Connect with us

Kasargod

ചെമ്പരിക്ക ഖാസിയുടെ ദുരൂഹ മരണം; ഹക്കീം ഫൈസിയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം

ചുമതല കണ്ണൂര്‍ റേഞ്ച് ഡി ഐ ജിക്ക്

Published

|

Last Updated

കാസര്‍കോട് | ഇ കെ വിഭാഗം സമസ്ത ഉപാധ്യക്ഷനും ചെമ്പരിക്ക ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സി ഐ സി ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസി ആദൃശേരി നടത്തിയ വെളിപ്പെടുത്തലിൽ അന്വേഷണം പ്രഖ്യാപിച്ചു. കണ്ണൂര്‍ റേഞ്ച് ഡി ഐ ജിക്കാണ് അന്വേഷണ ചുമതല. അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പല തെളിവുകളും കയ്യിലുണ്ടെന്ന് ഹക്കീം ഫൈസി ആദൃശേരി ഒരു പൊതുവേദിയില്‍ പ്രസംഗിച്ചതാണ് വിവാദത്തിനിടയാക്കിയത്. ഈ കൊലയാളി സംഘം പണ്ഡിത സംഘടനയെ പോലും വിലക്കെടുത്തിരിക്കുന്ന അവസ്ഥയാണെന്നത് ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങളും അദ്ദേഹം ഉയർത്തിയിരുന്നു. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ആക്ഷന്‍ കമ്മിറ്റി ഉപാധ്യക്ഷന്‍ ഉബൈദുല്ല കടവത്ത്, ചെമ്പിരിക്ക ജുമാമസ്ജിദ് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം സര്‍ദാര്‍ മുസ്തഫ എന്നിവരുടെ നേതൃത്വത്തില്‍ അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളുടെ തെളിവുകളും ഡിജിറ്റല്‍ തെളിവുകളും രേഖകളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാക്കാന്‍ തയ്യാറാണെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡി ജി പി കണ്ണൂര്‍ റേഞ്ച് ഡി ഐ ജിക്ക് അന്വേഷണച്ചുമതല നല്‍കിയിരിക്കുന്നത്.

15 വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തിലായിരുന്നു അബ്ദുല്ല മൗലവിയുടെ മരണം. മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി സി ബി ഐ അന്വേഷണം നടത്തിയിട്ടും കുറ്റക്കാര്‍ക്കെതിരെ തെളിവൊന്നും ലഭിക്കാത്തത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

2010 ഫെബ്രുവരി 15ന് പുലര്‍ച്ചെ 6.50നാണ് അബ്ദുല്ല മൗലവിയുടെ മയ്യിത്ത് വീട്ടില്‍ നിന്ന് 900 മീറ്റര്‍ അകലെ ചെമ്പരിക്ക കടപ്പുറത്ത് കണ്ടെത്തിയച്ച. കടപ്പുറത്ത് നിന്ന് 40 മീറ്റര്‍ അകലെ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മയ്യിത്ത് കണ്ടത്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ മരണം കൊലപാതകമാണെന്ന് ബന്ധുക്കളും നാട്ടുകാരും പറയുമ്പോഴും ഈ ദിശയിലേക്കുള്ള അന്വേഷണം ഇനിയും നടന്നിട്ടില്ലെന്നാണ് പരാതി.

Latest