Connect with us

ഗള്‍ഫ് കാഴ്ച

കുഞ്ഞുങ്ങളുടെ സുരക്ഷ, സമൂഹത്തിന്റെ കരുതൽ

ഗൾഫിൽ എല്ലായിടത്തും കടുത്ത ചൂടാണ്. എ സി ഇല്ലാത്ത വാഹനത്തിൽ, മുതിർന്നവർക്ക് പോലും ഒരു നിമിഷം പോലും ഇരിക്കാൻ കഴിയില്ല. മിൻസ മണിക്കൂറുകൾ ബസിൽ കുടുങ്ങിപ്പോയി. ഏതാണ്ട് 40 ഡിഗ്രി സെൽഷ്യസിന് മീതെയാണ് എല്ലായിടത്തും അന്തരീക്ഷ താപനില. തുറസായ സ്ഥലമാണെങ്കിൽ വാഹനം പഴുക്കും. അകത്ത് എ സി ഇല്ലെങ്കിൽ ആളുകൾ പുകഞ്ഞു പോകും. ഒരു കൊച്ചുകുഞ്ഞ് എന്ത് ചെയ്യാൻ. സമീപകാലത്തെ ഏറ്റവും ദുഖകരമായ സംഭവമായി.

Published

|

Last Updated

ഏതാനും ദിവസം മുമ്പാണ് ദോഹയിൽ, ചിങ്ങവനം സ്വദേശികളായ കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോ-സൗമ്യ ദമ്പതികളുടെ നാല് വയസുള്ള മകൾ മിൻസ ബസിൽ കടുത്ത ചൂടിൽ ശ്വാസംകിട്ടാതെ മരിച്ചത്. രാവിലെ വിദ്യാലയത്തിലേക്ക് തിരിച്ചതായിരുന്നു. വിദ്യാലയ പരിസരത്തെത്തിയപ്പോൾ കുട്ടികളെല്ലാവരും ഇറങ്ങിയെന്ന് കരുതി ഡ്രൈവർ വാഹനത്തിന്റെ വാതിൽ അടച്ചു ഇറങ്ങിപ്പോയി. മിൻസ ബസിൽ ഉറങ്ങിക്കിടക്കുകയായിരുന്നു.

ഗൾഫിൽ എല്ലായിടത്തും കടുത്ത ചൂടാണ്. എ സി ഇല്ലാത്ത വാഹനത്തിൽ, മുതിർന്നവർക്ക് പോലും ഒരു നിമിഷം പോലും ഇരിക്കാൻ കഴിയില്ല. മിൻസ മണിക്കൂറുകൾ ബസിൽ കുടുങ്ങിപ്പോയി. ഏതാണ്ട് 40 ഡിഗ്രി സെൽഷ്യസിന് മീതെയാണ് എല്ലായിടത്തും അന്തരീക്ഷ താപനില. തുറസായ സ്ഥലമാണെങ്കിൽ വാഹനം പഴുക്കും. അകത്ത് എ സി ഇല്ലെങ്കിൽ ആളുകൾ പുകഞ്ഞു പോകും. ഒരു കൊച്ചുകുഞ്ഞ് എന്ത് ചെയ്യാൻ. സമീപകാലത്തെ ഏറ്റവും ദുഖകരമായ സംഭവമായി.

ആ കുടുംബത്തിന് മാത്രമല്ല, സമൂഹത്തിനാകെ സങ്കടം അടക്കാനാകുന്നില്ല. ലോകത്തിന്റെ ചില ഭാഗങ്ങളിൽ ഇത്തരത്തിൽ ദുരന്തമുണ്ടാകാറുണ്ട്. വലിയ ബോധവത്കരണമാണ് പലയിടത്തായി നടക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് വേനൽ കാലത്ത് ആഗോള താപനില വർധിക്കുകയാണ്. അതീവ ജാഗ്രത വേണ്ടതുണ്ട്. കുഞ്ഞുങ്ങളെ വാഹനത്തിൽ തനിച്ചാക്കി ഇറങ്ങിപ്പോകരുത്. ചില രക്ഷിതാക്കൾ കുഞ്ഞുങ്ങളെ വാഹനത്തിലിരുത്തി വ്യാപാര കേന്ദ്രത്തിലോ ഉദ്യാനത്തിലോ മറ്റോ പോകുന്നത് കാണാം. സ്വതന്ത്രമായി വിഹരിക്കാൻ കുഞ്ഞുങ്ങൾ തടസമാണെന്ന മാനസികാവസ്ഥയിൽ നിന്നാണ് ഇങ്ങനെയുള്ള ഉപേക്ഷ.

