Connect with us

എക്‌സാലോജികിനെതിരായ ആരോപണത്തിനു പിന്നില്‍ ഗൂഢാലോചനയും തിരക്കഥയും: സി പി എം

തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടു മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴക്കാനാണ് ശ്രമമെന്ന് എം വി ഗോവിന്ദന്‍

Published

|

Last Updated

തിരുവനന്തപുരം | എക്‌സാലോജികിനെതിരായ ആരോപണത്തിനു പിന്നില്‍ ഗൂഢാലോചനയും തിരക്കഥയുമുണ്ടെന്നും മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴക്കാനാണ് ശ്രമമെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

ലോകസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ആരോപണമുയര്‍ത്തിയത്. ഹൈക്കോടതിയില്‍ അന്വേഷണം സംബന്ധിച്ച കേസ് നടക്കുകയാണ്. ഇതിനിടയിലാണ് ഷോണ്‍ ജോര്‍ജിന്റെ പരാതി. ഇത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. ഇവര്‍ ബി ജെ പിയില്‍ ചേര്‍ന്ന ദിവസമാണ് എസ് എഫ് ഐ ഒയുടെ അന്വേഷണം പ്രഖാപിക്കുന്നത്. വാര്‍ത്ത സൃഷ്ടിക്കാനുള്ള രാഷ്ട്രീയമായ ശ്രമമാണിത്. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഇത് കൂടും. ഇനിയും കഥകളുണ്ടാകും. കെ എസ് ഐ ഡി സിക്ക് ഓഹരിയുള്ള സ്ഥാപനങ്ങളിലെ പ്രവര്‍ത്തനം സര്‍ക്കാരിന് അറിയേണ്ടതില്ല. തെരഞ്ഞെടുപ്പ് അജണ്ടയായാണ് യു ഡി എഫും ബി ജെ പിയും ഇതു കൈകാര്യം ചെയ്യുന്നത്. ഇതിനെ നേരിട്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

വിദേശ സര്‍വകലാശാല പരിശോധിക്കാമെന്നാണു ബജറ്റില്‍ പറഞ്ഞത്. സ്വകാര്യ നിക്ഷേപം നേരത്തെ ഉള്ളതാണ്. സ്വകാര്യ മേഖലയെ വിദ്യാഭ്യാസ മേഖലയില്‍ ഫലപ്രദമായി ഉപയോഗിക്കണം. രാജീവ് ഗാന്ധിയാണ് ന്യൂ എജ്യുക്കേഷന്‍ പോളിസി കൊണ്ടുവന്നത്. ഇതു തന്നെയാണ് ഇപ്പോഴത്തെ നാഷണല്‍ എജ്യുക്കേഷന്‍ പോളിസി.
വിദേശ സര്‍വകലാശാല വിഷയത്തില്‍ തുറന്ന ചര്‍ച്ച നടക്കണം. പൊതു വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കണം. തുല്യത ഉണ്ടാക്കണം. സുതാര്യത വേണം. ഈ ഘടകങ്ങള്‍ വച്ചു കൊണ്ട് പരിശോധിക്കാമെന്നാണ് ബജറ്റില്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest