National
കുട്ടികളുടെ ജീവന്‍ ബലികൊടുക്കാനാകില്ല; ഡല്‍ഹിയിലെ തെരുവു നായകളെ ഉടന്‍ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി
തെരുവ് നായ്ക്കളെ നീക്കം ചെയ്യുന്നതില്‍ എന്തെങ്കിലും തടസ്സം ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മുന്നറിയിപ്പ്

ന്യൂഡല്‍ഹി | തെരുവ് നായ പ്രശ്‌നത്തില്‍ സുപ്രധാന ഇടപെടലുമായി സുപ്രീം കോടതി. ഡല്‍ഹിയിലെ എല്ലാ തെരുവ് നായകളെയും ഉടന്‍ നീക്കം ചെയ്യണം എന്നും, ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരങ്ങടിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. തെരുവ് നായ ആക്രമണത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് കോടതി നടപടി . കേസ് പരിഗണിക്കവെ മൃഗസ്‌നേഹികള്‍ക്കെതിരെ കടുത്ത വിമര്‍ശവും കോടതി നടത്തി.
ദേശീയ തലസ്ഥാനത്തെ തെരുവനായ ശല്യം അതിരൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ചില മൃഗസ്നേഹികളുടെ വികാരത്തിന് അനുസരിച്ച് കുട്ടികളുടെ ജീവന്‍ ബലികൊടുക്കാന്‍ ആകില്ലെന്നും ചൂണ്ടിക്കാട്ടി. നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലുള്ള തെരുവ് നായ്ക്കളെ പിടികൂടി മറ്റൊരിടത്തേക്ക് മാറ്റണം.ഇതിന് പ്രഥമ പരിഗണന നല്‍കണം. തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുകയും പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയും നായ സംരക്ഷണ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കണം. നഗരത്തിലോ, പ്രാന്തപ്രദേശങ്ങളിലോ ഒരു തെരുവ് നായപോലും അലഞ്ഞുതിരിയുന്നത് കാണരുത് എന്നും കോടതി വ്യക്തമാക്കി
തെരുവ് നായ്ക്കളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി നേരത്തെ ഡല്‍ഹിയില്‍ സ്ഥലം കണ്ടെത്തിയിരുന്നു. സംരക്ഷണ കേന്ദ്രം സ്ഥാപിക്കാനുള്ള നീക്കം ചില മൃഗ ഇടപെട്ട് തടഞ്ഞു. ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയായിരുന്നെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത്ത കോടതിയെ അറിയിച്ചു. നായ്കളെ വന്ധ്യം കരിക്കുന്നത് ജനന നിയന്ത്രണത്തിന് മാത്രമാണ് സഹായിക്കുക. ഇത് പേ വിഷബാധയെ തടയുന്നില്ലെന്നും സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം പരിഗണിച്ച കോടതി തെരുവ് നായ്ക്കളെ നീക്കം ചെയ്യുന്നതില്‍ എന്തെങ്കിലും തടസ്സം ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കി.