National
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് എംപിയുടെ മാല മോഷ്ടിച്ച സംഭവം; പ്രതി പിടിയില്‍
കുറ്റകൃത്യത്തിന് ഉപയോഗിച്ച സ്‌കൂട്ടറും മോഷ്ടിച്ച മാലയും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ കോണ്‍ഗ്രസ് എംപിയുടെ മാല മോഷ്ടിച്ച പ്രതി അറസ്റ്റില്‍. ഡല്‍ഹി പോലീസ് ആണ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടില്‍ നിന്നുള്ള ലോക്‌സഭാംഗം ആര്‍ സുധ എംപിയുടെ നാലു പവന്‍ മാലയാണ് കഴിഞ്ഞ ദിവസം ചാണക്യപുരിയില്‍ വെച്ച് മോഷണം പോയത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച സ്‌കൂട്ടറും മോഷ്ടിച്ച മാലയും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. മോഷണ ശ്രമത്തിനിടെ ആര്‍ സുധ എംപിയുടെ കഴുത്തിന് പരുക്കേല്‍ക്കുകയും വസ്ത്രങ്ങള്‍ കീറുകയും ചെയ്തിരുന്നു.
പ്രതി ഓഖ്ല നിവാസിയാണ്. സൗത്ത് ഡല്‍ഹിയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മോഷണത്തിന് ശേഷം പ്രതി സഞ്ചരിക്കുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. ഡിഎംകെയുടെ രാജാത്തിയുമൊത്ത് ചാണക്യപുരിയിലെ പോളിഷ് എംബസിക്ക് സമീപം അതീവ സുരക്ഷ മേഖലയില്‍ പ്രഭാത നടത്തത്തിനിറങ്ങിയപ്പോഴാണ് ആര്‍ സുധ എംപിയുടെ മാല കവര്‍ന്നത്. സ്‌കൂട്ടറില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയ ഒരാള്‍ തന്റെ കഴുത്തിലെ സ്വര്‍ണമാല കവരുകയായിരുന്നുവെന്ന് ആര്‍ സുധ എംപി പറഞ്ഞിരുന്നു.