ദോഹയിൽ ഡ്രൈവർക്ക് സംഭവിച്ചത് പരിഹരിക്കാൻ കഴിയാത്ത വീഴ്ച. ബസിൽ നിന്ന് ഇറങ്ങിപ്പോകുന്നതിന് മുമ്പ് ബസിനകം ആരുമില്ലെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യതയുണ്ടായിരുന്നു. ഗൾഫിൽ വിദ്യാലയ ബസിൽ കുഞ്ഞുങ്ങൾ അപകടത്തിൽപെടുന്നതിനെതിരെ വ്യാപക ബോധവത്കരണം അധികൃതർ നടത്താറുണ്ട്. യു എ ഇയിൽ ഓരോ എമിറേറ്റിലും വിദ്യാലയാരംഭത്തിന് മുമ്പ് രണ്ട് മാസത്തോളം ഡ്രൈവർമാർക്കും ജീവനക്കാർക്കും ശിൽപശാലകൾ ഒരുക്കാറുണ്ട്. അത്രമാത്രം ശ്രദ്ധ ഇക്കാര്യത്തിലുണ്ട്. എന്നിട്ടും അപകടങ്ങൾ സംഭവിക്കുന്നു. പൂർണമായി ഇല്ലാതാക്കാൻ പറ്റില്ല. മനുഷ്യസഹജമായ തെറ്റ് വന്നേക്കാം. എന്നാലും, ഓരോരുത്തരും ഉത്തരവാദിത്തബോധം പേറേണ്ടതുണ്ട്.

ചില രക്ഷിതാക്കൾ കുഞ്ഞുങ്ങളെ വീട്ടിൽ തനിച്ചാക്കി പുറത്തുപോകുന്നതാണ്. എത്ര അടച്ചുറപ്പുള്ള വീടായാലും അപകടം സംഭവിച്ചേക്കാം. വൈദ്യുത ഉപകരണത്തിൽ നിന്നാകാം. ബാൽക്കണിയിൽ നിന്നാകാം. കഴിഞ്ഞ ദിവസം ഷാർജയിൽ ഒരു കുട്ടി കെട്ടിടത്തിന്റെ 13-ാം നിലയിൽ ജനലിന് പുറത്തു ഒറ്റപ്പെട്ടു പോയത് ദുരന്തത്തിൽ കലാശിക്കുമായിരുന്നു. രണ്ട് പ്രവാസികളുടെ സമയോചിതവും ധീരവുമായ ഇടപെടൽ കാരണം ദുരന്തം ഒഴിവായി. കുട്ടിയെ രക്ഷപ്പെടുത്തിയവരെ പോലീസ് ആദരിച്ചു.

കെട്ടിടത്തിലെ ഫ്ലാറ്റിൽ താമസിക്കുന്ന കുടുംബത്തിലെ കുട്ടി കണ്ണാടി ജനൽപാളി തുറന്നു പുറത്തിറങ്ങിയതാണ്. നിന്ന് തിരിയാൻ സ്ഥലമില്ലാത്ത നിർമിതിയാണ്. കുട്ടി പരിഭ്രാന്തനായി. ജനലിന്റെ അറ്റത്തു അള്ളിപ്പിടിച്ചാണ് കുട്ടി നിന്നിരുന്നത്. പ്രവാസികളായ ചെറുപ്പക്കാർ ഫ്ളാറ്റിനകത്ത് കയറി, ജനൽപാളി പൊക്കി കുട്ടിയെ വലിച്ചെടുക്കുകയായിരുന്നു. ഗൾഫിൽ അംബരചുംബികളായ കെട്ടിടങ്ങളിൽ ബാൽക്കണി അത്ര സുരക്ഷിതമായ ഇടമല്ല. കുട്ടികൾ അതിരുകളിൽ പിടിച്ചുകയറാൻ ശ്രമിക്കും. താഴേക്കു പതിച്ചാൽ ശരീരം ചിതറിപ്പോകും.

