭേദഗതി ബില്ലിന്റെ വക്താക്കള്‍ ലക്ഷ്യമാക്കുന്നതെന്തായാലും രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് മുകളില്‍ ഒരു അന്വേഷണ ഏജന്‍സിയുടെ ഉദ്യോഗസ്ഥനെ പിടിച്ചിരുത്തുന്നതാണ് പുതിയ ബില്ല്. അതായത് അന്വേഷണ ഉദ്യോഗസ്ഥന്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനൊടുവില്‍ മുപ്പത് ദിവസം കസ്റ്റഡിയില്‍ കിടന്നാല്‍ പ്രധാനമന്ത്രിക്ക് ഉള്‍പ്പെടെ പദവിയൊഴിയേണ്ടി വരുന്നത് പോലീസ് സ്റ്റേറ്റാകുമ്പോഴാണ്. അവിടെ ജനഹിതത്തിന് മുകളില്‍ പോലീസിംഗ് അധികാരമുറപ്പിക്കുന്ന സ്ഥിതിവിശേഷമാണുണ്ടാകുക. ബ്രിട്ടീഷ് രാജിന്റെ അടിച്ചമര്‍ത്തല്‍ നയത്തെ അതിജീവിച്ചാണ് നമ്മള്‍ ക്ഷേമരാഷ്ട്രത്തിലൂന്നിയ ആധുനിക ഇന്ത്യയുടെ ഭരണഘടന രൂപപ്പെടുത്തിയത്. അനന്തരം മുക്കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോഴും പോലീസ് സ്റ്റേറ്റില്‍ അഭിരമിക്കുന്ന ഭരണകൂടങ്ങള്‍ ഭീരുക്കളുടേതാണെന്ന് വേണം കരുതാന്‍. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ പോരാട്ട വീര്യം കെടുത്താന്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന രാജ്യദ്രോഹക്കുറ്റം സുപ്രീം കോടതി മരവിപ്പിച്ചിട്ടും ഭാരതീയ ന്യായ സംഹിതയുടെ 152ാം വകുപ്പിലൂടെ അതിനെ പുനരാവിഷ്‌കരിച്ച ഭരണകൂടത്തിന് പ്രിയം പോലീസ് സ്റ്റേറ്റ് തന്നെയായിരിക്കുമെന്നത് പറയേണ്ടതില്ലല്ലോ.
തങ്ങളുടെ സര്‍ക്കാറിനെ തിരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശത്തെ പരിഹാസ്യമാക്കിത്തീര്‍ക്കുന്നതാണ് കേന്ദ്ര സര്‍ക്കാറിന്റെ 130ാം ഭരണഘടനാ ഭേദഗതി നീക്കം. ഭരണഘടനയുടെ മൗലിക ഘടനയുടെ ഭാഗമാണ് അധികാര വിഭജനം. പ്രസ്തുത ആശയത്തെ ദുര്‍ബലപ്പെടുത്തുന്നുമുണ്ട് പുതിയ ബില്ല്. നമ്മുടെ നിയമ വ്യവസ്ഥിതി പ്രകാരം കുറ്റക്കാരനാകുന്നത് കുറ്റം സംശയാതീതം തെളിയുമ്പോള്‍ മാത്രമാണ്. എന്നാല്‍ ആരോപണങ്ങളുടെയോ കേവല സംശയങ്ങളുടെയോ അടിസ്ഥാനത്തില്‍ മന്ത്രി പദവി ഒഴിയേണ്ടി വരുന്നത് അനീതിയും രാഷ്ട്രീയമായി ഏറെ ദുരുപയോഗം ചെയ്യപ്പെട്ടേക്കാവുന്ന ആയുധവുമായി മാറുമെന്നത് നമ്മുടെ ഭരണഘടനയെയും ജനാധിപത്യത്തെയും ദുര്‍ബലപ്പെടുത്തും.
മുഖ്യമന്ത്രി – മന്ത്രിമാര്‍ എക്സിക്യൂട്ടീവിന്റെ തന്നെ ഏജന്‍സികളുടെ ദയാദാക്ഷിണ്യത്തിന് കീഴൊതുങ്ങി കഴിയേണ്ടി വരുന്നത് പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാന സ്വഭാവത്തിനെതിരാണ്. കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന മന്ത്രിമാരെപ്പോലെയുള്ള ഉന്നതര്‍ക്ക് അധികാര നഷ്ടമുണ്ടാകരുതെന്നല്ല പറയുന്നത്. പ്രത്യുത രാജ്യത്ത് ഭരണഘടനാപരമായ നടപടിക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ അതാണ് പാലിക്കപ്പെടേണ്ടത്.
നിയമപരമായതും ന്യായവുമായ നടപടിക്രമങ്ങളിലൂടെ അല്ലാതെ ഒരു വ്യക്തിയുടെയും ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം നിഷേധിക്കരുതെന്ന് ഉദ്ഘോഷിക്കുന്നുണ്ട് ഭരണഘടനയുടെ 21ാം അനുഛേദം. പ്രധാന മൗലികാവകാശമാണത്. പുതിയ ഭരണഘടനാ ഭേദഗതി ബില്ല് മന്ത്രിമാരെ പുറത്താക്കാന്‍ കാണുന്ന വഴി നീതിയുടെതോ ന്യായത്തിന്റെതോ അല്ല.
രാഷ്ട്രീയം മുഴച്ചുനില്‍ക്കുന്നു
130ാം ഭരണഘടനാ ഭേദഗതി ബില്ലാണല്ലോ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. അത് ലോക്സഭയില്‍ അവതരിപ്പിച്ചിരിക്കുന്നു എന്ന് പറയുന്നതിനേക്കാള്‍ ഭേദം ഒളിച്ചു കടത്തിയിരിക്കുന്നു എന്ന് പറയുന്നതാണ്. നടപടിക്രമങ്ങള്‍ പാലിച്ചല്ല ബില്ല് സഭയിലെത്തിയിരിക്കുന്നത്. ആഭ്യന്തര മന്ത്രി ബില്ല് അവതരിപ്പിച്ചത് ബുധനാഴ്ച ഉച്ചക്ക് ശേഷമാണ്. ലോക്സഭാംഗങ്ങള്‍ക്ക് പ്രസ്തുത ബില്ലിന്റെ പകര്‍പ്പ് ലഭ്യമാക്കുന്നത് ഒരു മണി കഴിഞ്ഞാണ്. ധൃതി പിടിച്ച നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. പോരാത്തതിന് ഒരു ഭരണഘടനാ ഭേദഗതി ബില്ല് പാസ്സാക്കാനുള്ള അംഗബലം ബി ജെ പിക്കും സഖ്യകക്ഷികള്‍ക്കും സഭയില്‍ ഇല്ലതാനും. അപ്പോള്‍ പിന്നെ ബില്ലൊരു കണ്‍കെട്ടാണ്. വോട്ട് കൊള്ളയില്‍ നിന്ന് വഴിതിരിച്ചുവിടാനുള്ള, ബിഹാറില്‍ കണ്ടുകൊണ്ടിരിക്കുന്ന ഇടര്‍ച്ച മറികടക്കാനുള്ള ഒന്നാന്തരം ജാലവിദ്യ. പക്ഷേ രാജ്യത്ത് മാറ്റം ദൃശ്യമാകുന്നുണ്ട്. അതിനാല്‍ ഇരുട്ട് ഓട്ടയടക്കില്ല.