ഫെബ്രുവരിയിൽ ഷാർജയിലെ കിംഗ് ഫൈസൽ സ്ട്രീറ്റിൽ താമസ കെട്ടിടത്തിന്റെ 32-ാം നിലയിൽ നിന്ന് പത്ത് വയസ്സുള്ള ഏഷ്യൻ കുട്ടി വീണു. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് മരിച്ചു. അപ്പാർട്മെന്റുകളിൽ ജനാലക്ക് സമീപം വീട്ടു സാമഗ്രികൾ ഇടരുതെന്ന് പലപ്പോഴും അധികൃതർ ഓർമിപ്പിക്കാറുണ്ട്. കുട്ടികൾ ഇതിൽ കയറി പുറം കാഴ്ചകൾ കാണാൻ ശ്രമിക്കും. ഇതും അപകടത്തിലേക്ക് നയിക്കുന്ന ഘടകമാണ്. വീട്ടിലായാലും കുഞ്ഞുങ്ങളുടെ മേൽ എപ്പോഴും കണ്ണ് വേണം. ഇതിനർഥം അവർക്കു സ്വകാര്യത നൽകരുതെന്നല്ല. അവരെ സംരക്ഷിക്കാനുള്ള ജാഗ്രത. കുഞ്ഞുങ്ങൾക്ക് പല കാര്യങ്ങളും തുറന്നുപറയാൻ അറിയില്ല. അവരുടെ ശരീരഭാഷയിൽ നിന്് പക്ഷെ മുതിർന്നവർക്ക് ഊഹിച്ചെടുക്കാം.

വിദ്യാലയത്തിൽ, പൊതു സ്ഥലങ്ങളിൽ അവഹേളനത്തിനോ പീഡനത്തിനോ വിധേയരാകുന്ന കുഞ്ഞുങ്ങൾ വീട്ടിലെത്തിയാൽ അസാധാരണ സ്വഭാവം പ്രകടിപ്പിക്കും. കാരണം അന്വേഷിക്കേണ്ട ബാധ്യത രക്ഷിതാക്കൾക്കുണ്ട്. ഏതെങ്കിലും കുട്ടി ക്ലാസിൽ ഹാജരായിട്ടില്ലെങ്കിൽ എന്തുകൊണ്ടെന്ന് വിദ്യാലയധികൃതർ മനസിലാക്കണം. പണ്ട്, ഹാജർ പുസ്തകവുമായി അധ്യാപകർ ക്ലാസിൽ വന്നിരുന്നത് ഇതിനായിരുന്നു. ആധുനിക കാലത്ത് ഹാജർ രേഖപ്പെടുത്തൽ എളുപ്പം. യന്ത്രങ്ങളുടെ സഹായമുണ്ട്. ഗതാഗത സംവിധാനങ്ങൾ നിരീക്ഷണ വിധേയമാണ്. എന്നിട്ടും അപകടങ്ങൾ, പീഡനങ്ങൾ തുടർക്കഥകൾ.

കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് വൻ ശിക്ഷ ലഭിക്കുന്ന കുറ്റമായിട്ടാണ് എല്ലാ രാജ്യങ്ങളും കാണുന്നത്. കുട്ടികളെ അവഗണിക്കുന്നത് പോലും ശിക്ഷാർഹമാണ്. വിദ്യാർഥികൾ സ്‌കൂളിന്റെ സംരക്ഷണത്തിലായിരിക്കുമ്പോഴും സ്‌കൂളിലേക്കും തിരിച്ചും യാത്ര ചെയ്യുമ്പോഴും കലാകായിക മത്സരങ്ങൾ സംഘടിപ്പിക്കുമ്പോഴും ഓരോ കുട്ടികളും അങ്ങേയറ്റം ശ്രദ്ധ ആവശ്യപ്പെടുന്നു. വീട്ടിലായിരിക്കുമ്പോൾ രക്ഷിതാക്കളുടെ, പൊതുസഥലത്തായിരിക്കുമ്പോൾ സമൂഹത്തിന്റെ കരുതൽ വേണം. മറ്റൊന്ന്, കൗമാര ചാപല്യങ്ങളാണ്. കമ്പോളത്തിന്റെ പ്രതിഫലനമാണ് മിക്കപ്പോഴും അവരുടെ സ്വഭാവത്തെ രൂപപ്പെടുത്തുന്നത്. മനോരഞ്ജകമായതിൽ കൗമാരക്കാർ ആകർഷിക്കപ്പെടും. ഉത്പന്നങ്ങൾ വിറ്റഴിയാൻ കമ്പോളം പല അടവുകളും പയറ്റും. അതിൽ മൂല്യനിരാസത്തിനുള്ള പ്രേരണ അന്തർലീനമായിരിക്കും. ഇക്കാര്യത്തിലും ഭരണകർത്താക്കളുടെയും നയവിദഗ്ധരുടെയും ചിന്ത വ്യാപരിക്കേണ്ടതുണ്ട്.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്